നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Pinarayi 2.0 | മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  Pinarayi 2.0 | മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  PM Narendra Modi.

  PM Narendra Modi.

  • Share this:
   ന്യൂഡല്‍ഹി: തുടര്‍ച്ചയായി രണ്ടാം തവണയും കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്.

   'മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രണ്ടാം തവണയും അധികാരമേറ്റെടുത്ത പിണറായി വിജയന് ആശംസകള്‍' പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ന് വൈകിട്ട് 3:30നായിരുന്നു തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് മുഖ്യമന്ത്രി പിണറായിവിജയനുള്‍പ്പെടെ 21 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.   ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിണറായി വിജയന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മന്ത്രിമാരില്‍ ആദ്യ ഊഴം സിപിഐയിലെ കെ രാജനായിരുന്നു.

   Also Read-വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവാകും; ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും

   പിന്നാലെ കേരള കോണ്‍ഗ്രസ് എമ്മിലെ റോഷി അഗസ്റ്റിന്‍, ജനതാദള്‍ എസിലെ കെ കൃഷ്ണന്‍കുട്ടി, എന്‍സിപിയിലെ എകെ ശശീന്ദ്രന്‍, ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍ കോവില്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചെയ്തു.

   അള്ളാഹുവിന്റെ നാമത്തിലാണ് അഹമ്മദ് ദേവര്‍ കോവില്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇതിന് പിന്നാലെ ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജുവും ഇടതു സ്വതന്ത്രനായി മത്സരിച്ച വി അബ്ദുറഹിമാനും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. സിപിഐയുടെ ജി ആര്‍ അനിലും സിപിഎമ്മിലെ കെ എന്‍ ബാലഗോപാലും ഡോ ആര്‍ ബിന്ദുവും സിപിഐയിലെ ജെ ചിഞ്ചുറാണിയും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു.

   തുടര്‍ന്ന് എം എന്‍ ഗോവിന്ദന്‍, മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണന്‍, പി രാജീവ്, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, വി എന്‍ വാസവന്‍, വീണ ജോര്‍ജ് എന്നിവരും ഗവര്‍ണര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തു.

   5.30 ഓടെ ആദ്യ മന്ത്രിസഭാ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരും.കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍, ഹൈക്കോടതിയുടെ നിര്‍ദേശം പാലിച്ച് പരമാവധി കുറച്ചുപേരെ മാത്രം പങ്കെടുപ്പിച്ചാണ് സത്യപ്രതിജ്ഞ നടന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പന്തലിലാണ് ചടങ്ങ്. പ്രതിപക്ഷത്തെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ 500 പേര്‍ക്കാണ് ക്ഷണക്കത്ത് നല്‍കിയത്. പ്രതിപക്ഷം പങ്കെടുത്തില്ല.

   മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും വ്യാഴാഴ്ച രാവിലെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര വയലാര്‍ രക്തസാക്ഷി സ്മാരകത്തിലും വലിയ ചുടുകാട്ടിലും സത്യപ്രതിജ്ഞക്ക് മുന്നോടിയായി പുഷ്പാര്‍ച്ചന നടത്തിയിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാണ് ചടങ്ങിലേക്ക് പ്രവേശനം.
   Published by:Jayesh Krishnan
   First published:
   )}