• HOME
  • »
  • NEWS
  • »
  • kerala
  • »
  • Popular Front of India വിദ്വേഷ മുദ്രാവാക്യ കേസ്: കുട്ടിക്ക് മുദ്രാവാക്യം വിളിക്കാൻ പരിശീലനം നല്‍കിയെന്ന് റിമാന്‍റ് റിപ്പോര്‍ട്ട്

Popular Front of India വിദ്വേഷ മുദ്രാവാക്യ കേസ്: കുട്ടിക്ക് മുദ്രാവാക്യം വിളിക്കാൻ പരിശീലനം നല്‍കിയെന്ന് റിമാന്‍റ് റിപ്പോര്‍ട്ട്

വിദ്വേഷ മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം നല്‍കിയെന്ന് റിമാന്‍റ് റിപ്പോര്‍ട്ട്

  • Share this:
    പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ (Popular Front Rally) മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം നല്‍കിയെന്ന് പൊലീസിന്‍റെ റിമാന്‍റ് റിപ്പോര്‍ട്ട്. മതവിദ്വേഷത്തിന് പുറമെ പ്രതികൾക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തി. അതേസമയം SDPIയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും പരിപാടികളിൽ വിവാദത്തിൽ ഉൾപ്പെട്ട കുട്ടി സജീവ സാന്നിധ്യമാണെന്നു പൊലീസ് സ്ഥിരീകരിച്ചു.

    കുട്ടിയെ തോളിലേറ്റിയ അന്‍സാറിനെ റിമാന്റ് ചെയ്യുന്നതിന്റെ ഭാഗമായി സമർപ്പിച്ച റിപ്പോര്‍ട്ടിലാണ് പോലീസ് ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നത്. വിവിധ മത വിഭാഗങ്ങൾതമ്മിൽ മതസ്പർദ്ധ വളർത്താൻ   പ്രതികൾ ലക്ഷ്യമിട്ടിരുന്നു എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിനായി കുട്ടിയെ ചുമലിലേറ്റി മറ്റു സമുദായങ്ങളിലുള്ളവരെ ആക്രമിക്കുന്നതിന് പ്രേരിപ്പിക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിപ്പിച്ചു. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പ്രത്യേകം പരിശീലനം നല്‍കിയിട്ടുണ്ട്. എവിടെ വെച്ചാണ് പരിശീലനം നൽകിയതെന്ന് കണ്ടെത്തണം. ആരാണ് പരിശീലിപ്പിച്ചതെന്നും ഇതിനായി, ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നന്വേഷിക്കണമെന്നും റിമാന്‍റ് റിപ്പോർട്ടിൽ പറയുന്നു.

    ബാബ്‌റി മസ്ജിദ്, ഗ്യാന് വ്യാപി വിഷയങ്ങള്‍ മുദ്രാവാക്യങ്ങളില്‍ ഉൾപ്പെടുത്തിയതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും പൊലീസ് ആരോപിക്കുന്നു. അതേസമയം, കുട്ടി പോപ്പുലർ ഫ്രണ്ട്, SDPI പരിപാടികളിലെ സ്ഥിര സാന്നിധ്യമാണെന്നു തെളിയിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ ന്യൂസ് 18ന് ലഭിച്ചു.

    നിലവില്‍ മൂന്ന് പേരെയാണ് റിമാന്‍റ് റിപ്പോര്‍ട്ടില്‍ പ്രതി ചേർത്തിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി മുജീബ് യാക്കൂബ്, ഇന്നലെ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡ‍ന്‍റ് നവാസ് വണ്ടാനം, തോളിലേറ്റിയ അന്‍സാര്‍ എന്നിവരാണിവർ. അൻസാർ ഇതിന് മുൻപും SDPI കേസുകളിൽ പ്രതിയാണ്. പ്രതികൾക്കെതിരെ ബാലനീതിനിയമ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

    ഒരാളുടെ തോളത്തിരുന്ന് ചെറിയ കുട്ടി മുദ്രവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. "അരിയും മലരും വാങ്ങിച്ച്‌ വീട്ടിൽ വാങ്ങി വെച്ചോളൂ.. ഒന്ന് കൂടെ മറന്നടാ..ഒന്ന് കൂടെ മറന്നടാ.. കുന്തിരിക്കം വാങ്ങിച്ച്‌ വീട്ടിൽ വാങ്ങി വെച്ചോടാ.. വരുന്നുണ്ടെടാ വരുന്നുണ്ടെടാ നിന്റെയൊക്കെ കാലന്മാർ. മര്യാദക്ക്‌ ജീവിച്ചാൽ നമ്മുടെ നാട്ടിൽ ജീവിക്കാം.. മര്യാദക്ക്‌ മര്യാദക്ക്‌ മര്യാദക്ക്‌ ജീവിച്ചോ. മര്യാദക്ക്‌ ജീവിച്ചില്ലേൽ നമുക്കറിയാം പണിയറിയാം.. മര്യാദക്ക്‌ മര്യാദക്ക്‌ മര്യാദക്ക്‌ ജീവിച്ചോ."...... എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം. ഒപ്പം ഉണ്ടായിരുന്ന മുതിർന്നവർ ഇത് ഏറ്റുവിളിക്കുന്നതും വീഡിയോയിൽ കാണാം.

    ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ വൻ പ്രതിഷേധം ഉയര്‍ന്നു.

    Summary: Police submitted remand report on the incident where a boy was seen shouting provocative slogans during a PFI rally in Alappuzha. The kid was carried on shoulders by another man and rest of the participants repeated his sloganeering
    Published by:user_57
    First published: