കാസർഗോഡ്: കാസര്‍ ഗോഡ് ചികിത്സ കിട്ടാതെ മറ്റൊരു മരണം കൂടി. തുമിനാട് സ്വദേശി യുസഫ് (55) ആണ് മരിച്ചത് . ഇന്നു മാത്രം രണ്ടു പേരാണ് ചികിത്സ കിട്ടാത്തതിനെ തുടർന്ന് മരിച്ചത്. ഇതോടെ കർണാടക അതിർത്തി അടച്ചതിനെ തുടർന്ന് കാസർഗോഡ് ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം ഒമ്പതായി.
നെഞ്ച് വേദനയെതുടർന്നാണ് യൂസഫ് മരിച്ചത്. ഉപ്പളയിലെ ക്ലിനിക്കിൽ എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സക്കായി മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു നിർദേശം. കാസർഗോട്ടേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു മരണം.
രാവിലെ ഹൊസങ്കടി സ്വദേശി രുദ്രപ്പ മേസ്ത്രിയാണ് മരിച്ചത്.
രണ്ടു വർഷമായി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മംഗളൂരുവിൽ ചികിത്സയിലായിരുന്നു.
അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മംഗളൂരുവിലേക്ക്
കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അതിർത്തിയിൽ പൊലീസ് തടയുകയായിരുന്നു. ഇതേതുടർന്ന് ഉപ്പളയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കാസർഗോട് മംഗളൂരു ദേശീയപാതയിലെ തലപ്പാടി അതിർത്തി ചെക്ക് പോസ്റ്റ് തുറക്കാൻ ആവില്ലെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ വ്യക്തമാക്കിയതിന് പിന്നാലെയാണ് രണ്ടു മരണങ്ങളും ഉണ്ടായിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.