HOME » NEWS » Kerala » MP VEERENDRAKUMAR THE REAL GIANT OF KERALA POLITICS NEW

എം.പി. വീരേന്ദ്രകുമാർ എം.പി.-വിശേഷണങ്ങൾക്ക് അതീതൻ; വിട പറഞ്ഞത് കേരള രാഷ്ട്രീയത്തിലെ അതികായൻ

ജന്മികുടുംബത്തിൽ പിറന്ന് സോഷ്യലിസ്റ്റ് ആശയത്തിനുവേണ്ടി പ്രവർത്തിച്ച വീരേന്ദ്രകുമാർ അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിക്കുകയും, അറസ്റ്റിലാകുന്നതിന് മുമ്പ് അധികൃതർ അദ്ദേഹത്തിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു

News18 Malayalam | news18-malayalam
Updated: May 29, 2020, 1:55 PM IST
എം.പി. വീരേന്ദ്രകുമാർ എം.പി.-വിശേഷണങ്ങൾക്ക് അതീതൻ; വിട പറഞ്ഞത് കേരള രാഷ്ട്രീയത്തിലെ അതികായൻ
എം പി വീരേന്ദ്രകുമാർ
  • Share this:
സ്കൂൾ വിദ്യാർഥിയായിരിക്കെ സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണനിൽനിന്ന് അംഗത്വം സ്വീകരിച്ചാണ് എം.പി വീരേന്ദ്രകുമാർ പൊതുപ്രവർത്തനത്തിന് ഇറങ്ങുന്നത്. ഏകദേശം അരനൂറ്റാണ്ട് പിന്നിട്ട ആ രാഷ്ട്രീയ ജീവിതം ഏറെ സംഭവബഹുലമായിരുന്നു. ജന്മികുടുംബത്തിൽ പിറന്ന് സോഷ്യലിസ്റ്റ് ആശയത്തിനുവേണ്ടി പ്രവർത്തിച്ച വീരേന്ദ്രകുമാർ അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിക്കുകയും, അറസ്റ്റിലാകുന്നതിന് മുമ്പ് അധികൃതർ അദ്ദേഹത്തിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു. രാഷ്ട്രീയപ്രവർത്തകൻ മാത്രമായിരുന്നില്ല എഴുത്തുകാരൻ, പ്രഭാഷകൻ, മാധ്യമപ്രവർത്തകൻ, പരിസ്ഥിതിപ്രവർത്തകൻ, ചിന്തകൻ തുടങ്ങി വിശേഷണങ്ങൾക്ക് അതീതനായിരുന്നു എം.പി വീരേന്ദ്രകുമാർ.

ഫിലോസഫിയിൽ ബിരുദാനന്തര ബിരുദം, അമേരിക്കയിൽനിന്ന് എംബിഎ

1936 ജൂലായ് 22ന് വയനാട് കല്പറ്റയിൽ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാ ഗൗഡരുടെയും മരുദേവി അവ്വയുടെയും മകനായാണ് വീരേന്ദ്രകുമാറിന്‍റെ ജനനം. പിതാവിന്‍റെ പാത പിന്തുടർന്ന് വിദ്യാർഥിയായിരിക്കെതന്നെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിൽ ഇറങ്ങി. വയനാട്ടിൽ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട് സാമൂതിരി കോളേജിൽനിന്ന് ബിരുദവും മദിരാശി വിവേകാനന്ദ കോളേജിൽനിന്ന് ഫിലോസഫിയിൽ മാസ്റ്റർ ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാലയിൽനിന്ന് എം.ബി.എ. ബിരുദവും നേടി.

സംഭവബഹുലമായ രാഷ്ട്രീയജീവിതം

ജയപ്രകാശ് നാരായണനിൽനിന്ന് അംഗത്വം സ്വീകരിച്ച് രാഷ്ട്രീയജീവിതം തുടങ്ങിയ എം.പി വീരേന്ദ്രകുമാർ തുടർന്ന് റാം മനോഹർ ലോഹ്യയുടെ അടുത്ത അനുയായിയായി മാറി. അടിയന്തരാവസ്ഥയിൽ ജയിൽവാസത്തിനുശേഷമാണ് വീരേന്ദ്രകുമാർ കേരള രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധേയനായി മാറിയത്. 1987-ൽ കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. വനങ്ങളിലെ മരങ്ങൾ മുറിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യത്തെ ഉത്തരവ്. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളെ തുടർന്ന് 48 മണിക്കൂറിനുള്ളിൽ മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടിവന്നു. കേന്ദ്ര മന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴിൽവകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായിരുന്നു. 2004 മുതൽ 2009 വരെ പാർലമെന്റ് അംഗമായും പ്രവർത്തിച്ചു. കേരള രാഷ്ട്രീയത്തിൽ ഏറെക്കാലവും ഇടതുമുന്നണിക്കൊപ്പം നിലകൊണ്ട വീരേന്ദ്രകുമാർ ഇടയ്ക്ക് യുഡിഎഫിലേക്ക് പോയെങ്കിലും പിന്നീട് എൽഡിഎഫിലേക്ക് തിരിച്ചെത്തി. കക്ഷി രാഷ്ട്രീയഭേദമന്യേ ഒട്ടുമിക്ക രാഷ്ട്രീയനേതാക്കൾക്കും പ്രിയങ്കരനായിരുന്നു അദ്ദേഹം.

എഴുത്തിലും കൈയ്യൊപ്പ് ചാർത്തി

മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തകനായി ഇരിക്കുമ്പോഴും ശ്രദ്ധേയമായ ഒട്ടനവധി കൃതികളുടെ സൃഷ്ടാവ് കൂടിയായിരുന്നു എം.പി വീരേന്ദ്രകുമാർ. ഹൈമവതഭൂവിൽ, ആമസോണും കുറെ വ്യാകുലതകളും, ഗാട്ടും കാണാച്ചരടുകളും, വിചിന്തനങ്ങൾ സ്മരണകൾ, ആത്മാവിലേക്ക് ഒരു തീർഥയാത്ര, ഡാന്യൂബ് സാക്ഷി, സ്മൃതിചിത്രങ്ങൾ ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം, ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും, തിരിഞ്ഞുനോക്കുമ്പോൾ, പ്രതിഭയുടെ വേരുകൾ തേടി, അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ, രോഷത്തിന്റെ വിത്തുകൾ, രാമന്റെ ദുഃഖം, സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി തുടങ്ങിയവ അദ്ദേഹത്തിന്‍റെ കൃതികളിൽ ചിലതാണ്.

എണ്ണിയാലൊടുങ്ങാത്ത പുരസ്ക്കാരങ്ങളും ബഹുമതികളും

വിവിധ മേഖലകളിലെ പ്രവർത്തനത്തെതുടർന്ന് നിരവധി പുരസ്ക്കാരങ്ങളും ബഹുമതികളും എം.പി വീരേന്ദ്രകുമാറിനെ തേടിയെത്തി. മതസൗഹാർദ പ്രവർത്തനങ്ങളെ മുൻനിർത്തി കേരള മുസ്ലിം കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ സി.എച്ച്. മുഹമ്മദ് കോയ പുരസ്കാരം (1991), കേരള സാഹിത്യ അക്കാദമിയുടെ സി.ബി. കുമാർ എൻഡോവ്മെന്റ് അവാർഡ് (1995), സി. അച്യുതമേനോൻ സാഹിത്യ പുരസ്കാരം (1995), മഹാകവി ജി. സ്മാരക അവാർഡ് (1996), ഓടക്കുഴൽ അവാർഡ് (1997), സഹോദരൻ അയ്യപ്പൻ അവാർഡ് (1997), കേസരി സ്മാരക അവാർഡ് (1998), നാലപ്പാടൻ പുരസ്കാരം (1999), അബുദാബി ശക്തി അവാർഡ് (2002), കെ. സുകുമാരൻ ശതാബ്ദി അവാർഡ് (2002), വയലാർ അവാർഡ് (2008), ഡോ. ശിവരാം കാരന്ത് അവാർഡ് (2009), സി. അച്യുതമേനോൻ ഫൗണ്ടേഷന്റെ കെ.വി. സുരേന്ദ്രനാഥ് അവാർഡ് (2009), ബാലാമണിയമ്മ പുരസ്കാരം (2009), കേശവദേവ് സാഹിത്യപുരസ്കാരം, കെ.പി. കേശവമേനോൻ പുരസ്കാരം (2010), കെ.വി. ഡാനിയൽ അവാർഡ് (2010), ഏറ്റവും മികച്ച യാത്രാവിവരണ കൃതിക്കുള്ള പ്രഥമ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (2010), ഡോ. സി.പി. മേനോൻ അവാർഡ്, ഫാദർ വടക്കൻ അവാർഡ് (2010), മള്ളിയൂർ ഗണേശപുരസ്കാരം (2011), അമൃതകീർത്തി പുരസ്കാരം (2011), സ്വദേശാഭിമാനി പുരസ്കാരം (2011), ഡോ. കെ.കെ. രാഹുലൻ സ്മാരക അവാർഡ് (2012), കല (അബുദാബി) മാധ്യമശ്രീ പുരസ്കാരം (2012), ജസ്റ്റിസ് കെ.പി. രാധാകൃഷ്ണമേനോൻ പുരസ്കാരം (2013) കെ.കെ.ഫൗണ്ടേഷൻ അവാർഡ്(2014) തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾക്ക് അർഹനായിട്ടുണ്ട്. ഹൈമവതഭൂവിലിന്റെ ഹിന്ദി, തമിഴ് പരിഭാഷകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മാധ്യമമേഖലയിലും തിളങ്ങി

രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കവെയാണ് 1979 നവംബറിൽ മാതൃഭൂമിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായത്. ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പർ, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ വൈസ് ചെയർമാൻ, പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ട്രസ്റ്റി, ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് മെമ്പർ, കോമൺവെൽത്ത് പ്രസ് യൂണിയൻ മെമ്പർ, വേൾഡ് അസോസിയേഷൻ ഓഫ് ന്യൂസ് പേപ്പേഴ്സ് എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പർ, ജനതാദൾ(യു) സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. 1992-93, 2003-04, 2011-12 കാലയളവിൽ പി.ടി.ഐ. ചെയർമാനും 2003-04-ൽ ഐ.എൻ.എസ്. പ്രസിഡന്റുമായിരുന്നു.
TRENDING:COVID 19 ഏ​റ്റ​വും മോ​ശ​മാ​യി ബാ​ധി​ച്ച ഒ​മ്പ​താ​മ​ത്തെ രാ​ജ്യ​മാ​യി ഇ​ന്ത്യ; മരണം 4600 കടന്നു [NEWS]എം പി വീരേന്ദ്രകുമാർ: ഏറ്റവും കുറച്ചുസമയം സംസ്ഥാനമന്ത്രിയായിരുന്ന വ്യക്തി; എഴുത്തുകാരനായി തിളങ്ങിയ രാഷ്ട്രീയ നേതാവ് [NEWS]കണ്ണൂർ വിമാനത്താവളത്തിൽ തെർമൽ സ്ക്രീനിങ് സ്മാർട്ട്‌ ഗേറ്റ് പ്രവർത്തനം ആരംഭിച്ചു; ഇന്ത്യയിൽ ആദ്യത്തേത് [NEWS]
കുടുംബം

ഭാര്യ: ഉഷ വീരേന്ദ്രകുമാർ. മക്കൾ: എം.വി. ശ്രേയാംസ് കുമാർ (മാതൃഭൂമി ജോയന്റ് മാനേജിങ് ഡയറക്ടർ), എം.വി. ആശ, എം.വി. നിഷ, എം.വി. ജയലക്ഷ്മി. മരുമക്കൾ: കവിത ശ്രേയാംസ് കുമാർ, ദീപക് ബാലകൃഷ്ണൻ (ബംഗളൂരു), എം.ഡി. ചന്ദ്രനാഥ് (വയനാട്).

Published by: Anuraj GR
First published: May 29, 2020, 12:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories