'സംശയം വേണ്ട, അടുത്ത തെരഞ്ഞെടുപ്പിലും പാലായിൽ ഞാൻ തന്നെ സ്ഥാനാർഥി'; മാണി.സി.കാപ്പൻ
- Published by:user_49
Last Updated:
വൈകാരിക ബന്ധം എന്ന വാദത്തിന് ഇനി പ്രസക്തിയില്ല, പാലയെന്ന പെണ്ണിനെ മറ്റൊരു മാണി കല്യാണം കഴിച്ചെന്ന് മാണി സി കാപ്പൻ
പാലായിൽ കെ.എം മാണി മരിച്ച ഒഴിവിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയതിന്റെ ഒന്നാം വാർഷികത്തിൽ ആണ് മാണി സി കാപ്പൻ ന്യൂസ് 18 നോട് മനസ്സുതുറന്നത്. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം എൽഡിഎഫിലേക്ക് വരാനിരിക്കെ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയുകയാണ് കാപ്പൻ. 2021 ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ ഇടത് സ്ഥാനാർത്ഥി താൻ തന്നെ ആകും എന്ന് മാണി സി കാപ്പൻ വ്യക്തമാക്കി.
കേവലം തന്റെ നിലപാട് മാത്രമല്ല ഇതെന്ന് അദ്ദേഹം പറഞ്ഞു. പിന്നെ ദേശീയ അധ്യക്ഷൻ ശരത് പവാറും ഇതേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് നിന്നുള്ള മുതിർന്ന നേതാക്കളായ എ.കെ ശശീന്ദ്രനോടും പീതാംബരൻ മാസ്റ്ററോടും തന്നോടും ശരത്പവാർ ഇക്കാര്യത്തിൽ വ്യക്തമായ ഉറപ്പു നൽകിയിട്ടുണ്ട്. എൻസിപി വിജയിക്കുന്ന സീറ്റുകൾ വിട്ടു നൽകാൻ ആവില്ല എന്നതാണ് അദ്ദേഹത്തിന്റെ നിലപാടെന്നും മാണി സി കാപ്പൻ പറഞ്ഞു.
advertisement
പാലയോട് ഉള്ള ജോസ് കെ മാണിയുടെ വൈകാരികബന്ധം തള്ളി മാണി സി കാപ്പൻ
കെഎം മാണി വർഷങ്ങളായി മത്സരിച്ച് വിജയിച്ച സീറ്റ് എന്ന നിലയിലാണ് ജോസ് കെ മാണി പാലാ സീറ്റിനുവേണ്ടി എൽഡിഎഫിൽ അവകാശവാദം ഉന്നയിച്ചത്. പാലായിൽ നിന്ന് വരുന്ന തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാണ് ജോസ് കെ മാണിയുടെ പദ്ധതി. നിലവിലുള്ള രാജ്യസഭാ സ്ഥാനം രാജിവെച്ച് മത്സരിക്കാനാണ് ജോസ് കെ മാണിയുടെ താല്പര്യം. ഇക്കാര്യം ചർച്ചകളിൽ ഇടതു നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാജിവെക്കുന്ന രാജ്യസഭാ സ്ഥാനം മാണി സി കാപ്പന് നൽകാം എന്നതാണ് ജോസ് കെ മാണിയുടെ ഫോർമുല. ഇതും മാണി സി കാപ്പൻ തള്ളിക്കളയുന്നു.
advertisement
പാലയും ആയി വൈകാരിക ബന്ധം ഉണ്ട് എന്ന് ജോസ് കെ മാണി പറയുന്നതിൽ അർത്ഥമില്ല എന്ന് മാണി സി കാപ്പൻ പറയുന്നു. "പാലാ ഇന്ന് മറ്റൊരു മാണിയുടേതാണ്, പാല എന്ന പെണ്ണിനെ മറ്റൊരു മാണി വിവാഹം ചെയ്തശേഷം വൈകാരിക ബന്ധം പറയുന്നതിൽ അർത്ഥമില്ല എന്നാണ് മാണി സി കാപ്പൻ വ്യക്തമാക്കുന്നത്. സിപിഎം ജോസ് കെ മാണിക്ക് സീറ്റ് നൽകിയാൽ എന്തു ചെയ്യും എന്ന കാര്യത്തോട് മാണി സി കാപ്പൻ ഇപ്പോൾ കൃത്യമായ ഉത്തരം നൽകാൻ തയ്യാറല്ല. ഇടതുമുന്നണി തങ്ങളോട് ഇക്കാര്യങ്ങളിലൊന്നും ചർച്ച നടത്തിയിട്ടില്ല എന്നാണ് മാണി സി കാപ്പൻ ചൂണ്ടിക്കാട്ടുന്നത്. ആ സാഹചര്യത്തിൽ അത്തരം ചോദ്യങ്ങൾക്ക് പ്രസക്തിയില്ലെന്നും മാണി സി കാപ്പൻ പറയുന്നു.
advertisement
വികസനം എണ്ണി പറഞ്ഞു പ്രവർത്തനം
പാലായിലെ അട്ടിമറി വിജയത്തിന് ഒരു വർഷം പൂർത്തിയാകുമ്പോൾ പാലായിൽ നടത്തിയ വികസന പ്രവർത്തനങ്ങളെക്കുറിച്ച് മാണി സി കാപ്പൻ വാചാലൻ ആവുകയാണ്. കേവലം ഒരു വർഷം മാത്രം പൂർത്തിയാകുമ്പോൾ പാല മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടം ഹൈടെക് നിലവാരത്തിൽ പണി പൂർത്തിയാക്കാൻ ആയതാണ് ഒരു പ്രധാന നേട്ടം. പനമറ്റം ഹയർസെക്കൻഡറി സ്കൂളിലെ എൽപി യുപി വിഭാഗങ്ങൾക്കായി പുതിയ കെട്ടിടം നിർമ്മിക്കുകയാണ്. പാലായിലെ 3 പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം എന്ന നിലയിൽ കുടിവെള്ള പദ്ധതി തുടങ്ങാൻ ആയതാണ് മറ്റൊരു നേട്ടം. മണ്ഡലത്തിൽ ആകെ 400 കോടി രൂപയുടെ വികസനം ഒരു വർഷത്തിനിടെ കൊണ്ടുവരാൻ കഴിഞ്ഞു എന്നാണ് മാണി സി കാപ്പൻ പറയുന്നത്.
advertisement
തോടുകൾ നവീകരിച്ചു കൊണ്ട് വെള്ളപ്പൊക്കത്തെ തടയാൻ എടുത്ത നടപടിയും കയ്യടി നേടി. ഇത്തവണ കൊല്ലപ്പള്ളിയിൽ വെള്ളം കയറാതിരിക്കാൻ ഇത് കാരണമായെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടുന്നത്. മുന്നോട്ടുള്ള യാത്ര വെല്ലുവിളികൾ നിറഞ്ഞതാണെന്ന് മാണി സി കാപ്പൻ തിരിച്ചറിയുന്നുണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥിയായി വരുന്ന തെരഞ്ഞെടുപ്പിൽ പാലായിൽ നിന്ന് മത്സരിക്കും എന്ന് പറയുമ്പോഴും ജോസ് കെ മാണി എത്തുമ്പോൾ പാലാ വിട്ടു നൽകേണ്ടിവരുമോ എന്നതാണ് പ്രധാന ചോദ്യം. അങ്ങനെ വന്നാൽ യുഡിഎഫ് സ്ഥാനാർഥിയായി കാപ്പൻ പാലായിൽ നിന്ന് മത്സരിക്കും എന്നതാണ് ഉയരുന്ന പ്രധാനപ്പെട്ട അഭ്യൂഹം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 08, 2020 3:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സംശയം വേണ്ട, അടുത്ത തെരഞ്ഞെടുപ്പിലും പാലായിൽ ഞാൻ തന്നെ സ്ഥാനാർഥി'; മാണി.സി.കാപ്പൻ


