തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് തിരിച്ചെത്തിയാലുടന്‍ വിശദികരീക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കുടുബാംഗങ്ങളൊത്ത് നടത്തിയ ഔദ്യോഗിക യാത്ര വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം. മന്ത്രിമാരായിപ്പോയി എന്നുവെച്ച് കുടുംബാംഗങ്ങള്‍ക്ക് വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പാടില്ല എന്നുള്ള നിലപാടൊന്നും സ്വീകരിക്കാന്‍ പാടില്ലെന്ന് മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശസന്ദര്‍ശനവും ഒപ്പം കുടുംബാംഗങ്ങളേയും കൊണ്ടുപോയത് സംബന്ധിച്ച വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുടുംബാംഗങ്ങളുമായി പോകുന്നതില്‍ ഒരു തെറ്റുമില്ല. അവര്‍ സ്വന്തം കാശുമുടക്കി പോയതാണ്. സ്വന്തം ഭാര്യമാരെ തന്നെയാണ് കൊണ്ടുപോയിട്ടുള്ളത് വേറെ ആരുടെയും ഭാര്യമാരെ കൊണ്ടുപോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭര്‍ത്താവ് മന്ത്രി ആയതിനാല്‍ ഭാര്യയ്ക്ക് വീട്ടില്‍നിന്നും പുറത്തിറങ്ങാന്‍ പാടില്ല എന്നാണോ- എന്നും ശിവന്‍കുട്ടി ചോദിച്ചു.
മന്ത്രിമാര്‍ സന്ദര്‍ശിച്ച് തീര്‍ന്നില്ലല്ലോ. അതിന് മുന്നെ ധൂര്‍ത്താണെന്ന് പറഞ്ഞാല്‍ അത് മുന്‍കൂട്ടി തന്നെ അങ്ങ് പറയുകയല്ലേ. നമുക്ക് നോക്കാം, ഭാവിയില്‍ എന്തൊക്കെ നേട്ടങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത് എന്നത് സംബന്ധിച്ച്. പോയിട്ട് തിരിച്ചുവന്നങ്ങ് ഇറങ്ങിയാല്‍ ഉടനെ നേട്ടമുണ്ടാകുമോ. അതിന് എന്തെല്ലാം നടപടിക്രമങ്ങളുണ്ട്- അദ്ദേഹം പറഞ്ഞു.
Also Read- മുഖ്യമന്ത്രി യുഎഇയിൽ പോയത് മകനെ കാണാൻ; വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നുവെന്ന് രേഖകൾ
നമ്മുടെ കേരള സംസ്ഥാനത്ത് ഒരു റോഡ് നിര്‍മ്മാണത്തിന് എന്തെല്ലാം നടപടിക്രമങ്ങള്‍ പാലിക്കണം. ഒരു സംസ്ഥാനത്തുനിന്ന് ഒരു രാജ്യത്ത് സന്ദര്‍ശനം നടത്തി അവിടെനിന്ന് ഉണ്ടാകുന്ന അനുഭവങ്ങളുടെ അടിസ്ഥാനത്തിലും അതുപോലെ തന്നെ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലും നമ്മുടെ സംസ്ഥാനത്ത് ആ നേട്ടങ്ങള്‍ ബോധ്യപ്പെടണമെങ്കില്‍ അതിന് കുറേ സമയമെടുക്കും. അല്ലാതെ വന്നിറങ്ങിയ ഉടനെ തന്നെ അവിടെനിന്ന് കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങിച്ചുകൊണ്ടുവരുന്നത് പോലെ കൊണ്ട് ഇവിടെ വെക്കാന്‍ പറ്റുന്നതാണോ നേട്ടങ്ങള്‍ എന്നു പറഞ്ഞാല്‍. ഭാവിയില്‍ നമുക്ക് കാണാമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം മകനെ കാണാനാണെന്നും ഇതിന് വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയിരുന്നുവെന്ന് പൊതുഭരണവകുപ്പ് വ്യക്തമാക്കിയിരുന്നു. യൂറോപ്യൻപര്യടനം കഴിഞ്ഞു വന്ന മുഖ്യമന്ത്രി യുഎഇയിൽ തങ്ങിയത് ദുരൂഹമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് വിദേശകാര്യമന്ത്രാലയം അനുമതി നൽകിയ രേഖകൾ പൊതു ഭരണ വകുപ്പ് പുറത്തുവിട്ടത്.
ഭാര്യ കമല, മകൾ വീണ, ചെറുമകൻ ഇഷാൻ, പേഴ്സണൽ അസിസ്റ്റന്റ് സുനീഷ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. മുഖ്യമന്ത്രി വിദേശയാത്രയ്ക്ക് അനുമതി തേടുമ്പോൾ ദുബായ് സന്ദർശനം ഉണ്ടായിരുന്നില്ലെന്നും അതിനെക്കുറിച്ച് അന്വേഷിക്കുമെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞിരുന്നു.
Also Read- 'ഞാൻ അതിജീവിക്കും; നിങ്ങൾ അനുഭവിക്കും'; ബലാത്സംഗക്കേസിലെ സാക്ഷിക്ക് എൽദോസ് കുന്നപ്പിള്ളിലിന്റെ ഭീഷണി
മുഖ്യമന്ത്രി പിണറായി വിജയൻ നോർവെ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ സന്ദർശിക്കുന്നതിനായി ആദ്യം അനുമതി തേടിയിരുന്നു. വിദേശകാര്യമന്ത്രാലയം അനുമതി നൽകി. ഇംഗ്ലണ്ട് സന്ദർശനത്തിനിടെയാണ് യുഎഇയിൽ ജോലി ചെയ്യുന്ന മകനെ കാണുന്നതിനായി വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടിയത്. ഇതിനും അനുമതി ലഭിച്ചു. മുഖ്യമന്ത്രിക്കൊപ്പം വിദേശ സന്ദർശനം നടത്തിയ ആരോഗ്യമന്ത്രി വീണാ ജോർജും ബന്ധുവിനെ കാണാനായി യുഎഇ സന്ദർശനത്തിന് അനുമതി തേടിയിരുന്നു. വിദേശകാര്യമന്ത്രാലം ഇതിനും അനുമതി നൽകിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.