'വ്യാജ സർട്ടിഫിക്കറ്റിന് പിന്നിൽ മുൻ എസ്എഫ്ഐ നേതാവ് അബിൻ സി. രാജ്, രണ്ടുലക്ഷം രൂപ കൈമാറി': അറസ്റ്റിലായ നിഖിൽ തോമസിന്റെ മൊഴി
- Published by:Rajesh V
- news18-malayalam
Last Updated:
കെഎസ്ആർടിസി ബസ്സിൽ തനിച്ചായിരുന്നു യാത്രയെന്നും കൈയിലെ പണം തീർന്നതു മൂലം കീഴടങ്ങാൻ തീരുമാനിച്ചു വെന്നും നിഖിൽ തോമസ്
ആലപ്പുഴ: വ്യാജ ഡിഗ്രിയുടെ ബുദ്ധി കേന്ദ്രം എസ്എഫ്ഐ മുൻ ഏരിയ പ്രസിഡന്റ് അബിൻ സി രാജാണെന്നും ഇയാൾക്ക് 2020ൽ 2 ലക്ഷം രൂപ കൈമാറിയെന്നും അറസ്റ്റിലായ നിഖില്‍ തോമസിന്റെ മൊഴി. അബിൻ സി രാജ് ഇപ്പോൾ വിദേശത്ത് അധ്യാപകനായി ജോലി നോക്കുകയാണെന്നും നിഖിൽ തോമസ് പൊലീസിന് മൊഴി നൽകി. ഒളിവിൽ പോയ രാത്രി ഫോൺ ഓടയിൽ കളഞ്ഞെന്നും കെഎസ്ആർടിസി ബസ്സിൽ തനിച്ചായിരുന്നു യാത്രയെന്നും കൈയിലെ പണം തീർന്നതു മൂലം കീഴടങ്ങാൻ തീരുമാനിച്ചു
വെന്നും നിഖിൽ തോമസ് പറഞ്ഞു. കൊട്ടാരക്കരയിലെത്തി സാഹചര്യം നോക്കി കായംകുളത്ത് എത്താൻ ആയിരുന്നു തീരുമാനമെന്നും നിഖില്‍ തോമസ് പൊലീസിനെ അറിയിച്ചു.
പ്രാഥമിക ചോദ്യംചെയ്യലിലാണ് നിഖില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കലിംഗ യൂണിവേഴ്‌സിറ്റിയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് സുഹൃത്ത് തന്നോട് വ്യക്തമാക്കിയതായി നിഖിൽ തോമസ് പറഞ്ഞു. ഈ സര്‍ട്ടിഫിക്കറ്റ് കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ചാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ഇയാള്‍ പറഞ്ഞു. അതിനാലാണ് എംകോം പ്രവേശനത്തിന് ഇതേ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതെന്നും നിഖിൽ വ്യക്തമാക്കി. മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ വിദേശത്തുള്ള സുഹൃത്തിനേയും പ്രതി ചേര്‍ത്തേക്കുമെന്നാണ് വിവരം.
advertisement
ശനിയാഴ്‌ച പുലർച്ചെ 12.30 നാണ് കോട്ടയം കെഎസ്‌ആർടിസി ബസ് സ്‌റ്റാൻഡിൽ വെച്ച് നിഖിൽ തോമസിനെ കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ പിടികൂടുന്നത്. അഞ്ച് ദിവസമായി നിഖിൽ ഒളിവിലായിരുന്നു. ഇയാൾക്ക് ആവശ്യമായ സഹായം നൽകിയത് ആരാണെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.
രാത്രി തന്നെ നിഖിലിനെ പൊലീസ് പ്രാഥമികമായി ചോദ്യംചെയ്തിരുന്നു. ശനിയാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിശദമായ ചോദ്യംചെയ്യലിലേക്ക് ഉദ്യോഗസ്ഥര്‍ കടക്കുമെന്നാണ് കരുതുന്നത്. ശനിയാഴ്ച ഉച്ചയോടെ നിഖിലിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. തുടർന്ന് വൈകിട്ട് അഞ്ച് മണിയോടു കൂടി കോടതിയില്‍ ഹാജരാക്കും.
advertisement
എസ്എഫ്ഐ കായംകുളം മുൻ ഏരിയാ സെക്രട്ടറിയായ നിഖിൽ, എംകോം പ്രവേശനത്തിന് സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഛത്തീസ്ഗഢിലെ കലിംഗ സർവകലാശാലയിൽ പഠിച്ചെന്ന് പറയുന്ന കാലത്ത് നിഖിൽ കേരള സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്നെന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ വ്യക്തമാക്കിയിരുന്നു. കലിംഗ യൂണിവേഴ്സിറ്റിയിൽ പഠിച്ചിട്ടില്ലെന്ന് രജിസ്ട്രാർ സന്ദീപ് ഗാന്ധിയും അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Alappuzha,Kerala
First Published :
June 24, 2023 10:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വ്യാജ സർട്ടിഫിക്കറ്റിന് പിന്നിൽ മുൻ എസ്എഫ്ഐ നേതാവ് അബിൻ സി. രാജ്, രണ്ടുലക്ഷം രൂപ കൈമാറി': അറസ്റ്റിലായ നിഖിൽ തോമസിന്റെ മൊഴി