Karipur Air India Express Crash | ഗര്‍ഭിണിയായ മനാൽ മടങ്ങിയെത്തിയത് മരണത്തിലേക്ക്; ഭാര്യയെയും കുഞ്ഞിനെയും ഒരുമിച്ച് നഷ്ടമായ ആത്തിഫ്
Karipur Air India Express Crash | ഗര്‍ഭിണിയായ മനാൽ മടങ്ങിയെത്തിയത് മരണത്തിലേക്ക്; ഭാര്യയെയും കുഞ്ഞിനെയും ഒരുമിച്ച് നഷ്ടമായ ആത്തിഫ്
2019 ആഗസ്റ്റ് 17നാണ് നാദാപുരം സ്വദേശി ആത്തിഫ് മുഹമ്മദും കോഴിക്കോട് മൊകേരി സ്വദേശി പരേതനായ അഹമ്മദിന്‍റെ മകൾ മനാലും വിവാഹിതരായത്. വിവാഹ വാർഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനിൽക്കെയാണ് മനാലിന്‍റെ അപ്രതീക്ഷിത വേർപാട്.
മലപ്പുറം: 'ഞാൻ ഗർഭിണിയാണ്.. എത്രയും വേഗം രാജ്യം വിടാൻ ആഗ്രഹിക്കുന്നു.. വിസാ കാലാവധിയും തീരുകയാണ്.. കഴിവതും വേഗം ടിക്കറ്റ് ലഭ്യമാക്കാൻ സഹായിക്കണം' നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റിനായി മനാൽ അഹമ്മദ് എന്ന 26 കാരി അഭ്യര്‍ഥന നൽകിയത് ഇങ്ങനെയായിരുന്നു. വടകര സ്വദേശിയായ മനാലിന് ടിക്കറ്റ് ലഭിച്ചെങ്കിലും ആ യാത്ര മരണത്തിലേക്കായിരുന്നു. കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരണപ്പെട്ട പതിനെട്ട് പേരിൽ ഒരാൾ ആറുമാസം ഗർഭിണിയായ മനാൽ ആയിരുന്നു. ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിനിടെ റണ്‍വേയിൽ നിന്ന് തെന്നിമാറി 35 അടി താഴ്ചയിലേക്ക് പതിച്ചായിരുന്നു അപകടം.
ഇക്കഴിഞ്ഞ മാർച്ചിലാണ് ദുബായിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായ ഭര്‍ത്താവ് ആത്തിഫിനരികിലേക്ക് മനാൽ എത്തിയത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് യാത്രാവിലക്ക് വന്നതിനാൽ മടക്കയാത്ര വൈകി.. പിന്നാലെയാണ് വന്ദേഭാരത് മിഷന്‍റെ ഭാഗമായുള്ള വിമാനത്തിൽ ടിക്കറ്റ് ലഭിക്കുന്നതിനായി അപേക്ഷ നൽകിയത്. ദുബായ്-കരിപ്പൂർ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ടിക്കറ്റ് ലഭിച്ച് നാട്ടിലേക്ക് മടങ്ങിയെങ്കിലും ആ യാത്ര അവസാനിച്ചത് ദുരന്തത്തിലായിരുന്നു.
മനാലിന്‍റെ കുടുംബത്തിനും ഇത് തീരാവേദനയുടെ നിമിഷം തന്നെയാണ്. ഒന്നരവർഷം മുമ്പ് സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മനാലിന്‍റെ പിതാവ് അഹമ്മദ് മരണപ്പെട്ടിരുന്നു. ആ വേദന തീരും മുമ്പാണ് യുവതിയുടെ മരണവാർത്തയും വീട്ടുകാരെ തേടിയെത്തുന്നത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.