തിരുവനന്തപുരം: സന്യാസജീവിതം വെറുത്തിട്ടില്ലെന്നും അതു തുടരാനാണ് താല്പര്യമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. ഗര്‍ഭം ധരിച്ചു കുഞ്ഞിന് ജന്മം നല്കുന്ന പോലെ അനേകായിരം കുഞ്ഞുങ്ങള്‍ക്ക് സ്നേഹത്തിലൂടെ ജന്മം നല്കാന് സാധിച്ചിട്ടുണ്ട്. സ്നേഹത്തിലൂടെ സന്യാസജീവിതം പൂര്‍ണമാകുകയുള്ളുവെന്നും അവർ പറഞ്ഞു. ഡി സി കിഴക്കെമുറി ഫൗണ്ടേഷനും ഡി സി ബുക്സും ചേര്‍ന്ന് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന സ്പേസസ് ഫെസ്റ്റില്‍ 'സന്യാസിമഠങ്ങളിലെ മതിലുകള്‍ക്കുപിന്നില്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍.
അകത്തു നിന്നുകൊണ്ട് പുറംലോകത്തോട് സത്യം വിളിച്ചുപറഞ്ഞതിന്റെ പേരിലാണ് മഠത്തിൽ നിന്നും പുറത്താക്കിയത്. മഠത്തിന് മുന്നില്‍ മറ്റാര്‍ക്കും പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിച്ചതിലൂടെ പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും കന്യാസ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ടുവെന്നും അവര്‍ പറഞ്ഞു.
ദൈവസ്നേഹം നഷ്ടപ്പെട്ടാല്‍ സന്യാസജീവിതം പിന്നീട് തോന്ന്യാസജീവിതം ആണെന്ന് സിസ്റ്റര്‍ ജെസ്മി അഭിപ്രായപ്പെട്ടു. നല്ല വൈദികര്‍ ഇപ്പോഴുമുണ്ട് എന്നാല്‍ ഒരു ഗുണ്ടാസംഘത്തിലെ നല്ല ഗുണ്ടകള്‍ക്ക് എന്ത് നന്മ ചെയ്യാന്‍ കഴിയുമെന്നും അവര്‍ ചോദിച്ചു. മഠങ്ങള്‍ക്കുള്ളില്‍ സ്വയം ഇടങ്ങള്‍ കണ്ടെത്തിക്കൊണ്ട് ആദ്യനാളുകളില്‍ സന്യാസജീവിതം ആസ്വദിച്ചു എങ്കിലും പിന്നീടാണ് അപാകതകള്‍ കണ്ടെത്തിയത്. സ്വപ്നം കണ്ട എത്തിയ ആധ്യാത്മിക ജീവിതം കിട്ടാതെ വന്നപ്പോള്‍ ആണ് വീര്‍പ്പുമുട്ടലുകള്‍ അനുഭവിച്ചുതുടങ്ങിയത്.
സഭ എന്നത് മതം എന്ന രീതിയിലേക്ക് മാറിയിരിക്കുന്നു എന്നതാണ് ചരിത്രാധ്യാപകനായ അഷ്റഫ് കടക്കലിന്റെ അഭിപ്രായം. നിലവില്‍ ഒരു സഭയിലും അംഗത്വമില്ലാത്ത ഒരു വ്യക്തിക്ക് ഒരു ജീവിതം ജീവിച്ചു തീര്‍ക്കാന്‍ കഴിയുമോ എന്നത് ഒരു ചോദ്യമാണെന്നും എന്നാല്‍ അതിനു സാധിക്കില്ല എന്നതാണ് തന്റെ കണ്ടെത്തലെന്നും അഷ്റഫ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.