പാലക്കാട്: പാലക്കാട്ടെ(Palakkad) രണ്ടു കൊലപാതകങ്ങളും ആസൂത്രിതമാണെന്ന് എ.ഡി.ജി.പി വിജയ് സാഖറെ(ADGP Vijay Sakhare). രണ്ടു കേസുകളിലെ പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എ.സുബൈര്‍ (43) വധക്കേസ് പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികള്‍ നിരീക്ഷണത്തിലാണെന്നും ഉടന്‍ പിടിയിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ട് കേസും അന്വേഷിക്കുന്നത് രണ്ട് പ്രത്യേക സംഘമാണ്. ഒരു തരത്തിലുമുള്ള വീഴ്ചകളും ഇല്ലാതെ അന്വേഷണം പൂര്‍ത്തിയാക്കും. വളരെ വേഗത്തില്‍ രണ്ട് കേസിലുമുള്ള പ്രതികളെ പിടികൂടാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീനിവാസന് വധക്കേസില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാന്‍ നാല് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.
പാലക്കാട് നടന്ന രണ്ട് കൊലപാതകങ്ങളും ആസൂത്രിതമാണെന്നും രണ്ട് കൊലപാതകങ്ങള്‍ക്ക് പിന്നിലും വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എലപ്പുള്ളിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്. ജുമുഅ നിസ്കാരത്തിനുശേഷം പിതാവിനൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്നു സുബൈര്‍. ഈ സമയം കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം വീണ് കിടന്ന സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ശനിയാഴ്ച ഉച്ചയോടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. പാലക്കാട്ടെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസന്. കടയുടെ ഉള്ളില്‍ ഇരിക്കുകയായിരുന്നു ശ്രീനിവാസനെ ബൈക്കുകളിലായെത്തിയ ആറംഗ സംഘം ആക്രമിച്ചെന്നാണ് ദൃക്സാക്ഷി പറഞ്ഞത്. ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം.
ആക്രമണത്തിന് ഇവരെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. എല്ലാവരുടെയും കൈകളില്‍ വാളുകളുണ്ടായിരുന്നു. കടയില്‍ കയറിയ സംഘം ഒന്നും പറയാതെ ശ്രീനിവാസനെ തുരുതുരാ വെട്ടിപരിക്കേല്‍പ്പിച്ചെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.