'പാർട്ടിയോട് ജീവിതകാലം കടപ്പെട്ടിരിക്കുന്നു'; ജപ്തി ഭീഷണിയിൽ നിന്നും രക്ഷിച്ച മുസ്ലിം ലീഗിന് നന്ദി പറഞ്ഞ് എം.കെ മുനീർ
- Published by:Sneha Reghu
- news18-malayalam
Last Updated:
മുൻപ് സി.എച്ച് മുഹമ്മദ് കോയ അന്തരിക്കുമ്പോഴുണ്ടായിരുന്ന കടബാധ്യതകളും അന്ന് പാർട്ടി ഇടപെട്ടാണ് തീർത്തിരുന്നത് എന്നതും ശ്രദ്ധേയമാണ്
കോഴിക്കോട്: കടബാധ്യതയെത്തുടർന്ന് ജപ്തി ഭീഷണിയിലായിരുന്ന കുടുംബവീടിനെ ചേർത്തുപിടിച്ച മുസ്ലിം ലീഗ് നേതൃത്വത്തിന് ഹൃദയത്തിൽ
തൊട്ട നന്ദി അറിയിച്ച് ഡോ. എം.കെ മുനീർ. മുൻ മുഖ്യമന്ത്രിയും എം.കെ മുനീറിന്റെ പിതാവുമായ സി.എച്ച് മുഹമ്മദ് കോയ പണിത നടക്കാവിലെ 'ക്രെസന്റ് ഹൗസ്' എന്ന വീടിന്റെ 49 ലക്ഷം രൂപയുടെ ബാധ്യതയാണ് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഏറ്റെടുത്ത് തീർത്തത്. കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്കിലുണ്ടായിരുന്ന കുടിശ്ശിക പാർട്ടി അക്കൗണ്ടിൽ നിന്നും നേരിട്ടടച്ചു.
"വിഷമിക്കേണ്ട, പാർട്ടി കൂടെയുണ്ട് എന്ന ഉറച്ച ആശ്വാസവാക്കുകളോടെ ഞങ്ങളോടൊപ്പം അചഞ്ചലമായി നിന്ന പ്രിയപ്പെട്ട പാർട്ടിക്ക് വാക്കുകൾക്കതീതമായ നന്ദി," എന്ന് എം.കെ മുനീർ ഫേസ്ബുക്കിൽ കുറിച്ചു. പ്രിയപ്പെട്ട വാപ്പയും ഉമ്മയും അന്ത്യവിശ്രമം കൊള്ളുന്ന ഈ മണ്ണ് സംരക്ഷിക്കപ്പെട്ടതിലുള്ള വലിയ ആശ്വാസത്തിലാണ് കുടുംബമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രയാസഘട്ടത്തിൽ ആത്മവിശ്വാസം പകർന്നുനൽകിയ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കും ജ്യേഷ്ഠസഹോദരനെപ്പോലെ കൂടെ നിന്ന പി.കെ കുഞ്ഞാലിക്കുട്ടിക്കും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു.
advertisement
സി.എച്ച് മുഹമ്മദ് കോയ പണിത ഈ വീട് മുസ്ലിം ലീഗിന്റെ പല നിർണ്ണായക തീരുമാനങ്ങൾക്കും വേദിയായ ഇടമാണ്. 58 ലക്ഷം രൂപയുടെ വായ്പ മുടങ്ങിയതോടെയാണ് ബാങ്ക് ജപ്തി നോട്ടീസ് നൽകിയത്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം തുക 48 ലക്ഷമായി കുറച്ചെങ്കിലും മാർച്ച് 31-നകം അടച്ചുതീർക്കണമെന്ന കർശന നിർദ്ദേശമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടി ഇടപെട്ട് ബാധ്യതകൾ തീർത്തത്. മുൻപ് സി.എച്ച് മുഹമ്മദ് കോയ അന്തരിക്കുമ്പോഴുണ്ടായിരുന്ന കടബാധ്യതകളും അന്ന് പാർട്ടി ഇടപെട്ടാണ് തീർത്തിരുന്നത് എന്നതും ശ്രദ്ധേയമാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Mar 25, 2026 10:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പാർട്ടിയോട് ജീവിതകാലം കടപ്പെട്ടിരിക്കുന്നു'; ജപ്തി ഭീഷണിയിൽ നിന്നും രക്ഷിച്ച മുസ്ലിം ലീഗിന് നന്ദി പറഞ്ഞ് എം.കെ മുനീർ









