'അധ്യാപകരുടെ കുറ്റമല്ലല്ലോ?' വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചതിന് പിന്നാലെ സൂംബ ഡാൻസ്; മന്ത്രി ജെ ചിഞ്ചുറാണിക്കെതിരെ വിമർശനം
- Published by:Rajesh V
- news18-malayalam
Last Updated:
മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. സഹപാഠികള്‍ വിലക്കിയിട്ടും വിദ്യാർത്ഥി ഷീറ്റിന് മുകളില്‍ വലിഞ്ഞുകയറിയെന്നാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.
കൊല്ലം തേവലക്കര ഹൈസ്ക്കൂളിൽ എട്ടാംക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ചതിന്റെ ഞെട്ടലിൽ കേരളം വിറങ്ങലിച്ച് നിൽക്കുന്നതിനിടെ ജില്ലയിൽ നിന്നുള്ള മന്ത്രി ജെ ചിഞ്ചുറാണിയുടെ സൂംബ ഡാൻസ് വിവാദത്തിൽ. സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വനിതാ സംഗമത്തിലായിരുന്നു മന്ത്രിയുടെ ഡാൻസ്. മിഥുന്റെ മരണത്തിൽ സർക്കാർ സംവിധാനങ്ങൾക്ക് എതിരെ വിമർശനം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ ഡാൻസിന്റെ ദൃശ്യവും അപകടത്തെ നിസ്സാരവത്കരിക്കുന്ന പ്രസംഗവും വിവാദമായിരിക്കുന്നത്.
മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. സഹപാഠികള്‍ വിലക്കിയിട്ടും വിദ്യാർത്ഥി ഷീറ്റിന് മുകളില്‍ വലിഞ്ഞുകയറിയെന്നാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.
ഇതും വായിക്കുക: ‘പ്രധാനാധ്യാപകന് എന്താണ് ജോലി, സ്കൂളിലെ കാര്യങ്ങൾ നോക്കണ്ടേ?’; കുട്ടി ഷോക്കേറ്റ് മരിച്ചതിൽ മന്ത്രി ശിവൻകുട്ടി
'ഒരു പയ്യന്റെ ചെരിപ്പാണ്. ആ പയ്യനാ ചെരുപ്പെടുക്കാന്‍ ഷെഡിന്റെ മുകളില്‍ കയറി. ചെരിപ്പെടുക്കാന്‍ പോയപ്പോള്‍ കാലൊന്ന് തെന്നി പെട്ടെന്ന് കയറി പിടിച്ചത് വലിയ കമ്പിയിലാണ്. ഇതിലാണ് കറണ്ട് കടന്നു വന്നത്. കുട്ടി അപ്പോഴേ മരിച്ചു. അത് അധ്യാപകരുടെ കുഴപ്പമൊന്നുമില്ല. പക്ഷെ നമ്മുടെ കുഞ്ഞുങ്ങള്‍ ഇതിന്റെ മുകളില്‍ ഒക്കെ ചെന്ന് കേറുമ്പോള്‍ ഇത്രയും ആപത്തുണ്ടാകുമെന്ന് നമുക്കറിയില്ലല്ലോ. രാവിലെ സ്‌കൂളിലേക്ക് ഒരുങ്ങി പോയ കുട്ടിയാണ്. കുഞ്ഞ് മരിച്ചു തിരിച്ചു വരുന്ന അവസ്ഥ. ഒരുപക്ഷെ നമുക്ക് അധ്യാപകരെ കുറ്റം പറയാൻ പറ്റില്ല. സഹപാഠികള്‍ പറഞ്ഞിട്ട് പോലും അവന്‍ അവിടെ വലിഞ്ഞ് കയറിയതാണ്'- മന്ത്രി പ്രസംഗത്തിൽ പറഞ്ഞു.
advertisement
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയും പടിഞ്ഞാറേ കല്ലട വലിയപാടം മനുഭവനിൽ മനുവിന്റെ മകനുമായ മിഥുൻ മനു (13) ആണ് മരിച്ചത്. കുവൈറ്റിൽ ജോലി ചെയ്യുന്ന അമ്മ എത്തിയശേഷം സംസ്കാരം നടത്തും. സംഭവത്തിൽ ശാസ്താം കോട്ട പൊലീസ് കേസെടുത്തു. ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
July 18, 2025 8:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അധ്യാപകരുടെ കുറ്റമല്ലല്ലോ?' വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചതിന് പിന്നാലെ സൂംബ ഡാൻസ്; മന്ത്രി ജെ ചിഞ്ചുറാണിക്കെതിരെ വിമർശനം