• HOME
  • »
  • NEWS
  • »
  • kerala
  • »
  • Happy Women's Day 2021 | 72 വർഷം, കേരളത്തിൽ നിന്ന് ലോക്സഭയിലെത്തിയത് 9 വനിതകൾ

Happy Women's Day 2021 | 72 വർഷം, കേരളത്തിൽ നിന്ന് ലോക്സഭയിലെത്തിയത് 9 വനിതകൾ

parliament

parliament

  • Share this:
Happy Women's Day 2021 | സ്ത്രീശാക്തീകരണത്തെ കുറിച്ച് രാഷ്ട്രീയ കക്ഷി നേതാക്കളെല്ലാം വാതോരാതെ സംസാരിക്കും. എന്നാൽ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ കാര്യം വരുമ്പോൾ പുറത്തിരിക്കാനാണ് വനിതകളുടെ വിധി. ഏഴ് പതിറ്റാണ്ടിനിടയിൽ കേരളത്തിൽ നിന്ന് ലോക്സഭയിലെത്തിയത് ഒമ്പത് വനിതകൾ മാത്രമാണ്. കേരളത്തിൽ ഇന്നുവരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലെയും വോട്ടർ പട്ടിക പരിശോധിച്ചാൽ വനിതകളാണ് കൂടുതൽ. എന്നാൽ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം സ്ത്രീകൾക്ക് ലഭിക്കുന്നില്ലെന്നതാണ് വസ്തുത. കേരളരൂപീകരണത്തിന് അഞ്ചുവർഷം മുൻപ് 1951ലെ ആദ്യ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് ആനി മസ്ക്രീൻ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് ലോക്സഭയിലെത്തിയിരുന്നുവെന്ന് എന്നുകൂടി ചേർത്ത് വായിക്കണം. അവിടെ നിന്ന് വലുതായിട്ടൊന്നും മുന്നോട്ടുപോകാൻ നമുക്ക് കഴിഞ്ഞിട്ടില്ല.

ആകെയുള്ള ഒമ്പതു പേരിൽ അഞ്ചുപേരെയും വിജയിപ്പിച്ച് ലോക്സഭയിലേക്ക് അയച്ചത് സിപിഎമ്മാണ്. ഒരാളെ സിപിഐയും. കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം കോൺഗ്രസിന് രണ്ടു വനിതകളെ മാത്രമാണ് ലോക്സഭയിൽ എത്തിക്കാനായത്. സാവിത്രി ലക്ഷ്മൺ, രമ്യ ഹരിദാസ് എന്നിവരാണ് കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭയിലെത്തിയ വനിതകൾ. പഴയ മുകുന്ദപുരം സീറ്റിൽ 1989ലും 1991ലുമായിരുന്നു സാവിത്രി ലക്ഷ്മണന്റെ വിജയം. ആലത്തൂരിൽനിന്ന് 2019ൽ പി കെ ബിജുവിനെ അട്ടിമറിച്ചാണ് രമ്യാ ഹരിദാസ് ലോക്സഭയിൽ എത്തിയത്.

ആനി മസ്ക്രീൻ

1951ലെ തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടിയിലെ ടികെ നാരായണ പിള്ളയെ 68,117 വോട്ടിന് പരാജയപ്പെടുത്തിയാണ് ആനി മസ്ക്രീൻ തിരുവനന്തപുരത്ത് നിന്ന് ലോക്സഭയിലെത്തിയത്. 1,16,617 വോട്ടുകൾ ആനി മസ്ക്രീൻ നേടിയപ്പോൾ മുതിർന്ന നേതാവായ നാരായണപിള്ളക്ക് ലഭിച്ചത് 48,500 വോട്ടുകൾ മാത്രം. എന്നാൽ 1957ലെ തെരഞ്ഞെടുപ്പിൽ ആനി മസ്ക്രീന് തിരിച്ചടി കിട്ടി. ആ തെരഞ്ഞെടുപ്പിലെ ഏക വനിതാ സ്ഥാനാര്‍ത്ഥിയായ ആനി മസ്ക്രീൻ 18,741 വോട്ടുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

സുശീല ഗോപാലൻ

ആനി മസ്ക്രീന് ശേഷം ലോക്സഭയിൽ അടുത്തൊരു വനിതാ ജനപ്രതിനിധിക്കായി പത്ത് വർഷം കേരളത്തിന് കാത്തിരിക്കേണ്ടി വന്നു. 1967ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ നിന്ന് സിപിഎമ്മിന്റെ സുശീലാ ഗോപാലനാണ് പിന്നീട് ലോക്സഭയിലെത്തിയത്. കോൺഗ്രസിന്റെ പി എസ് കാർത്തികേയനെ 50,297 വോട്ടുകൾക്കാണ് സുശീലാ ഗോപാലൻ അന്ന് പരാജയപ്പെടുത്തിയത്.

Also Read-  Women's Day 2021 | ഹെർ സർക്കിൾ- അന്താരാഷ്ട്രവനിതാ ദിനത്തിൽ സ്ത്രീകൾക്കായി പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുമായി നിതാ അംബാനി

1980ൽ ആലപ്പുഴയിൽ നിന്നും സുശീല ഗോപാലൻ ജയിച്ചുകയറി. തീരദേശ റെയിൽവേ പാതക്കായുള്ള ക്യാംപയിൻ നയിച്ച ഓമനപിള്ളയെയാണ് സുശീല ഗോപാലൻ പരാജയപ്പെടുത്തിയത്. 1,14,764 വോട്ടുകൾക്കായിരുന്നു സുശീലാ ഗോപാലന്റെ വിജയം. അടുത്ത തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്ന് ചിറയിൻകീഴിലേക്ക് (ഇന്ന് ആറ്റിങ്ങൽ മണ്ഡലം)തട്ടകംമാറ്റിയപ്പോഴും ഭൂരിപക്ഷം കുറഞ്ഞെങ്കിലും സുശീല ഗോപാലൻ വിജയിച്ചു. കോൺഗ്രസിലെ തലേക്കുന്നിൽ ബഷീറിനെതിരെ സുശീല വിജയിച്ചത് 1106 വോട്ടുകള്‍ക്കാണ്.

ഭാർഗവി തങ്കപ്പൻ

1971ൽ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും നേരിട്ട് ഏറ്റുമുട്ടിയിരുന്നു. അന്ന് അടൂരിൽ 1,08,897 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിപിഐയിലെ കെ ഭാർഗവി എന്ന ഭാർഗവി തങ്കപ്പൻ സിപിഎമ്മിലെ പി കെ കുഞ്ഞച്ചനെ തോൽപ്പിച്ചത്. സിപിഐയും കോൺഗ്രസും ഒരേ മുന്നണിയിലായതിനാൽ ഭാർഗവി തങ്കപ്പനെ ലോക്സഭയിലേക്ക് അയച്ചതിന്റെ പെരുമ കോണ്‍ഗ്രസിനും അവകാശപ്പെടാം.

സാവിത്രി ലക്ഷ്മണൻ

1989ൽ മുകുന്ദപുരം സീറ്റിൽ മത്സരിച്ച കോൺഗ്രസിന്റെ സാവിത്രി ലക്ഷ്മണൻ സിപിഎമ്മിലെ സി ഒ പൗലോസിനെ 18,754 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. 1991ൽ എ പി കുര്യനെ 12,365 വോട്ടിന് പരാജയപ്പെടുത്തി സാവിത്രി ലക്ഷ്മണൻ വീണ്ടും ലോക്സഭയിലെത്തി. പിന്നീട് നിരവധിപേർ കോൺഗ്രസിന് വേണ്ടി മത്സരരംഗത്തിറങ്ങിയെങ്കിലും ആരും വിജയം കണ്ടില്ല.

എ കെ പ്രേമേജം

1998ൽ വടകരയിൽ നിന്നാണ് സിപിഎമ്മിലെ എ കെ പ്രേമജം വിജയിച്ചത്. കോൺഗ്രസിലെ പി എം സുരേഷ് ബാബുവിനെ 59,161 വോട്ടുകൾക്കാണ് പ്രേമജം തോൽപിച്ചത്. ഭൂരിപക്ഷം 25,844 ആയി കുറഞ്ഞെങ്കിലും 1991ൽ വീണ്ടും അതേ എതിരാളിയെ പരാജയപ്പെടുത്തി പ്രേമജം വീണ്ടും പാർലമെന്റിലെത്തി.

പി സതീദേവി

2004ലെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ പി സതീദേവി വടകരയിൽ നിന്നാണ് വിജയിച്ചത്. കോൺഗ്രസിലെ എം ടി പത്മയെ 1,30,589 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സതീദേവിയുടെ കന്നിവിജയം. സംസ്ഥാനത്തെ ഏറ്റവും മികച്ച ഭൂരിപക്ഷങ്ങളുടെ കണക്കെടുത്താൽ ആദ്യ അഞ്ചിൽ സതീദേവിയുടെ ഈ വിജയും സ്ഥാനം പിടിച്ചിരിക്കുന്നു.

സി എസ് സുജാത

2004ൽ മാവേലിക്കരയിൽ നിന്ന് ഇന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരാജയപ്പെടുത്തിയാണ് സിപിഎമ്മിലെ സി എസ് സുജാത ആദ്യമായി പാർലമെന്റിലെത്തിയത്. 7414 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.

പികെ ശ്രീമതി

2014ലെ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്നാണ് പി കെ ശ്രീമതി ലോക്സഭയിലെത്തിയത്. കടുത്ത മത്സരത്തിനൊടുവിൽ കോൺഗ്രസിലെ കെ. സുധാകരനെ 6566 വോട്ടുകൾക്കാണ് ശ്രീമതി പരാജയപ്പെടുത്തിയത്.

രമ്യ ഹരിദാസ്

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽനിന്നാണ് രമ്യ ഹരിദാസ് ലോക്സഭയിൽ എത്തിയത്. സിപിഎമ്മിലെ കരുത്തനായ പി കെ. ബിജുവിനെതിരെ അട്ടിമറി വിജയമാണ് പാട്ടുംപാടി രമ്യഹരിദാസ് നേടിയത്. 158968 എന്ന വൻ ഭൂരിപക്ഷമാണ് ആലത്തൂരിലെ വോട്ടർമാർ രമ്യ ഹരിദാസിന് നൽകിയത്.

സ്ഥാനാർത്ഥികളുടെ എണ്ണം ഇങ്ങനെ

1951ൽ തിരുവിതാംകൂർ- കൊച്ചിൻ, മദ്രാസ് എന്നിങ്ങനെയായി കേരളം വോട്ട് ചെയ്തപ്പോൾ 47 മത്സരാർത്ഥികളിൽ ഒരേ ഒരു വനിതയാണ് ഉണ്ടായിരുന്നത്.
1957ൽ 58സ്ഥാനാർത്ഥികളിൽ ഒരു വനിത
1962ൽ 50 സ്ഥാനാർത്ഥികളിൽ ഒരു വനിത
1967ൽ 61 സ്ഥാനാർത്ഥികളിൽ ഒരു വനിത
1971ൽ 67 സ്ഥാനാർത്ഥികളിൽ 4 വനിതകൾ
1977ൽ 63 സ്ഥാനാർത്ഥികളിൽ 3 വനിതകൾ
1980ൽ 93 സ്ഥാനാർത്ഥികളിൽ 2 വനിതകൾ
1984ൽ 151 സ്ഥാനാർത്ഥികളിൽ 9 വനിതകൾ
1989ൽ 218 സ്ഥാനാർത്ഥികളിൽ 8 വനിതകൾ
1991ൽ 179 സ്ഥാനാർത്ഥികളിൽ 10 വനിതകൾ
1996ൽ 232 സ്ഥാനാർത്ഥികളിൽ 10 വനിതകൾ
1998ൽ 120 സ്ഥാനാർത്ഥികളിൽ 10 വനിതകൾ
1999ൽ 13 വനിതാ സ്ഥാനാർത്ഥികൾ
2004ൽ 177 സ്ഥാനാർത്ഥികളിൽ 15 വനിതകൾ
2009ൽ 217 സ്ഥാനാർത്ഥികളിൽ 15 വനിതകൾ

2014ൽ പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ വനിതാ സ്ഥാനാർത്ഥികൾ

പി കെ ശ്രീമതി (സിപിഎം)- കണ്ണൂർ, പി കെ സൈനബ (സിപിഎം)- മലപ്പുറം, ബിന്ദുകൃഷ്ണ (കോൺഗ്രസ്)- ആറ്റിങ്ങൽ, കെ എ ഷീബ (കോൺഗ്രസ്)- ആലത്തൂർ, ശോഭ സുരേന്ദ്രൻ (ബിജെപി)- പാലക്കാട്, ഗിരിജ കുമാരി (ബിജെപി)- ആറ്റിങ്ങൽ, അനിത പ്രതാപ് (എഎപി)- എറണാകുളം, സാറാ ജോസഫ് (എഎപി)- തൃശൂർ. ഇതിൽ വിജയിച്ച് ലോക്സഭയിലെത്തിയത് പി കെ ശ്രീമതി മാത്രം.

2019ൽ പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ വനിതാ സ്ഥാനാർത്ഥികൾ

പി കെ ശ്രീമതി (സിപിഎം)- കണ്ണൂർ, വീണ ജോർജ്ജ് (സിപിഎം)- പത്തനംതിട്ട, രമ്യ ഹരിദാസ്(കോൺഗ്രസ്)- ആലത്തൂർ, ഷാനിമോൾ ഉസ്മാൻ(കോൺഗ്രസ്)- ആലപ്പുഴ, വി. ടി രമ(ബിജെപി)- പൊന്നാനി, ശോഭ സുരേന്ദ്രൻ(ബിജെപി)- ആറ്റിങ്ങൽ. ഇതിൽ ലോക്സഭയിൽ എത്തിയത് രമ്യ ഹരിദാസ് മാത്രം.
Published by:Anuraj GR
First published: