'യു.ഡി.എഫിൽ അർഹമായ പരിഗണന കിട്ടും; ശശീന്ദ്രന്‍ പാര്‍ട്ടിക്ക് പേരുദോഷമുണ്ടാക്കി': മാണി സി. കാപ്പൻ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഐശ്വര്യ കേരളയെ സ്വീകരിക്കും എന്ന് പാവാറിനോടും പ്രഫുല്‍ പട്ടേലിനോടും നേരത്തെ പറഞ്ഞിരുന്നെന്ന് മാണി സി കാപ്പന്‍
കോട്ടയം: യുഡിഎഫിലേക്ക് മാറുമ്പോ അര്‍ഹമായ പരിഗണന കിട്ടുമെന്ന് ഉറപ്പുണ്ടെന്ന് മാണി സി കാപ്പന്‍. എല്ലാ കാര്യവും ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാലാ സീറ്റിന്റെ കാര്യം ദേശീയ നേതൃത്വം ഇതിന് മുന്‍പ് ചര്‍ച്ച ചെയ്തിരുന്നു. ഐശ്വര്യ കേരളയെ സ്വീകരിക്കും എന്ന് പാവാറിനോടും പ്രഫുല്‍ പട്ടേലിനോടും നേരത്തെ പറഞ്ഞിരുന്നു. പാലാ അടക്കം മൂന്ന് സീറ്റുകളാണ് എന്‍സിപി പ്രതീക്ഷിക്കുന്നതെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
ആര്‍ക്കും വേണ്ടാതെ കിടക്കുന്ന മണ്ഡലമായിരുന്നു പാലാ. സിപിഐ, ,സിപിഎം സ്ഥാനാര്‍ത്ഥികള്‍ 25,000 വോട്ടിന് പരാജയപ്പെട്ടിരുന്ന മണ്ഡലം. അവിടെ താന്‍ 2006ല്‍ മത്സരിച്ച ശേഷം ഭൂരിപക്ഷം 7500 ആയി കുറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പില്‍ 5000 ആയി കുറഞ്ഞു. അതും മാണിസാറിനെ പോലെ വ്യക്തിപ്രഭാവം ഉള്ള വ്യക്തിയോട് മത്സരിച്ചിട്ട്. ഇടതുപക്ഷത്തിന്റെ ആത്മാര്‍ത്ഥയുള്ള പ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തിന്റെ ഫലമാണ് തന്റെ തിരഞ്ഞെടുപ്പ് വിജയം. പാലാ വികസനത്തെ കുറിച്ച് കുറെയേറെ കാര്യങ്ങള്‍ പറയാനുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ നാളെ പ്രസംഗത്തില്‍ പറയും. എകെ ശശീന്ദ്രന്‍ പാര്‍ട്ടിക്ക് പേരുദോഷം ഉണ്ടാക്കി. കച്ചവടം നടത്താന്‍ ഇത് സാധനം ഒന്നും അല്ലല്ലോയെന്നും മാണി സി കാപ്പന്‍ ശശീന്ദ്രന് മറുപടി നല്‍കി.
advertisement
കുട്ടനാട്ടില്‍ മത്സരിച്ചോളാന്‍ ആവശ്യപ്പെട്ടിരുന്നു. കുട്ടനാട്ടില്‍ മത്സരിക്കാന്‍ തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ട്. തോമസ് ചാണ്ടിയും താനും തമ്മില്‍ വ്യക്തിപരമായ ബന്ധമുണ്ട്. പാലയില്‍ തിരഞ്ഞെടുപ്പുണ്ടായപ്പോള്‍ സാമ്പത്തിക സഹായം അടക്കം ചെയ്ത വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും അടക്കം അദ്ദേഹത്തിന്റെ അനിയനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും അഖിലേന്ത്യ പ്രസിഡന്റിനും കത്ത് കൊടുത്തതാണ്. അനിയന് സ്ഥാനാര്‍ത്ഥിത്വം നല്‍കാമെന്ന് പറഞ്ഞ ശേഷമാണ് തന്നോട് സ്ഥാനാര്‍ത്ഥിയാകാമോ എന്ന് ചോദിക്കുന്നത്. അതുകൊണ്ട് കുട്ടനാട്ടില്‍ മത്സരിക്കാനില്ല.
advertisement
താന്‍ തല്‍ക്കാലം രാജിവയ്ക്കില്ല. ജോസ് കെ മാണി നാല് മാസം കഴിഞ്ഞാണ് രാജിവച്ചത്. അതിനാല്‍ തനിക്ക് മൂന്ന് മാസം വരെയെങ്കിലും സമയം എടുക്കാം. എനിക്ക് ഇത്ര ധാര്‍മ്മികതയെ ഉള്ളു എന്ന് മാത്രമെ തന്റെ ധാര്‍മ്മികതയെ ചോദ്യം ചെയ്ത ശശീന്ദ്രനോട് പറയാനുള്ളു. ചിഹ്നത്തിന്റെ കാര്യത്തില്‍ ഇന്ന് വൈകിട്ട് തീരുമാനം ഉണ്ടാകും. ദേശീയ നേതൃത്വത്തിന്റെ തീരുമാനം ഇതുവരെ വന്നിട്ടില്ല. അത് എന്ത് തന്നെയായാലും ഞങ്ങള്‍ പോകും. മാണി സി കാപ്പന്‍ വ്യക്തമാക്കി.
advertisement
അതേസമയം മാണി സി കാപ്പന്‍ പോയത് ഇടത് മുന്നണിയെ ബാധിക്കില്ലെന്ന് ജോസ് കെ മാണി പ്രതികരിച്ചു. പാലായില്‍ സീറ്റ് വിഭജന ചര്‍ച്ച ഇതുവരെ നടന്നിട്ടില്ല. മാണി സി കാപ്പന്റെ നിലപാട് മാറ്റത്തില്‍ വ്യക്തതയില്ലെന്നും വ്യക്തതയില്ലാത്ത കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 13, 2021 3:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'യു.ഡി.എഫിൽ അർഹമായ പരിഗണന കിട്ടും; ശശീന്ദ്രന്‍ പാര്‍ട്ടിക്ക് പേരുദോഷമുണ്ടാക്കി': മാണി സി. കാപ്പൻ


