• HOME
 • »
 • NEWS
 • »
 • kerala
 • »
 • കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ഐഷ സുല്‍ത്താനയ്ക്ക് പൊലീസ് നോട്ടീസ്

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ഐഷ സുല്‍ത്താനയ്ക്ക് പൊലീസ് നോട്ടീസ്

ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ നടത്തിയ യോഗങ്ങളില്‍ പങ്കെടുത്തതോടെ ഏഴു ദിവസത്തെ ക്വാറന്റീന്‍ ചട്ടം ലംഘച്ചെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കിയത്

ഐഷ സുൽത്താന

ഐഷ സുൽത്താന

 • Last Updated :
 • Share this:
  കൊച്ചി: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്ക് പൊലീസ് നോട്ടീസ്. രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്യലിന് ലക്ഷദ്വീപിലെത്തിയതിന് പിന്നാലെയാണ് പൊലീസ് നോട്ടീസ് നല്‍കിയത്. ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ നടത്തിയ യോഗങ്ങളില്‍ പങ്കെടുത്തതോടെ ഏഴു ദിവസത്തെ ക്വാറന്റീന്‍ ചട്ടം ലംഘച്ചെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കിയത്.

  നിരീക്ഷണ കാലയളവില്‍ ക്വാറന്റീനില്‍ കഴിഞ്ഞില്ലെങ്കില്‍ കേസെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം ഐഷ സുല്‍ത്താനയോട് ചേദ്യം ചെയ്യലിന് നാളെ ഹാജരകാന്‍ പൊലീസ് ആവശ്ടയപ്പെട്ടിട്ടുണ്ട്. ആദ്യദിവസം നല്‍കിയ മൊഴികള്‍ പരിശോധിച്ച് നോക്കും വരെ ദ്വീപില്‍ തങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഈ കാലാവധി നാളെ അവസാനിക്കുകയാണ്. നാളെ രാവിലെ 10.30ന് കവരത്തി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ഹാജരാകാനാണ് നോട്ടീസില്‍ പറയുന്നത്.

  Also Read-സ്ത്രീധന പീഡനം; പരാതികള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം; കുറ്റവാളികള്‍ക്ക് കടുത്തശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

  നേരത്തെ ചോദ്യം ചെയ്യലിന് ഹാജരായ ഐഷ സുല്‍ത്താനയെ മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം മൂന്നു ദിവസം ദ്വീപ് വിട്ടു പോകരുതെന്നും മൊഴികള്‍ പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ വീണ്ടും വിളിക്കുമെന്ന് അറിയിച്ചിരുന്നു. പരിശോധനകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബയോ വെപ്പണ്‍ എന്ന പരാമര്‍ശത്തില്‍ തൃപ്തികരമായ രീതിയില്‍ വിശദീകരണം നല്‍കിയതായി ഇവര്‍ ചോദ്യം ചെയ്യലിന് ശേഷം പറഞ്ഞിരുന്നു.

  ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയെങ്കിലും കേസില്‍ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്യേണ്ടതുണ്ടെങ്കില്‍ ഇടക്കാല ജാമ്യം നല്‍കണം. ഒരാഴ്ചയാവും ഇടക്കാല ജാമ്യത്തിന്റെ കാലാവധിയെന്നും 50000 രൂപയുടെ ബോണ്ടിന് കീഴ്ക്കോടതി ജാമ്യം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടുണ്ട്. അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് അഭിഭാഷകന്റെ സാന്നിധ്യമുണ്ടാകണമെന്നും ഇടക്കാല ഉത്തരവില്‍ പറഞ്ഞിരുന്നു. ഇതനുസരിച്ചു അഭിഭാഷകനൊപ്പമാണ് അവര്‍ ദ്വീപില്‍ തുടരുന്നത്.

  Also Read-കോളേജുകള്‍ തുറക്കും; വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കും; മുഖ്യമന്ത്രി

  പൊലീസ് എഫ് ഐ ആറില്‍ പറയുന്ന തരത്തില്‍ ദേശദ്രോഹക്കുറ്റം ചെയ്തിട്ടില്ലെന്ന് ഐഷ കോടതിയില്‍ വാദിച്ചിരുന്നു. ഭരണകൂടത്തിന് എതിരായ വിമര്‍ശനം ദേശ ദ്രോഹക്കുറ്റമായി കണക്കാക്കാനാവില്ലെന്ന സുപ്രീംകോടതി അടുത്തിടെ സ്വീകരിച്ച നിലപാടുകളും ഐഷ ചൂണ്ടിക്കാട്ടി. ചാനല്‍ ചര്‍ച്ചയ്ക്കിടെ ആശയവിനിമയം തകരാറിലായതിനാല്‍ ചില തകരാറുകള്‍ ഉണ്ടായെന്നും ഐഷ പറഞ്ഞു.

  ചാനല്‍ ചര്‍ച്ചയ്ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ബയോവെപ്പണ്‍ എന്ന് പരാമര്‍ശിച്ചതിനെതിരെ ലക്ഷദ്വീപ് ബി ജെ പി അധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് നടപടി. രാജ്യദ്രോഹക്കുറ്റങ്ങള്‍ ഉള്‍പ്പെടുന്ന 12 എ,153 ബി വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഒന്നാം കോവിഡ് തരംഗത്തില്‍ ഒരു കേസു പോലും റിപ്പോര്‍ട്ടു ചെയ്യാതിരുന്ന ലക്ഷദ്വീപില്‍ അഡ്മിനസ്ട്രേറ്ററുടെ പ്രത്യേക നിര്‍ദ്ദേശത്തേ തുടര്‍ന്ന് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനേത്തുടര്‍ന്ന് കോവിഡ് പടര്‍ന്നു പിടിച്ചിരുന്നു. അഡ്മിനിസ്ട്രേറ്ററുടെ നയങ്ങള്‍ ജൈവായുധം പോലെ തനിക്കു തോന്നുന്നുവെന്നായിരുന്നു ഐഷയുടെ പരമാര്‍ശങ്ങള്‍.
  Published by:Jayesh Krishnan
  First published: