സുഹൃത്ത് ബലാത്സംഗത്തിന് ഇരയായി; ജോസഫൈൻ പ്രതിക്ക് വേണ്ടി ഇടപെട്ടു; ഒളിമ്പ്യൻ മയൂഖ ജോണി
Last Updated:
ഈ വിഷയത്തിൽ വനിതാകമ്മീഷൻ അധ്യക്ഷയായിരുന്ന എം സി ജോസഫൈൻ നേരിട്ട് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പ്രതിക്ക് വേണ്ടി ഇടപെട്ടെന്നും മയൂഖ ആരോപിച്ചു.
തൃശൂർ: തന്റെ സുഹൃത്ത് ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ വനിതാകമ്മീഷൻ മുൻ അധ്യക്ഷയായിരുന്ന എം സി ജോസഫൈൻ പ്രതിക്ക് വേണ്ടി രംഗത്തെത്തിയെന്ന് ഒളിമ്പ്യൻ മയൂഖ ജോണി. 2016ൽ ആയിരുന്നു സംഭവം. ചാലക്കുടി മുരിങ്ങൂർ സ്വദേശിയായ ചുങ്കത്ത് ജോൺസൺ പെൺകുട്ടിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്തെന്ന് ആയിരുന്നു മയൂഖ വെളിപ്പെടുത്തിയത്.
ഇതുമായി ബന്ധപ്പെട്ട് എസ് പി പൂങ്കുഴലിക്ക് പരാതി നൽകിയിരുന്നു. എന്നാൽ, ഈ കേസിന്റെ കാര്യത്തിൽ മോശം സമീപനമാണ് പൊലീസിൽ നിന്ന് ഉണ്ടായത്. സംഭവത്തിൽ വനിതാകമ്മീഷൻ അധ്യക്ഷയായിരുന്ന എം സി ജോസഫൈൻ പ്രതികൾക്കായി ഇടപെട്ടുവെന്നും എന്നാൽ പ്രതി ഇപ്പോഴും പെൺകുട്ടിയെ മാനസികമായി പീഡിപ്പിക്കുകയാണെന്നും മയൂഖ ആരോപിച്ചു.
സാമ്പത്തിക - രാഷ്ട്രീയ പിൻബലമുള്ള പ്രതി സ്വാധീനം ഉപയോഗിച്ച് നടപടികൾ വൈകിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തി. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്രതി പെൺകുട്ടിയുടെ വീട്ടിൽ കയറി ബലാത്സംഗം ചെയ്യുകയും നഗ്നവീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. 2016 ജൂലൈ മാസത്തിൽ ആയിരുന്നു സംഭവം.
advertisement
പിന്നീട് ഇതിന്റെ പേരിൽ ഭീഷണിപ്പെടുത്തുകയായിരുന്നു.
എന്നാൽ, അവിവാഹിതയായ പെൺകുട്ടി ഭാവിയെക്കുറിച്ചുള്ള ആശങ്കയെ തുടർന്ന് പരാതിപ്പെട്ടില്ല. ഇതിനെ തുടർന്ന് പ്രതി നിരന്തരം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനിടയിൽ പെൺകുട്ടി വിവാഹിതയായി. 2020ൽ പ്രതി വീണ്ടും ഭീഷണിയുമായി എത്തി. തുടർന്ന് സംഭവത്തെക്കുറിച്ച് അറിഞ്ഞ ഭർതൃവീട്ടുകാർ എസ് പി പൂങ്കുഴലിക്ക് പരാതി നൽകുകയായിരുന്നു.
പരാതി നൽകാനായി ആദ്യം ചെന്നപ്പോൾ പോസിറ്റീവായ പ്രതികരണമായിരുന്നു ഉണ്ടായതെന്നും എന്നാൽ, പ്രതിയുടെ സ്വാധീനത്തെ തുടർന്ന് പിന്നീട് തങ്ങളെ അവഗണിക്കുന്ന സമീപനമാണ് പൊലീസ് കൈക്കൊണ്ടതെന്നും മയൂഖ വ്യക്തമാക്കുന്നു. ഈ വിഷയത്തിൽ വനിതാകമ്മീഷൻ അധ്യക്ഷയായിരുന്ന എം സി ജോസഫൈൻ നേരിട്ട് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പ്രതിക്ക് വേണ്ടി ഇടപെട്ടെന്നും മയൂഖ ആരോപിച്ചു.
advertisement
കഴിഞ്ഞ മന്ത്രിസഭയിലെ ഒരു മന്ത്രിയും ഇതിൽ ഇടപെട്ടതായി ഇവർ ആരോപണം ഉന്നയിക്കുന്നുണ്ട്. ഒരു മന്ത്രിയെയോ ഒരു ബിഷപ്പിനെയോ ഇതിലേക്ക് വലിച്ചിട്ട് ഒരു വിവാദത്തിലേക്ക് പോകാൻ താൽപര്യമില്ലെന്നും ഈ കേസിൽ ഇടപെടുന്നവർക്ക് പിന്മാറാൻ ഒരു അവസരം കൂടി നൽകുകയാണെന്നും മയൂഖ വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങൾ വ്യക്തമാക്കി പരാതി നൽകിയെന്നും ഇതിനു തൊട്ടു പിന്നാലെ സി ഐ തന്റെ മൊഴിയെടുത്തെന്നും തെളിവില്ലാത്തതിനാൽ കേസെടുക്കാൻ ബുദ്ധിമുട്ടാണെന്ന് അറിയിച്ചതായും മയൂഖ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 28, 2021 1:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സുഹൃത്ത് ബലാത്സംഗത്തിന് ഇരയായി; ജോസഫൈൻ പ്രതിക്ക് വേണ്ടി ഇടപെട്ടു; ഒളിമ്പ്യൻ മയൂഖ ജോണി