തിരുവനന്തപുരം: ദ്രൗപദി മുർമുവിന് വോട്ട് ചെയ്യാൻ ആഗ്രഹിച്ചിരുന്നതായി കോൺഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷ്. ഗോത്ര വിഭാഗത്തിൽ നിന്ന് ഒരാൾ തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം ന്യൂസ് 18നോട് പറഞ്ഞു.
ദ്രൗപദി മുർമുവിന് വോട്ട് ചെയ്യണമെന്ന് ആഗ്രഹിച്ചെങ്കിലും പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണ് താൻ വോട്ട് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ നിന്ന് ക്രോസ് വോട്ട് നടന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. 140 അംഗ നിയമസഭയിൽ 139 അംഗങ്ങളുടെ വോട്ടാണ് പ്രതിപക്ഷ സ്ഥാനാർഥിയായ യശ്വന്ത് സിൻഹയ്ക്ക് ലഭിച്ചത്. എൻ ഡി എ സ്ഥാനാർത്ഥിയായ ദ്രൗപദി മുർമ്മുവിന് സംസ്ഥാനത്തെ ഒരു എം എൽ എ വോട്ട് നൽകിയെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.
ഇരുമുന്നണികളെയും ഞെട്ടിച്ചുകൊണ്ടാണ് ഒരു വോട്ട് മുർമുവിന് ലഭിച്ചുവെന്ന വാർത്ത പുറത്തുവന്നത്. ഇരുമുന്നണിയിലെയും ചില ഘടകകക്ഷി എംഎൽഎമാരെയാണ് നേതൃത്വം സംശയിക്കുന്നത്.
കേരളത്തിലെ ഒരു എംഎൽഎയുടെ വോട്ട് മൂല്യം 152 ആണ്. ഈ മൂല്യമുള്ള ഒരു വോട്ടുതന്നെയാണ് മുർമുവിന് ലഭിച്ചിരിക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 140 പേരുടെയും വോട്ട് ഉറപ്പിക്കാൻ കഴിഞ്ഞാൽ ഇവിടെനിന്ന് യശ്വന്ത് സിൻഹയ്ക്കു ലഭിക്കുന്ന വോട്ട് മൂല്യം 21,280 ആയിരിക്കും. എന്നാൽ ഇതിൽ ഒരു എംഎൽഎയുടെ വോട്ട് മൂല്യം കുറച്ചാണ് സിൻഹയ്ക്ക് ലഭിച്ചത്.
മുന്നണിയിൽ നിന്ന് അകലം പാലിക്കുന്ന ഘടക കക്ഷി എംഎല്‍എയും സംശയനിഴലിലാണ്. ഏതായാലും വരും ദിവസങ്ങളിൽ ഇതിന്റെ പേരിലുള്ള വാദപ്രതിവാദങ്ങൾക്കാകും കേരളം സാക്ഷ്യം വഹിക്കുക.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.