കൊച്ചി ബ്രഹ്മപുരം തീപിടിത്തം മനുഷ്യനിര്‍മിതമോ? ഹൈക്കോടതിയുടെ ചോദ്യം; കളക്ടർ ഇന്ന് ഹാജരാകണം

Last Updated:

ജസ്റ്റിസുമാരായ എസ് വി ഭട്ടി, ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട വിഷയം പരിഗണിച്ചത്

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ ശേഖരണ പ്ലാന്റ് തീപിടിത്തത്തില്‍ അധികൃതർക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ജില്ലാ കളക്ടര്‍ രേണു രാജിനോട് ബുധനാഴ്ച കോടതിയില്‍ എത്താന്‍ കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതിയുടെ ഡിവിഷന്‍ ബെഞ്ച്. തിങ്കളാഴ്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സമര്‍പ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിഷയത്തില്‍ സ്വമേധയാ കേസെടുത്തത്.
സര്‍ക്കാരും കൊച്ചി കോർപറേഷനും മലിനീകരണ നിയന്ത്രണ ബോര്‍ഡും വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ജില്ലാ കളക്ടറും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും കോർപറേഷന്‍ സെക്രട്ടറിയും നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. അതിനിടെ തീപിടിത്തം അന്വേഷിക്കാന്‍ ഉന്നതതല സമിതിക്ക് രൂപം നല്‍കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ജസ്റ്റിസുമാരായ എസ് വി ഭട്ടി, ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട വിഷയം പരിഗണിച്ചത്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് കത്ത് നല്‍കിയിരുന്നു. ബ്രഹ്മപുരം തീപിടിത്തത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് ദേവന്‍ രാമചന്ദ്രന്‍ കത്ത് നല്‍കിയത്.
advertisement
ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥയിലായി എന്നതായിരുന്നു വിമര്‍ശനത്തിലെ പ്രസക്തഭാഗം. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടണമെന്നും ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരാജയപ്പെട്ടതായും ഹൈക്കോടതി കുറ്റപ്പെടുത്തി.
ഇന്നലെ ഉച്ചയ്ക്ക് വിഷയം വീണ്ടും പരിഗണിച്ചപ്പോഴും കോടതിയുടെ വിമര്‍ശനം തുടര്‍ന്നു. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തം സ്വാഭാവികമോ മനുഷ്യനിര്‍മിതമോയെന്ന് ഹൈക്കോടതി ചോദിച്ചു. നഗരത്തില്‍ വ്യാപകമായാണ് മാലിന്യം വലിച്ചെറിയുന്നത്. ഇത് തടയാന്‍ എന്തു നടപടിയാണ് കൊച്ചി കോര്‍പ്പറേഷന്‍ സ്വീകരിച്ചതെന്നും കോടതി ആരാഞ്ഞു. അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചതായി കോര്‍പ്പറേഷന്‍ അറിയിച്ചു.
advertisement
വാദത്തിനിടെ കൊച്ചി കോര്‍പ്പറേഷനെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് രംഗത്തുവന്നു. മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് 2016 മുതല്‍ നോട്ടീസ് നല്‍കിയിട്ടും വേണ്ടത് കോര്‍പ്പറേഷന്‍ ചെയ്തില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കുറ്റപ്പെടുത്തി. പരസ്പരം പഴിചാരലല്ല, പരിഹാരമാണ് വേണ്ടതെന്ന് കോടതി ഓര്‍മ്മിപ്പിച്ചു.
മാലിന്യപ്രശ്‌നം അനന്തമായി നീട്ടി കൊണ്ടുപോകാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കി. ശാസ്ത്രീയ മാര്‍ഗങ്ങള്‍ വേണം. പഞ്ചായത്ത്, കോര്‍പ്പറേഷന്‍, മുന്‍സിപ്പല്‍ തലങ്ങളില്‍ മൂന്ന് തലത്തിലുള്ള സംവിധാനം വേണം. ഇതിന് കോടതിയെ സഹായിക്കാന്‍ മൂന്ന് അമിക്കസ് ക്യൂറിമാരെ നിയമിക്കുന്നത് ആലോചിക്കാവുന്നതാണ്. ജൂണ്‍ ആറിനകം കോടതിയുടെ തന്നെ മേല്‍നോട്ടത്തില്‍ മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണുമെന്നും കോടതി പറഞ്ഞു.
advertisement
മാലിന്യപ്രശ്‌നത്തിന് കൃത്യമായ പരിഹാര നിര്‍ദേശങ്ങള്‍ അടങ്ങുന്ന വിശദമായ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കാന്‍ കൊച്ചി കോര്‍പ്പറേഷനോടും മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടും സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചു. ഇന്ന് ഉച്ചയ്ക്ക് വിഷയം വീണ്ടും പരിഗണിക്കുമ്പോള്‍ ജില്ലാ കലക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവര്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. തദ്ദേശ സ്വയംഭരണവകുപ്പ് അഡീ. ചീഫ് സെക്രട്ടറിയെ കക്ഷി ചേര്‍ത്തു. കൃത്യമായ മറുപടിയില്ലെങ്കില്‍ അച്ചടക്ക നടപടി ഉണ്ടാവുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചി ബ്രഹ്മപുരം തീപിടിത്തം മനുഷ്യനിര്‍മിതമോ? ഹൈക്കോടതിയുടെ ചോദ്യം; കളക്ടർ ഇന്ന് ഹാജരാകണം
Next Article
advertisement
ആർഎസ്എസിന്റെ 100 വർഷം; പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക നാണയവും സ്റ്റാമ്പും പുറത്തിറക്കി
ആർഎസ്എസിന്റെ 100 വർഷം; പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക നാണയവും സ്റ്റാമ്പും പുറത്തിറക്കി
  • പ്രധാനമന്ത്രി മോദി ആർഎസ്എസിന്റെ 100-ാം വാർഷികത്തിൽ നാണയവും സ്റ്റാമ്പും പ്രകാശനം ചെയ്തു.

  • നാണയത്തിൽ ഭാരതമാതാവിൻ്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ്.

  • ആർഎസ്എസിന്റെ ആപ്തവാക്യം "രാഷ്ട്രായ് സ്വാഹാ, ഇദം രാഷ്ട്രായ, ഇദം ന മമ" നാണയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

View All
advertisement