മെഡിക്കൽ കോളജിലേക്കല്ല, സനലിനെ ആദ്യം കൊണ്ടുപോയത് സ്റ്റേഷനിലേക്ക്
Last Updated:
തിരുവനന്തപുരം: വാക്കുതർക്കത്തിനിടെ ഡിവൈ.എസ്.പി റോഡിലേക്ക് പിടിച്ചുതള്ളിയ യുവാവ് കാറിടിച്ചു മരിച്ച സംഭവത്തിൽ യുവാവിനെ ആശുപത്രിയെത്തിക്കുന്നതിലും പൊലീസിന് ഗുരുതരവീഴ്ച. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ കോളജിലേക്കുവിട്ട സനലിനെ ആദ്യം കൊണ്ടുപോയത് നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലേക്കാണ്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ആംബുലന്‍സിലുണ്ടായിരുന്ന പൊലീസുകാരന് ഡ്യൂട്ടി മാറാനാണ് വിലപ്പെട്ട നിമിഷങ്ങള്‍ പാഴാക്കിയത്. മരണത്തോട് മല്ലടിച്ച സനലിനോട് ഒട്ടും കരുണയില്ലാതെയാണ് പൊലീസ് പെരുമാറിയതെന്ന് ഇതിൽ നിന്ന് വ്യക്തം.
രാത്രി 10.23നാണ് അതീവഗുരുതരാവസ്ഥയില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍നിന്ന് സനലിനെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുന്നത്. ആന്തരിക രക്തസ്രാവം മനസിലാക്കിയ ഡോക്ടര്‍ സനലിനെ വേഗം മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ പൊലീസിനോടും കൂടെയുള്ള സുഹൃത്തിനോടും നിര്‍ദേശിച്ചു. എന്നാല്‍ സുഹൃത്തിനെ ഒഴിവാക്കി ആംബുലന്‍സിലുള്ള സനലുമായി പൊലീസ് നേരേ പോയത് ആശുപത്രിയിലേക്കായിരുന്നില്ല. മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ നെയ്യാറ്റിൻകര ടിബി ജംഗ്ഷൻ വഴി പോകേണ്ടതിനു പകരം ആംബുലന്‍സ് പോയത് പൊലീസ് സ്റ്റേഷനിലേക്കുള്ള നെയ്യാറ്റിൻകര ആലുംമൂട് റോഡിലേക്ക്. നെയ്യാറ്റിന്‍കര ഗേള്‍സ് ഹൈസ്കൂളിന്റെയും എസ്ബിഐ ബ്രാഞ്ചിന്റെയും ഇടയിലൂടെയുള്ള പൊലീസ് സ്റ്റേഷന്‍ റോഡിലേക്ക് 10.25 ന് ആംബുലന്‍സ് തിരിയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
advertisement
DySP തമിഴ്‌നാട്ടിൽ ? സഹായിച്ചത് പോലീസ് നേതാക്കൾ
10.27 കഴിഞ്ഞാണ് പൊലീസ് സ്റ്റേഷന്‍ റോഡില്‍ നിന്ന് ആംബുലന്‍സ് പുറത്തേക്ക് വരുന്നത്. ജനറല്‍ ആശുപത്രിയില്‍ നിന്ന് നിമിഷം നേരം കൊണ്ട് ദേശീയപാതയിലൂടെ മെഡിക്കല്‍ കോളജിലേക്ക് പോകാം. എന്നാല്‍ ആംബുലന്‍സ് പൊലീസ് സ്റ്റേഷനിലേക്ക് പോയതോടെ നിര്‍ണായകമായ അഞ്ചുമിനിറ്റാണ് നഷ്ടമായത്. വാഹനമിടിച്ച് ഏറെ നേരം റോഡില്‍ കിടന്ന സനലിനെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് വൈകിയിരുന്നു. ഇതു കൂടാതെയാണ് ഡ്യൂട്ടിമാറാന്‍ പൊലീസുകാര്‍ ഗുരുതരാവസ്ഥയിലുള്ള സനലുമായി പൊലീസ് സ്റ്റേഷനിലേക്ക് ആംബുലന്‍സ് കൊണ്ടു പോയത്. സംഭവത്തിൽ പ്രതിചേർത്ത നെയ്യാറ്റിൻകര ഡിവൈ.എസ്.പി ബി.ഹരികുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. കൊലക്കേസാണ് ഹരികുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Nov 08, 2018 11:42 AM IST







