കോഴിക്കോട്: വൈകീട്ട് ആറുമണിക്ക് ശേഷം സ്ത്രീകള്‍ സമരത്തിനിറങ്ങരുതെന്ന് വനിതാ ലീഗ് ദേശീയ ജനറല്‍സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ്. മുസ്ലിം ലീഗ് നാഷണല്‍ കമ്മിറ്റി യോഗത്തിന് ശേഷം നൂര്‍ബിന റഷീദ് വനിതാ ലീഗ് നേതാക്കള്‍ക്ക് നല്കിയ ഓഡിയോ സന്ദേശം പുറത്തായി. താന്പറഞ്ഞത് പാര്‍ട്ടി നിലപാടാണെന്നും നൂര്‍ബിന ന്യൂസ് 18നോടുപറഞ്ഞു. എന്നാല്‍ ഇത്തരമൊരു തീരുമാനത്തെക്കുറിച്ച് അറിയില്ലെന്നും വനിതാ ലീഗ് രാത്രിസമരങ്ങളില് പങ്കെടുക്കാറുണ്ടെന്നും സംസ്ഥാന പ്രസിഡണ്ട് കുല്‍സു ടീച്ചര്‍ വ്യക്തമാക്കി.
ബാഗ്ലൂരില്‍ മുസ്ലിം ലീഗ് നാഷണല്‍ സെക്രട്ടേറിയേറ്റ യോഗത്തിന് ശേഷമാണ് ഞാന്‍ വിളിക്കുന്നത്. സുഹ്റമമ്പാടിനെ വിളിച്ചിട്ട് കിട്ടുന്നില്ല. കുല്സുടീച്ചറെ വിളിച്ചിരുന്നു സംസാരിച്ച് തുടങ്ങിയപ്പോഴേക്ക് ഫോണ്‍ കട്ട് ചെയ്തു. ഞാന്‍ എന്നില്‍ ഏല്പിച്ച ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നു. പാര്‍ട്ടി ഒരു കാരണവശാലും വൈകീട്ടത്തെ പരിപാടിയില്‍ ഇരിക്കണ്ട എന്നാണ് പറഞ്ഞിരിക്കുന്നത്. ആറ് മണി കഴിഞ്ഞുള്ള ഒരു പരിപാടിയിലും പെണ്ണുങ്ങള് ഇരിക്കണ്ട എന്നാണ് പറഞ്ഞിരിക്കുന്നത്. ഞാന്‍ എന്നില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നു'- ഇതാണ് നൂര്‍ബിന റഷീദിന്റെ ഓഡിയോ സന്ദേശം.
താന്‍ പറഞ്ഞത് പാര്‍ട്ടി നിലപാടാണെന്ന് പിന്നീട് നൂര്‍ബിന റഷീദ് വിശദീകരിച്ചു.' വനിതാ ലീഗ് രൂപീകരിക്കുമ്പോള്‍ ഞാനുമുണ്ട്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ലീഗ് പ്രസിഡണ്ടായിരിക്കെയാണ് വനിതാ ലീഗ് രൂപീകരിച്ചത്. ശിഹാബ് തങ്ങളുടെ നിലപാടാണിത്. യൂത്ത് ലീഗ് ശഹീന്‍ ബാഗ് സമരത്തില്‍ വൈകീട്ട് അഞ്ച് മണി മുതല്‍ രാത്രി പത്ത് മണിവരെയാണ് സ്ത്രീകള്‍ സമരപ്പന്തലിലിരുന്നത്. ഇത്തരം സമരങ്ങള്‍ ഇനി വേണ്ടെന്നാണ് പറഞ്ഞത്. നിര്‍ബന്ധിച്ച് സ്ത്രീകളെ സമരത്തിനിര് രാത്രി കൊണ്ടുവരാന്‍ പാടില്ലെന്നാണ് പാര്‍ട്ടി തീരുമാനം. സ്ത്രീകള്‍ക്ക് മറ്റ് പല ജോലികളുമുണ്ട്'- നൂര്‍ബിന വിശദീകരിച്ചു.
എന്നാല്‍ നൂര്‍ബിനയുടെ ഓഡിയോ സന്ദേശത്തെക്കുറിച്ച് അറിയില്ലെന്നാണ് വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് കുല്സുടീച്ചറുടെ നിലപാട്. യൂത്ത് ലീഗ് പരിപാടിയിലും മറ്റുപരിപാടികളും വനിതകള്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. ഇതെല്ലാം പാര്‍ട്ടി നേതൃത്വത്തിന്റെ പൂര്‍ണ്ണ അറിവോടെയും അനുവാദത്തോടെയുമാണ്. സ്ത്രീകള്‍ രാത്രിയില്‍ സമരത്തിനിറങ്ങരുതെന്ന് പാര്‍ട്ടി നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും കുല്‍സുടീച്ചര്‍ പറഞ്ഞു.
പൗരത്വ വിഷയത്തില്‍ സ്ത്രീകള്‍ സമര രംഗത്തുവരുന്നതിനെതിരെ നേരത്തെ സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ അന്നൊന്നും മുസ്ലിം ലീഗ് അത്തരമൊരു നിലപാടെടുത്തിരുന്നില്ല. ദേശീയ കമ്മിറ്റി യോഗത്തിന് ശേഷം നൂര്‍ബിന നടത്തിയ പ്രസ്താവന തള്ളി കുല്‍സുടീച്ചര്‍ രംഗത്തെത്തിയ സഹചര്യത്തില്‍ ഇനി മുസ്ലിം ലീഗ് നേതൃത്വമാണ് നിലപാട് വ്യക്തമാക്കേണ്ടത് .
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.