കൊല്ലം ചക്കുവള്ളിയിൽ നവകേരളസദസ് കശുവണ്ടി ഫാക്ടറി മൈതാനത്ത്
- Published by:Anuraj GR
- news18-malayalam
Last Updated:
ഇന്നലെ രാത്രിയാണ് പുതിയ വേദി ജില്ലാ ഭരണകൂടം കണ്ടെത്തിയത്. ഇന്ന് രാവിലെ മുതൽ തന്നെ വേദി സജ്ജമാക്കുന്നതിനുള്ള ഒരുക്കങ്ങൾ ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്
കൊല്ലം: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ചക്കുവള്ളിയിലെ നവകേരള സദസ് വേദി മാറ്റി. ക്ഷേത്ര മൈതാനത്ത് നടത്താനിരുന്ന നവകേരള സദസ് ചക്കുവള്ളിയിലെ തന്നെ ഒരു കശുവണ്ടി ഫാക്ടറി മൈതാനത്തേക്കാണ് മാറ്റിയത്. ഇന്നലെ രാത്രിയാണ് പുതിയ വേദി ജില്ലാ ഭരണകൂടം കണ്ടെത്തിയത്. ഇന്ന് രാവിലെ മുതൽ തന്നെ വേദി സജ്ജമാക്കുന്നതിനുള്ള ഒരുക്കങ്ങൾ ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. താലൂക്ക് അധികൃതരും വളരെ വേഗത്തിൽ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. ഡിസംബർ 18 തിങ്കളാഴ്ചയാണ് കുന്നത്തൂർ മണ്ഡലത്തിലെ നവകേരള സദസ് ചക്കുവള്ളിയിൽ നടക്കുക.
കൊല്ലം കടയ്ക്കലിലെ നവകേരള സദസ് വേദിയും മാറ്റാൻ ജില്ലാ ഭരണൂടം തീരുമാനിച്ചിട്ടുണ്ട്. ചക്കുവള്ളിയിലെ വേദി സംബന്ധിച്ച് ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് കടയ്ക്കലിലെ വേദിയും മാറ്റിയത്. കടയ്ക്കൽ ദേവിക്ഷേത്ര മൈതാനിയിൽ നടത്താൻ നിശ്ചയിച്ച ചടയമംഗലം മണ്ഡലത്തിലെ നവകേരള സദസ് വേദി കടയ്ക്കൽ ബസ് സ്റ്റാൻഡിലേക്ക് മാറ്റാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ചക്കുവള്ളി ക്ഷേത്രഭൂമിയിൽ നവകേരള സദസ്സ് നടത്താനുള്ള ദേവസ്വം ബോർഡ് അനുമതി ഹൈക്കോടതി റദ്ദാക്കിയത്. നവകേരളസദസ്സ് ക്ഷേത്രഭൂമിയിൽ നടത്തുന്നതിനെതിരെ നൽകിയ ഹർജിയിൽ വാദം കേൾക്കുമ്പോഴാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ക്ഷേത്രഭൂമികൾ ആരാധന ആവശ്യങ്ങൾക്ക് അല്ലാതെ മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമായ സാഹചര്യത്തിലാണ് ഹൈക്കോടതി അനുമതി റദ്ദാക്കിയത്.
advertisement
കൊല്ലം കുന്നത്തൂർ മണ്ഡലത്തിലെ നവകേരള സദസ്സാണ് ചക്കുവള്ളി ശ്രീ പരബ്രഹ്മക്ഷേത്രം മൈതാനത്ത് നടത്താനായി നിശ്ചയിച്ചിരുന്നത്. ഈ മാസം 18നാണ് ഇവിടെ നവകേരളസദസ്സ് നടത്താനായി തീരുമാനിച്ചത്. ഇതിനായി ക്ഷേത്ര മൈതാനത്തിന്റെയും ചുറ്റുമതിൽ പൊളിക്കാനടക്കം നീക്കം നടന്നിരുന്നു. ഭക്തരിൽ നിന്നും വലിയ പ്രതിഷേധമാണ് ഇതിനെതിരായി ഉണ്ടായത്. ക്ഷേത്രമൈതാനം പരിപാടിക്കായി വിട്ടുനൽകുന്നത് ചോദ്യം ചെയ്ത് കൊല്ലം കുന്നത്തൂർ സ്വദേശിയായ ജയകുമാർ, മൈനാഗപ്പള്ളി സ്വദേശിയായ ഓമനക്കുട്ടൻ പിള്ള എന്നിവരാണ് ഹർജി നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
December 16, 2023 10:09 AM IST