പാലായിൽ തകർന്നടിഞ്ഞത് അരനൂറ്റാണ്ട് കാലത്തെ അപ്രമാദിത്വം
പാലായിൽ തകർന്നടിഞ്ഞത് അരനൂറ്റാണ്ട് കാലത്തെ അപ്രമാദിത്വം
ലോക് സഭാ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ട ഇടതുപക്ഷത്തിന് ഈ വിജയം നൽകുന്നത് തിരിച്ചുവരവിനുള്ള കരുത്താണ്. വോട്ട് കച്ചവട ആരോപണം ബിജെപിക്ക് നടക്കാനിരിക്കുന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകളിലും തിരിച്ചടിയാകും
തിരുവനന്തപുരം: ജോസ്. കെ. മാണിയുടെ വാർഡിൽ പോലും കേരള കോൺഗ്രസ് തകർന്നടിഞ്ഞു. പാലായിലെ 54 വർഷത്തെ അപ്രമാദിത്തമാണ് ഈ ഉപതിരഞ്ഞെടുപ്പോടെ വീണുടഞ്ഞത്. ലോക് സഭാ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ട ഇടതുപക്ഷത്തിന് ഈ വിജയം നൽകുന്നത് തിരിച്ചുവരവിനുള്ള കരുത്താണ്. വോട്ട് കച്ചവട ആരോപണം ബിജെപിക്ക് നടക്കാനിരിക്കുന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകളിലും തിരിച്ചടിയാകും.
അരനൂറ്റാണ്ട് കടന്ന കേരളാ കോൺഗ്രസിന്റെ ജൈത്രയാത്രയാണ് പാലായിൽ അവസാനിച്ചത്. ഇടതുപക്ഷം അട്ടിമറി വിജയം നേടിയ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിന്റെ ശക്തി ദുർഗങ്ങളമ്പാടെ തകർന്നു വീണു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളൊക്കെയും ഇടതുപക്ഷത്തേക്ക് ചാഞ്ഞു. കാലങ്ങളായി യുഡിഎഫ് കുത്തകയാക്കി വെച്ചിരുന്ന പാലാ നഗരസഭയിലും എൽഡിഎഫ് തരംഗം ആഞ്ഞടിച്ചു 2016ൽ കെ എം മാണി നേടിയ 4703 വോട്ടുകളുടെ ഭൂരിപക്ഷവും ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തോമസ് ചാഴികാടൻ നേടിയ 33472 വോട്ടുകളുടെ ഭൂരിപക്ഷവും പഴങ്കഥയായി. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിനേക്കാളും 7690 വോട്ടുകൾ കുറവുണ്ടായി യുഡിഎഫിന്. കെ.എം. മാണിയുടെയും ജോസ് കെ മാണിയുടെയും വാർഡിലും യുഡിഎഫ് തകർന്നടിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയ വമ്പൻ മുന്നേറ്റം അധികം വിയർക്കാതെ പാലായിലും ആവർത്തിക്കാമെന്നായിരുന്നു യുഡിഎഫിന്റെ കണക്ക് കൂട്ടൽ. പക്ഷെ ആ മോഹങ്ങൾ പൊലിഞ്ഞു. ഇത് മറ്റ് ഉപതിരഞ്ഞെടുപ്പുകളെ ബാധിക്കാതിരിക്കാനുള്ള കൂടിയാലോചനകളാണ് ഇപ്പോൾ യുഡിഎഫ് ക്യാമ്പിൽ.
എൽഡിഎഫ് തേരോട്ടത്തിൽ പാലയിൽ ബിജെപിയുടെ സ്ഥിതിയും ഏറെ പരിതാപകരമായി. 2016ൽ ബിജെപിക്ക് 24821 വോട്ടുകൾ ലഭിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ അത് 26533 വോട്ടുകളായി കൂടി. എന്നാൽ ഇക്കുറി വോട്ട് കുത്തനെ ഇടിഞ്ഞ് 18044 ലേക്ക് കൂപ്പു കുത്തി. 2016നെ അപേക്ഷിച്ച് ബിജെപിക്ക് കുറഞ്ഞത് 6777 വോട്ടുകളാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.