കൊച്ചി: മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം സംസ്ഥാന സർക്കാർ നടപ്പാക്കിയതുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.എസ്.എസ് ഹൈക്കോടതിയെ സമീപിച്ചു. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നൽകിയ നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.വി.ആശ സംസ്ഥാന സർക്കാരിനും പി.എസ്.സിക്കും നോട്ടിസ് നൽകി. ഹർജിയിൽ പ്രധാനമായും മൂന്നു പ്രശ്നങ്ങളാണ് എൻ.എസ്.എസ് ചൂണ്ടിക്കാട്ടുന്നത്.
ജനുവരി 3 മുതൽ സാമ്പത്തിക സംവരണം നടപ്പാക്കി സർക്കാർ ഉത്തരവിറക്കിയെന്നും പിഎസ്‌സി ഇതു നവംബർ 23 മുതൽ നടപ്പാക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ, തീയതി മാറ്റിവയ്ക്കാൻ പിഎസ്‌സിക്ക് അധികാരമില്ല. ജനുവരി 3 മുതൽ ഉത്തരവ് പിഎസ്‌സി നടപ്പാക്കണം. നിലവിലുണ്ടായിരുന്നതും തുടർന്നുള്ളതുമായ എല്ലാ റാങ്ക് ലിസ്റ്റുകൾക്കും സാമ്പത്തിക സംവരണം നടപ്പാക്കണം. നേരത്തേ ഏർപ്പെടുത്തിയ എല്ലാ സംവരണവും സർക്കാർ ഉത്തരവിറക്കിയ അന്നു മുതൽ നടപ്പാക്കിയിട്ടുണ്ട്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗക്കാർക്ക്ഒൻപതാമതായാണ് ഊഴം നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ, പൊതു വിഭാഗത്തിലെ മൂന്നാം ഊഴം നൽകണം. പൊതുവിഭാഗത്തിൽ നിന്നാണു സാമ്പത്തിക സംവരണം എന്നതിനാൽ മറ്റു സംവരണ വിഭാഗങ്ങളെ ബാധിക്കില്ല.
സാമ്പത്തിക സംവരണ ഊഴം അനുസരിച്ചു നിയമനത്തിന് ആളില്ലെങ്കിൽ ആ ഒഴിവ് ഓപ്പൺ ക്വോട്ടയിലേക്കു വിടുമെന്ന വ്യവസ്ഥ റദ്ദാക്കണം. ഇക്കാര്യത്തിൽ മറ്റു സംവരണ സമുദായങ്ങൾക്കു നൽകിയതു പോലെ 2 പ്രാവശ്യം കൂടി ‘നോട്ടിഫൈ’ ചെയ്യാൻ അവസരം ഉണ്ടാകണം. 2 തവണ അങ്ങനെ ചെയ്തിട്ട് ആളെ ലഭിച്ചില്ലെങ്കിൽ പൊതു വിഭാഗത്തിലെ സാമ്പത്തിക സംവരണത്തിന് അർഹതയുള്ളവർക്കായി മാറ്റണം.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.