തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ യു.ഡി.എഫ് തരംഗത്തില്‍ തകര്‍ന്നടിഞ്ഞ് ഇടതു മുന്നണി. 19 സീറ്റിലും യു.ഡി.എഫ് വിജയിച്ചപ്പോള്‍ ആലപ്പുഴയില്‍ മാത്രമാണ് എല്‍.ഡി.എഫിന് വിജയിക്കാനായത്. യു.ഡി.എഫ് 12-ല്‍ നിന്നും 19 ലേക്ക് വളര്‍ന്നപ്പോള്‍ എല്‍.ഡി.എഫാകട്ടെ എട്ടില്‍ നിന്നും ഒന്നിലേക്കു ചുരുങ്ങി. ഏതു തരംഗത്തിലും കൈവിടില്ലെന്നു കരുതിയ ആറ്റിങ്ങല്‍, ആലത്തൂര്‍, പാലക്കാട്, കാസര്‍കോട് മണ്ഡലങ്ങളും കൈയ്യൊഴിഞ്ഞത് ഇടതു മുന്നണിക്ക് കനത്ത ആഘാതമായി. നാലു സീറ്റില്‍ മത്സരിച്ച സി.പി.ഐയ്ക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാനാകാതെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. സി.പി.ഐ ഒഴികെയുള്ള ഘടകക്ഷികള്‍ക്ക് ഒരു സീറ്റു പോലും വിട്ടു നല്‍കാതെ 15 സീറ്റില്‍ മത്സരിച്ച സിപി.എമ്മിന് ഒരു സീറ്റിലാണ് വിജയിക്കനായത്. മുന്നണി നേതാക്കളെ ഒഴിവാക്കി സംസ്ഥാനത്തുടനീളം ഉയര്‍ത്തിയ വലിയ ബോര്‍ഡുകളില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മാത്രം നിറഞ്ഞു നിന്നു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ കേരളം വിധിയെഴുതിയെന്നതാണ് തെരഞ്ഞെടുപ്പ് ഫലം നല്കുന്ന സൂചന. ശബരിമല വിഷയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നടത്തിയ നവോഥാന നടപടികള്‍ പ്രതീക്ഷിച്ച ഫലം ഉണ്ടാക്കിയില്ലെന്നു മാത്രമല്ല തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുകയും ചെയ്തു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായി എത്തിയപ്പോള്‍ മോദിക്കെതിരായ വോട്ടുകള്‍ യു.ഡി.എഫില്‍ കേന്ദ്രീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒപ്പം നിന്ന വിഭാഗങ്ങള്‍ ഇടതുപക്ഷത്തെ പൂര്‍ണമായും കൈയ്യൊഴിഞ്ഞപ്പോള്‍ എന്നും പാര്‍ട്ടിക്കൊപ്പം നിന്നവരിലും വിള്ളലുണ്ടായി. ശബരിമലയിലെ സ്ത്രീ പ്രവേശന വിരോധികള്‍ മുഖ്യമന്ത്രിയെ പരാജയപ്പെടുത്തിയെന്ന ലക്ഷ്യത്തില്‍ പ്രതികാര മനോഭാവത്തോടെ യു.ഡി.എഫിന് വോട്ടു ചെയ്തത് പല സ്ഥാനാര്‍ഥികളും അവരുടെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ ജയിക്കാന്‍ ഇടയാക്കി.
Also Read: 123 നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫ് ഒന്നാമത്; തറപറ്റിയ എല്‍ഡിഎഫ് എട്ടിടങ്ങളില്‍ മൂന്നാമത്
സിറ്റിംഗ് എം.പിയോടുള്ള ജനവികാരം മുതലാക്കി ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ പത്തനംതിട്ട പിടിച്ചെടുക്കാമെന്നു കരുതിയെങ്കിലും ബിജെപി വിജയിക്കുമെന്ന ധാരണ പരന്നതോടെ ന്യൂനപക്ഷ വോട്ടുകള്‍ കൂട്ടമായി യു.ഡി.എഫിലേക്ക് ഒഴുകി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മണ്ഡലങ്ങളൊന്നാകെ പിടിച്ചെടുത്ത ജില്ലാ സെക്രട്ടറിക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍.കെ പ്രേമചന്ദ്രനെ പിടിച്ചുകെട്ടാന്‍ സാധിക്കാത്തത് കൊല്ലത്തെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. 40 വര്‍ഷത്തിനു ശേഷം യാഥാര്‍ഥ്യമായ കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനച്ചടങ്ങ് വിവാദമാക്കി സിറ്റിംഗ് എം.പിയെ സംഘപരിവാര്‍ പാളയത്തില്‍ കെട്ടാനുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയ നീക്കത്തിനും ഫലമുണ്ടായില്ല.
പെരിയ ഇരട്ടക്കൊലപാതകം കാസര്‍കോട്ടെ കോട്ടപിളര്ത്തിയപ്പോള് മുന്നണി കണ്‍വീനറുടെ പക്വതയില്ലാത്ത പരാമര്‍ശങ്ങളാണ് ആലത്തൂരിലെ ഇടതു സ്ഥാനാര്‍ഥിയുടെ പതനം ഉറപ്പാക്കിയത്. പാര്‍ട്ടിയിലെ ഉള്‍പ്പോരും ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണവും പാലക്കാട് എം.ബി രാജേഷിനെ വീഴ്ത്തിയപ്പോള്‍ സിറ്റിംഗ് എം.പിക്കെതിരായ വികാരമാണ് ആറ്റിങ്ങലില്‍ സി.പി.എമ്മിനെ പരാജയപ്പെടുത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ 91 സീറ്റുകളും നേടി അധികാരത്തിലെത്തിയ ഇടതുപക്ഷത്തിന് ഈ തെരഞ്ഞെടുപ്പില്‍ 16 ഇടങ്ങളില്‍ മാത്രമെ ഒന്നാമതെത്താന്‍ കഴിഞ്ഞുള്ളൂ. 140 നിയമസഭാ മണ്ഡലങ്ങളില്‍ 123 ലും യുഡിഎഫാണ് ഒന്നാമതെത്തിയത്. കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയാണ് ഇടതുപക്ഷത്തിന് നേരിടേണ്ടി വന്നത്. എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫിനും ബിജെപിയ്ക്കും പിന്നില്‍ മൂന്നാമതാണ് എല്‍ഡിഎഫിന്റെ സ്ഥാനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.