തിരുവനന്തപുരം: റബർ വില ഉയർത്തിയാൽ ബിജെപി ക്ക് വോട്ട് ചെയ്യുമെന്ന തലശ്ശേരി ആർച്ച് ബിഷപ്പിന്റെ പരാമർശത്തിൽ പ്രതികരണവുമായി നേതാക്കൾ. ആർച്ച് ബിഷപ്പിന്റെ പ്രസ്താവന തനിക്കറിയില്ലെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ബിജെപിയുടെ സോഷ്യൽ എൻജിനീയറിങ് കേരളത്തിൽ ഫലപ്രദമാകില്ലെന്നും പ്രതികരിച്ചു.
അവിടെ റബ്ബറിന്റെ വില മാത്രമല്ല പ്രശ്നമെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. രാവിലെ മാധ്യമങ്ങളെ കണ്ട ആർച്ച് ബിഷപ്പ് എം വി ഗോവിന്ദനും മറുപടി നൽകി. റബറിന്റെ വില നിസാരവിഷയമായി ഗോവിന്ദൻ മാഷിന് തോന്നുന്നുവെങ്കിൽ മലയോര കർഷകർക്ക് അങ്ങനെ തോന്നുന്നില്ല എന്നായിരുന്നു ആർച്ച് ബിഷപ്പിന്റെ പ്രതികരണം.
ആർഎസ്എസും ബിജെപിയുമൊക്കെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ സംരക്ഷകരായി വരുന്നെന്നും കുറുക്കൻ ഒരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്ന് ക്രൈസ്തവർക്കറിയാമെന്നമാണ് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചത്. പുള്ളിപുലിയുടെ പുള്ളി എത്ര തേച്ചാലും മായ്ച്ചാലും പോകില്ല. ആർ എസ് എസിന്റെ വിചാരധാരയിൽ മുസ്ലീങ്ങളും, ക്രൈസ്തവരും കമ്മ്യൂണിസ്റ്റുകളും ആണ് ശത്രുക്കളെന്നും രാജേഷ് പറഞ്ഞു.
എന്നാൽ, ബിഷപ്പിന്റെ പ്രസ്താവന പരിഗണിക്കപ്പെടേണ്ടതാണെന്നും കർഷക പ്രതിനിധികളുമായി ചർച്ച നടത്തുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു. കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ ഇടപെടല്‍ ഉണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
Also Read- ‘റബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാം’;തലശ്ശേരി ആർച്ച് ബിഷപ്പ്
ബിഷപ്പ് ജോസഫ് പാംബ്ലാനി നടത്തിയത് കേന്ദ്ര നയത്തിനെതിരായ പ്രതികരണമെന്നാണ് ജോസ് കെ മാണി പ്രതികരിച്ചത്. റബർ വിലയിടിവിന് കാരണക്കാരായ കേന്ദ്രം നയങ്ങൾ തിരുത്തണമെന്നാണ് ബിഷപ്പ് പറഞ്ഞതെന്നും ജോസ് കെ മാണി പറഞ്ഞു.
റബർവില 300 രൂപയാക്കിയാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാമെന്നും കേരളത്തിൽ നിന്ന് എംപി ഇല്ലാ എന്ന വിഷമം കുടിയേറ്റ ജനത പരിഹരിക്കുമെന്നുമായിരുന്നു ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസംഗം. ഇന്നലെ നടത്തിയ പ്രസംഗം രാഷ്ട്രീയ ചർച്ചയായ ശേഷവും ആർച്ച് ബിഷപ്പ് നിലപാട് ആവർത്തിച്ചു. റബർ വിലയിൽ കോൺഗ്രസിനെയും സിപിഎമ്മിനെയും മാർ ജോസഫ് പാംപ്ലാനി വിമർശിക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.