കുറ്റ്യാടി: ഘടക കക്ഷിക്ക് സീറ്റ് വിട്ടുനൽകിയതിനെ തുടർന്ന് സമാനതകളില്ലാത്ത പ്രതിഷേധങ്ങൾ അരങ്ങേറിയ കുറ്റ്യാടിയില്‍ ഒടുവില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് സിപിഎം വഴങ്ങി. കെ പി കുഞ്ഞമ്മദ് കുട്ടിയെ സിപിഎം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് കുഞ്ഞമ്മദ് കുട്ടി. ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. ഇടതുമുന്നണിയിലെ ധാരണപ്രകാരം കേരള കോണ്‍ഗ്രസ് -എമ്മിന് നല്‍കിയിരുന്ന സീറ്റ് പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ സിപിഎമ്മിന് തന്നെ വിട്ടു നല്‍കുകയായിരുന്നു.
കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് സിപിഎമ്മിന് വിശദീകരണ യോഗമടക്കം വിളിക്കേണ്ടി വന്നു. കേരള കോണ്‍ഗ്രസ് സീറ്റ് വിട്ടുനല്‍കിയതോടെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം, കെ കെ ദിനേശന്‍ എന്നിവരുടെ പേരുകളാണ് പാര്‍ട്ടി ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടി കീഴ് ഘടകങ്ങളിലെ സമ്മര്‍ദ്ദവും വിജയസാധ്യതയും കണക്കിലെടുത്ത് കെ പി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർഥിയാക്കുകയായിരുന്നു.
Also Read-
ഉടുമ്പൻചോലയിൽ ബിഡിജെഎസിന് പിന്നാലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപിയും
എല്‍ഡിഎഫ് ജോസ് വിഭാഗത്തിനാണ് കുറ്റ്യാടി മണ്ഡലം ആദ്യം നല്‍കിയത്. ഇതിനെതിരെ രണ്ടു ദിവം സിപിഎം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ജില്ലാ സെക്രട്ടറി പി.മോഹനനും ഭാര്യയും കുറ്റ്യാടിയിലെ മുൻ എംഎൽഎ കെ.കെ.ലതികയ്ക്കുമെതിരെയായിരുന്നു പ്രതിഷേധം. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെ.പി.കുഞ്ഞമ്മദ് കുട്ടിക്ക് സീറ്റ് നൽകാതിരിക്കാനാണ് മണ്ഡലം മാണി കോൺഗ്രസിനു വിട്ടു നൽകിയതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം.
പ്രതിഷേധത്തിന്റെ വ്യാപ്തി മനസിലാക്കിയ കേരള കോൺഗ്രസ് സീറ്റ് സിപിഎമ്മിന് വിട്ടു നൽകുകയായിരുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഐക്യത്തിനും കെട്ടുറപ്പിനുമാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്നും അതിനാൽ കുറ്റ്യാടി സീറ്റ് സിപിഎമ്മിന് വിട്ടുനൽകുകയാണെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇതോടെ കേരള കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം 12 ആയി. പ്രാദേശിക പ്രതിഷേധങ്ങളെ തുടർന്ന് കുറ്റ്യാടി ഒഴിച്ചിട്ടാണ് കേരള കോൺഗ്രസ് (എം) സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
സിപിഎമ്മിന്റെ ഉറച്ച മണ്ഡലമായ കുറ്റ്യാടിയിൽ 2016 ൽ രണ്ടാം വട്ടം ജനവിധി തേടിയ കെ.കെ.ലതിക 1901 വോട്ടിന് മുസ്‌ലിം ലീഗിന്റ കന്നി സ്ഥാനാർഥി പാറക്കൽ അബ്‌ദുള്ളയോട് പരാജയപ്പെടുകയായിരുന്നു. എൽഡിഎഫ് സ്ഥാനാർഥിയായി കെ പി കുഞ്ഞമ്മദ് കുട്ടിയുടെ പേര് 2016 ൽ തന്നെ കുറ്റ്യാടിയിൽ ഉയർന്നുകേട്ടിരുന്നു. എന്നാൽ ലതികയെ വീണ്ടും മത്സരിപ്പിക്കാൻ സിപിഎം തീരുമാനിക്കുകയായിരുന്നു. കെ.പി.കുഞ്ഞമ്മദ് കുട്ടി പ്രചാരണത്തിൽ വേണ്ടത്ര സജീവമാകാത്തതാണ് 2016 ൽ ലതികയുടെ പരാജയത്തിനു കാരണമായതെന്ന ആരോപണം പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു. ഇതാണ് ഇത്തവണ കെ.പി.കുഞ്ഞമ്മദ് കുട്ടിയെ തഴഞ്ഞ് സീറ്റ് മാണി കോൺഗ്രസിനു നൽകാൻ തീരുമാനിച്ചതെന്നായിരുന്നു മേഖലയിലെ പാർട്ടി അണികൾ ഉയർത്തിയ ആരോപണം.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സമാനതകളില്ലാത്ത പ്രതിഷേധങ്ങളാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇത്തവണ ഉണ്ടായത്. പൊന്നാനി, കുറ്റ്യാടി, തരൂര്‍ തുടങ്ങിയ ഇടങ്ങളിലാണ് ശക്തമായ പ്രതിഷേധം നടന്നത്. പൊന്നാനിയില്‍ ടി എം സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. എന്നാല്‍ പ്രതിഷേധം വകവെയ്ക്കാതെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ച സിഐടിയു നേതാവ് പി നന്ദകുമാറിനെ തന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
മന്ത്രി എ കെ ബാലന്റെ ഭാര്യ പി കെ ജമീലയെ മത്സരിപ്പിക്കുന്നതിനെ ചൊല്ലിയായിരുന്നു തരൂരിലെ പ്രതിഷേധം. പി കെ ജമീലയെ സ്ഥാനാര്‍ഥി ആക്കിയില്ലെങ്കിലും പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാട്ടിയ വി പൊന്നുക്കുട്ടനെ തഴഞ്ഞ് പി പി സുമോദിനെയാണ് സിപിഎം പരിഗണിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.