കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കും
Last Updated:
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് മറ്റു വിമാനത്താവളങ്ങളിലേക്കാള്‍ അമിതനിരക്ക് ഈടാക്കുന്നത് കുറയ്ക്കാന്‍ എയര്‍ ഇന്ത്യ തയാറാകണമെന്ന് മുഖ്യമന്ത്രി
തിരുവനമ്പുരം: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുമെന്ന് വിമാനക്കമ്പനികള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കി. കേരളത്തിലെ വിമാനത്താവളങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ എര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിമാന കമ്പനി സിഇഒ മാരുമായി നടത്തിയ യോഗത്തിലാണ് ഇക്കാരം സംബന്ധിച്ച ഉറപ്പുലഭിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് മറ്റു വിമാനത്താവളങ്ങളിലേക്കാള്‍ അമിതനിരക്ക് ഈടാക്കുന്നത് കുറയ്ക്കാന്‍ എയര്‍ ഇന്ത്യ തയാറാകണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.
പുതുതായി ആരംഭിച്ച കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളായ ദുബായ്, ഷാര്‍ജ, അബുദാബി, മസ്‌ക്കറ്റ്, ദോഹ, ബഹ്റൈന്‍, റിയാദ്, കുവൈത്ത്, ജിദ്ദ തുടങ്ങിയ മേഖലകളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആവശ്യമാണ്. ഇതിനുപുറമെ സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളായ സിംഗപൂര്‍, മലേഷ്യ എന്നിവിടങ്ങളിലേക്ക് വര്‍ധിച്ച ആവശ്യമുണ്ട്. നിലവില്‍ എയര്‍ ഇന്ത്യാ എക്സ്പ്രസാണ് നാലു അന്താരാഷ്ട്ര സര്‍വീസുകള്‍ കണ്ണൂരില്‍ നിന്ന് നടത്തുന്നത്.
കണ്ണൂരില്‍ നിന്ന് നിലവില്‍ വിദേശ വിമനക്കമ്പനികള്‍ക്ക് സര്‍വീസിനുള്ള അനുമതി നല്‍കിയിട്ടില്ല. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഉദ്ഘാടനം ചെയ്തശേഷമുള്ള കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യമാസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ അന്താരാഷ്ട്ര, ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഏതാണ്ട് ഒരുപോലെയാണെന്നും രാജ്യത്തെ മറ്റു പ്രമുഖ നഗരങ്ങളുമായും കണ്ണൂരില്‍ നിന്നുള്ള വ്യോമബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
Also Read: BREAKING: വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട് : ഹാക്കറുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
ശബരിമല വിമാനത്താവളത്തിനുള്ള സാധ്യതാപഠന റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിഗണനയിലാണെന്നും കാസര്‍കോട്ടെ ബേക്കല്‍, ഇടുക്കി, വയനാട് എന്നിവിടങ്ങളില്‍ എയര്‍സ്ട്രിപ്പ് ആരംഭിക്കുന്നതും സര്‍ക്കാര്‍ പരിഗണനയിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
എയര്‍ ഇന്ത്യയുടെ കണ്ണൂരില്‍ നിന്നുള്ള അമിത നിരക്കുകള്‍ കുറയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി എയര്‍ ഇന്ത്യ സി.എം.ഡി പി.എസ്. ഖരോള മുഖ്യമന്ത്രിയെ അറിയിച്ചു. വടക്കേ ഇന്ത്യയിലെ പ്രമുഖ വിമാനത്താവളങ്ങളിലേക്ക് കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ വേനല്‍ക്കാല ഷെഡ്യൂളില്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എയര്‍ ഇന്ത്യാ എക്സ്പ്രസ് കണ്ണൂരില്‍ നിന്ന് മൂന്നു രാജ്യങ്ങളിലേക്ക് കൂടി മാര്‍ച്ചോടെ സര്‍വീസ് ആരംഭിക്കുമെന്ന് സിഇഒ കെ ശ്യാംസുന്ദര്‍ യോഗത്തെ അറിയിച്ചു. ബഹ്റൈന്‍, കുവൈത്ത്, മസ്‌ക്കറ്റ് എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍. നിലവില്‍ ഷാര്‍ജ, അബുദാബി, റിയാദ്, ദോഹ എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യാ എക്സ്പ്രസ് സര്‍വീസ് നടത്തുന്നുണ്ട്. തിരുവനന്തപുരം- കണ്ണൂര്‍ സര്‍വീസിനുള്ള സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
Dont Miss: പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്‍ 3 വര്‍ഷം കൊണ്ട് 60 ഇരട്ടി ലാഭത്തില്‍
ഇന്‍ഡിഗോ എയര്‍ലൈന്‍സ് കണ്ണൂരില്‍ നിന്ന് ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ഹൂബ്ളി, ഗോവ എന്നിവിടങ്ങളിലേക്ക് ജനുവരി 25ന് സര്‍വീസ് ആരംഭിക്കുമെന്ന് കമ്പനി പ്രതിനിധികള്‍ അറിയിച്ചു. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് മാര്‍ച്ച് അവസാനം ആരംഭിക്കും. ദോഹ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് മാര്‍ച്ചിലും രണ്ടു മാസങ്ങള്‍ക്കുള്ളില്‍ ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കും സര്‍വീസ് ആരംഭിക്കുന്നതും പരിഗണനയിലുണ്ട്. പ്രതിനിധികള്‍ പറഞ്ഞു.
advertisement
കണ്ണൂരില്‍ നിന്ന് ബെംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കും മസ്‌ക്കറ്റിലേക്കും സര്‍വീസ് ആരംഭിക്കുമെന്ന് ഗോ എയര്‍ അധികൃതര്‍ അറിയിച്ചു. സ്പൈസ് ജെറ്റ് അധികൃതര്‍ കണ്ണൂരില്‍നിന്ന് ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുമെന്നും അറിയിച്ചു. സംസ്ഥാനത്ത് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് വിദേശ വിമാനക്കമ്പനികളുടെ പ്രതിനിധികളും അറിയിച്ചു. പത്ത് ആഭ്യന്തര കമ്പനികളുടെയും 12 അന്താരാഷ്ട്ര കമ്പനികളുടേയും പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. സംസ്ഥാനത്ത് നിന്നുള്ള വിമാനസര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മികച്ച ഇടപെടലാണ് നടത്തുന്നതെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍എ. ചൗബേയും യോഗത്തില്‍ പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 21, 2019 8:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കും