തിരുവനന്തപുരം: അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളിൽ അധ്യാപകരുടെ കുറവ്. അധ്യാപക തസ്തിക നിർണയം പൂർത്തിയായെങ്കിലും പുതിയ തസ്തികകൾ സൃഷ്ടിച്ചില്ല എന്നതാണ് പ്രതിസന്ധിക്ക് കാരണം. വിദ്യാഭ്യാസ വകുപ്പ് നൽകിയ ശുപാർശയ്ക്ക് ധനവകുപ്പ് അനുമതി നൽകാത്തത് മൂലമാണ് തസ്തിക രൂപീകരണം തടസപ്പെട്ടത്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ധനവകുപ്പിന്റെ തീരുമാനം.
കോവിഡ് മൂലം തടസപ്പെട്ട അധ്യാപക തസ്തിക നിർണയം, കഴിഞ്ഞ അധ്യയന വർഷത്തിലാണ് വിദ്യാഭ്യാസ വകുപ്പ് പൂർത്തിയാക്കിയത്. ഫെബ്രുവരിയിൽ സർക്കാർ വിദ്യാലയങ്ങളിൽ അധികമായി വരുന്ന തസ്തികകളുടെ അനുമതിക്കായി വിദ്യാഭ്യാസ വകുപ്പ് ധനവകുപ്പിനെ സമീപിച്ചിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പുതിയ അധ്യാപക തസ്തിക സൃഷ്ടിക്കൽ തൽക്കാലം വേണ്ടെന്ന നിലപാടിലാണ് ധനവകുപ്പ്.
പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ മാത്രം ഫയൽ പരിഗണിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. സ്വാഭാവികമായും ഫയലിൽ ധനവകുപ്പ് എതിർപ്പു രേഖപ്പെടുത്തും. ഇതോടെ വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്കെത്തിച്ചു തസ്തിക സൃഷ്ടിക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടൽ.
എന്നാല്‍, ഈ നീക്കങ്ങളിൽ യഥാര്‍ഥത്തില്‍ വെട്ടിലായത് റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളാണ് . ലിസ്റ്റിന്റെ കാലാവധി അവസാനിക്കും മുൻപ് ഒഴിവുകൾ പിഎസ് സി ക്ക് റിപ്പോർട്ട് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ അധ്യാപകരില്ലാത്തത് സ്കൂളുകളിലും വലിയ പ്രതിസന്ധി ഉണ്ടാക്കും. ഇത് ഒഴിവാക്കാൻ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിച്ചാണ് പല സ്കൂളുകളിലും അധ്യയനം നടക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.