കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനd തൊട്ടു മുന്‍പായി ലയിച്ച് ഒന്നായ പിജെ ജോസഫ്, പിസി തോമസ് വിഭാഗങ്ങള്‍ ചേര്‍ന്ന കേരളാ കോണ്‍ഗ്രസിന് ഇന്ന് പുതിയ നേതൃത്വം. പിജെ ജോസഫ് ചെയര്‍മാനും പി സി തോമസ് വർക്കിങ് ചെയര്‍മാനുമായ പുതിയ നേതൃത്വമാണ് കേരളാ കോണ്‍ഗ്രസിൽ ഇന്ന് നിലവില്‍ വരുന്നത്. മോൻസ് ജോസഫാണ് എക്സിക്യൂട്ടീവ് ചെയർമാൻ. ഇന്നു രാവിലെ ചേർന്ന ഓണ്‍ലൈന്‍ ഹൈപ്പവര്‍ കമ്മറ്റിയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഇതോടെ പാര്‍ട്ടിയില്‍ ഒന്നാമനായി ജോസഫും രണ്ടാമനായി പി സി തോമസും മൂന്നാമനായി മോന്‍സ് ജോസഫും മാറും.
ചീഫ് കോർഡിനേറ്റർ - ടി യു കുരുവിള, ഡെപ്യൂട്ടി ചെയർമാൻ - ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ, സെക്രട്ടറി ജനറൽ - ജോയ് എബ്രഹാം, ട്രഷറർ - സി എബ്രഹാം എന്നിവരാണ് മറ്റ് ഭാരവാഹികൾ. ചെയർമാൻ്റെ അഭാവത്തിൽ വർക്കിങ് ചെയർമാനാണ് അധികാരം. അതേസമയം ഭാരവാഹികളെ തെരഞ്ഞെടുത്തതിൽ ഫ്രാൻസിസ് ജോർജിന് അതൃപ്തിയുണ്ടെങ്കില്‍ സംസാരിച്ച് തീർക്കുമെന്ന് പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
Also Read- സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ കുറ്റക്കാരി; ശിക്ഷ ഉടന്‍ പ്രഖ്യാപിക്കും
ഭാരവാഹികളെ തെരഞ്ഞെടുത്ത വിവരങ്ങളും പി സി തോമസിന്റെ പാര്‍ട്ടിയില്‍ പി ജെ ജോസഫും കൂട്ടരും ലയിച്ച വിവരവും ഔദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്നതിനായി ആവശ്യമായ രേഖകളുമായി അടുത്ത ദിവസം തന്നെ പാര്‍ട്ടി പ്രതിനിധി ഡൽഹിക്കുപോകും. ലയനത്തിനും ഭാരവാഹി തെരഞ്ഞെടുപ്പിനും അനുമതി ലഭിച്ച ശേഷമാകും ജനറല്‍ സെക്രട്ടറിമാരുടെ നാമനിര്‍ദ്ദേശം.
കെ എം മാണിയുടെ മരണശേഷം കേരള കോണ്‍ഗ്രസ് എം പിളര്‍ന്ന് ജോസ് കെ മാണി, ജോസഫ് വിഭാഗങ്ങളായി മാറിയെങ്കിലും പാര്‍ട്ടി തര്‍ക്കത്തില്‍ ചിഹ്നവും പാര്‍ട്ടിയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് കെ മാണിക്ക് അനുവദിച്ച് നല്‍കുകയായിരുന്നു. ഇത് സുപ്രീം കോടതിയും അംഗീകരിച്ചതോടെ ജോസഫിന് പാര്‍ട്ടി ഇല്ലാതായിരുന്നു. ഇതേ തുടര്‍ന്നാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി പി സി തോമസിന്റെ പാര്‍ട്ടിയില്‍ ലയിക്കാന്‍ ജോസഫ് വിഭാഗം തീരുമാനിച്ചത്.
Also Read- മകളുടെ ഓർമക്കായി ഒരു വാര്‍ഡ് ഏറ്റെടുത്ത് ഓക്സിജന്‍ സംവിധാനമൊരുക്കി സുരേഷ് ഗോപി എംപി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala congress, Mons joseph, PC Thomas, Pj joseph