News18 MalayalamNews18 Malayalam
|
news18-malayalam
Updated: February 18, 2021, 9:16 AM IST
പി കെ അബ്ദുറബ്ബ്
മലപ്പുറം: താൻ മത്സരിക്കണോ വിട്ടു നിൽക്കണോ എന്ന് പാർട്ടി തീരുമാനിക്കുമെന്ന് തിരൂരങ്ങാടി എംഎൽഎയും മുൻ മന്ത്രിയും ആയ പി കെ അബ്ദുറബ്ബ്. ഇത്തവണ ഒഴിവാക്കും എന്ന തരത്തിൽ ഉള്ള പ്രചരണങ്ങളോട് പ്രതികരിക്കാൻ ഇല്ലെന്നും അബ്ദുറബ്ബ് ന്യൂസ് 18 നോട് പറഞ്ഞു.
മൂന്ന് വട്ടം എംഎൽഎ ആയവർക്ക് ഇനി സീറ്റ് നൽകേണ്ട എന്ന് ലീഗ് തീരുമാനിച്ചാൽ ഒഴിവാക്കപ്പെടുന്ന പ്രമുഖ നേതാക്കളിൽ ഒരാൾ പി കെ അബ്ദുറബ്ബ് ആണ്. 1996 മുതൽ ഇത് വരെ താനൂർ, മഞ്ചേരി, തിരൂരങ്ങാടി എന്നീ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് 5 തവണ ആണ് അബ്ദുറബ്ബ് നിയമസഭയിൽ എത്തിയിട്ടുള്ളത്. 2011 ൽ വിദ്യാഭ്യാസ മന്ത്രിയുമായി. ലീഗിൻ്റെ തലപ്പൊക്കം ഉള്ള മുൻ നേതാവ് അവു ഖാദർ കുട്ടി നഹയുടെ മകൻ എന്നതിൽ ഉപരി വിദ്യാഭ്യാസ വിചക്ഷണൻ, എന്നതും നേതൃപാടവവും എല്ലാം ലീഗിൽ പികെ അബ്ദുറബ്ബിന് മികച്ച പരിഗണന നേടി കൊടുത്തു. മറ്റൊരു തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ തിരൂരങ്ങാടി മൂന്നാം തവണയും അബ്ദുറബ്ബിന് അവസരം നൽകില്ല എന്നാണ് സൂചന. എല്ലാം പാർട്ടി പറയും പോലെ എന്ന് അബ്ദുറബ്ബിൻ്റെ പ്രതികരണം, " അതെല്ലാം പാർട്ടി ആണ് തീരുമാനിക്കുക. ഞാൻ മത്സരിക്കും അല്ലെങ്കിൽ മത്സരിക്കില്ല എന്നൊന്നും പറയാൻ ആവില്ല. എല്ലാം സമയമാകുമ്പോൾ പാർട്ടി പ്രഖ്യാപിക്കും ".
ഒഴിവാക്കും എന്ന തരത്തിൽ ഉള്ള പ്രചരണങ്ങൾ ശരിയല്ലെന്ന് അബ്ദുറബ്ബ്.
" അതൊക്കെ മാധ്യമങ്ങളിൽ ഓരോന്ന് പ്രചരിക്കുന്നത് ആണ്. അതിനോട് ഒന്നും പ്രതികരിക്കാൻ ഇല്ല. സമയം ആകുമ്പോൾ പാർട്ടി പ്രഖ്യാപിക്കും മത്സരിക്കണോ വേണ്ടയോ എന്ന് "-
പികെ അബ്ദുറബ്ബിന്റെ സഹോദരൻ പികെ അൻവർ നഹ, മുതിർന്ന നേതാവ് പി എം എ സലാം തുടങ്ങിയവരുടെ പേരുകൾ ആണ് പകരം പട്ടികയിൽ ഉള്ളത്.നഹ കുടുംബത്തിൽ നിന്ന് ഇക്കുറി സ്ഥാനാർഥി വേണ്ടെന്ന പ്രാദേശിക വികാരം നേതൃത്വം കണക്കിലെടുത്താൽ പി എം എ സലാമിന് ആകും സാധ്യത. ലീഗിൻ്റെ അഭിമാന മണ്ഡലം എന്ന നിലയിൽ മുതിർന്ന മറ്റേതെങ്കിലും നേതാവ് ഇവിടെ വന്നാലും അത്ഭുതപ്പെടേണ്ടതില്ല.
Also Read-
Petrol-Diesel Price| ഇന്ധനവില ഇന്നും വർധിച്ചു; വില വർധിക്കുന്നത് തുടർച്ചയായ പതിനൊന്നാം ദിവസം
മറുവശത്ത് സ്വതന്ത്ര സ്ഥാനാർഥി പരീക്ഷണം ഇടത് പക്ഷം തുടരുമെന്നാണ് നിലവിലെ വിവരം. കഴിഞ്ഞ തവണ ലീഗിൻ്റെ ഭൂരിപക്ഷം 6043 ലേക്ക് കുറച്ച് യുഡിഎഫിനെ ഞെട്ടിച്ച നിയാസ് പുളിക്കലകത്തിനാണ് ഇപ്പോഴും പ്രഥമ പരിഗണന. അദ്ദേഹം മത്സരിക്കുമോ എന്ന് ഇത് വരെ വ്യക്തമാക്കിയിട്ടില്ല.
2016 ലെ തെരഞ്ഞെടുപ്പിൽ പി.കെ. അബ്ദുറബ്ബ് 62927 നേടിയപ്പോൾ നിയാസ് പുളിക്കലകത്ത് 56884 വോട്ടാണ് നേടിയത്. പക്ഷേ 2011 ൽ റബ്ബ് നേടിയ 30, 208 വോട്ട് എന്ന ഭീമൻ ഭൂരിപക്ഷമാണ് നിയാസ് പുളിക്കലകത്ത് 6043 ലേക്ക് എത്തിച്ചത്. സിപിഐയുടെ സീറ്റ് ആയ തിരൂരങ്ങാടിയിൽ ഇടത് സ്വതന്ത്രനായി നിന്ന് മികച്ച പ്രകടനമാണ് നിയാസ് കാഴ്ച വെച്ചത്.
Also Read-
രാഹുല് ഗാന്ധിയെ പുതുച്ചേരി മുഖ്യമന്ത്രി മൊഴിമാറ്റി കബളിപ്പിച്ചെന്ന് ആരോപണം
രൂപം കൊണ്ട കാലം മുതൽ ലീഗിൻ്റെ ഉരുക്ക് കോട്ടയായി നില കൊള്ളുന്ന തിരൂരങ്ങാടിയിൽ മുസ്ലിം ലീഗ് അംഗം അല്ലാത്ത ഒരാൾ മാത്രം ആണ് ഇത് വരെ ജയിച്ചിട്ടുള്ളത്. അത് 1995 ൽ എ.കെ. ആന്റണിയാണ്. മണ്ഡലത്തിൽ ലീഗ് പിന്തുണച്ച ലീഗുകാരനല്ലാത്ത ഏക സ്ഥാനാർഥി കൂടിയാണ് എ കെ ആൻറണി.ലീഗ് അവരുടെ മതനിരപേക്ഷതയുടെ മകുടോദാഹരണമായി ഇന്നും എടുത്ത് പറയുന്ന തെരഞ്ഞെടുപ്പ് കൂടി ആണ് 1995 ലെ തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പ്.
Published by:
Rajesh V
First published:
February 18, 2021, 8:56 AM IST