കോട്ടയത്തെ നവലോകത്തിന്റെ ശില്പി; ജില്ലയിൽ നിന്ന് ജയിച്ച കോട്ടയംകാരനായ ആദ്യ സിപിഎം മന്ത്രിയായി വാസവൻ
- Published by:Chandrakanth viswanath
- news18-malayalam
Last Updated:
എതു രംഗത്ത് എത്തിയാലും ആ മേഖലയെക്കുറിച്ച് വ്യക്തമായി പഠിച്ച് കാര്യങ്ങള്‍ നടത്തുക എന്നതാണ് വാസവനിലെ പൊതുപ്രവര്‍ത്തകനെ വ്യത്യസ്തനാക്കുന്നത്
കോട്ടയത്തെ നവലോകത്തിന്റെ ശില്പി; ജില്ലയിൽ ജനിച്ച ആദ്യ സിപിഎം മന്ത്രിയായി വാസവൻ
മെയ് ഒന്നിന് ഉച്ചതിരിഞ്ഞ് കോട്ടയത്ത് നിന്നും പാമ്പാടി വഴി യാത്ര ചെയ്താൽ ഒന്ന് ഞെട്ടും. അത്ര വലിയ റാലിയാണ് അവിടെ നടക്കുക. 1978 ൽ ഏതാനും തൊഴിലാളികളുമായി വി എൻ വാസവൻ ആരംഭിച്ചതാണിത്. നാലു പതിറ്റാണ്ടായി അത് ആ നാടിന്റെ ഏറ്റവും വലിയ ആഘോഷമായി. ദേശീയ ശ്രദ്ധ പിടിച്ചു പറ്റുന്ന വിധത്തിൽ മെയ് ദിന റാലി ഒരുക്കി പാർട്ടിയുടെ എല്ലാ സംസ്ഥാന ദേശീയ നേതാക്കളെയും പാമ്പാടിയിൽ എത്തിച്ചു. പുതുപ്പള്ളി എന്ന നിയമസഭാ മണ്ഡലത്തിന്റെ രാഷ്ട്രീയ തലസ്ഥാനമായി പാമ്പാടി.
advertisement
മുന്നണി രാഷ്ട്രീയത്തില്‍ കോട്ടയം ജില്ല വലതു പക്ഷത്തിനൊപ്പമായിരുന്നു. ആ ചരിത്രം മാറ്റിയെഴുതിയാണ് വാസവന്‍ കേരള ഭരണത്തിലേക്ക് എത്തുന്നത്. കോട്ടയം ജില്ലയിൽ ജനിച്ച കോട്ടയത്തു നിന്ന് ജയിച്ച കേരള മന്ത്രിസഭയിലെത്തുന്ന ആദ്യ സിപിഎം നേതാവ്. കേരള കോൺഗ്രസിന് ഒപ്പമുള്ള പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്ക് ചുക്കാൻ പിടിച്ചതും വാസവനായിരുന്നു.
സഹകരണ പ്രസ്ഥാനത്തിന്റെ അടിത്തട്ടിൽ നിന്ന് വളർന്ന് അതിലൂടെ നാടിന് പുതിയ പാഠഭേദങ്ങൾ പകർന്നു നൽകിയ ജനപ്രതിനിധിയാണ് ഇന്ന് കേരളത്തിലെ സഹകരണ വകുപ്പ് മന്ത്രിയായി ചുമതല ഏറ്റെടുക്കുന്നത്.
advertisement
40 വർഷമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ വികസന സമിതി അംഗം. അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ ചെയർമാനായി രോഗികൾക്ക് ആഹാര വിതരണം ഉൾപ്പെടെ എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം. ആറായിരത്തിലധികം കിടപ്പു രോഗികൾക്ക് സഹായം എത്തിക്കുന്നുണ്ട് അഭയം.
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് പാമ്പാടിയുടെ സ്ഥാനം ഉറപ്പിച്ചെടുത്ത പ്രസ്ഥാനമാണ് നവലോകം. അന്തരിച്ച സാഹിത്യകാരൻ പൊൻകുന്നം വർക്കിയുമായുള്ള ബന്ധമാണ് ഇതിന്റെ രൂപീകരണത്തിന് ഇടയാക്കിയത്. അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ തന്നെ നവലോകം സാംസ്‌കാരിക കേന്ദ്രം രൂപികരിച്ചു മലയാള സാഹിത്യ തറവാട്ടിലെ പ്രമുഖരെ പൊൻകുന്നം വർക്കിയുടെ തറവാട്ടിലെത്തിച്ച സംഘടന ഇന്നും സജീവമായി പ്രവർത്തിക്കുന്നു.
advertisement
മറ്റക്കര വെള്ളേപ്പള്ളിയില്‍ നാരായണന്റെയും കാര്‍ത്ത്യായനിയുടെയും മകന് ഇല്ലായ്മകളോടുള്ള പോരാട്ടമായിരുന്നു ജീവിതം. കഷ്ടപ്പാടിലൂടെയായിരുന്നു ആറുമക്കള്‍ അടങ്ങുന്ന കുടുബത്തില്‍ കാര്യങ്ങള്‍ മുന്നോട്ടു പോയിരുന്നത്. പഠനവും ജീവിതവും ഒന്നിച്ച് കൊണ്ടുപോകാന്‍ സാധിക്കാത്ത സ്ഥിതി. മികച്ച മാര്‍ക്കോടെ പത്താം ക്ലാസ് പാസായെങ്കിലും ഫീസ് തുടര്‍ പഠനത്തിന് തടസമായി. അപ്പോള്‍ എളുപ്പം തൊഴില്‍ ലഭിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ മേഖല തെരഞ്ഞെടുത്തത് ഇടതുപക്ഷ പ്രസ്ഥാനത്തിനാണ് ഗുണമായത്.
ജ്ഞാനപ്രകാശിനി ഗ്രന്ഥശാലയായിയിരുന്നു കെഎസ്വൈഎഫിന്റെ സജീവ പ്രവര്‍ത്തകനായ വാസവനെ പാകപ്പെടുത്തിയത്. അവിടുത്തെ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ച അംഗത്തിനുള്ള സമ്മാനം നേടിയ ചെറുപ്പക്കാരൻ നാട്ടിലെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പരിഹാരം കാണുന്ന യുവ നേതാവായി. കര്‍ഷക തൊഴിലാളി സമരത്തില്‍ പങ്കാളിയായി, സംഘട്ടനത്തില്‍ പ്രതിയാക്കപ്പെട്ടു. ഒരുമാസത്തോളം വാസവനടക്കം എഴു പേര്‍ക്ക് ഒളിവില്‍ പോകേണ്ടിവന്നു.
advertisement

കെഎസ്വൈഎഫിന്റെ ജില്ലാ ജോയിന്റ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ പദവികളില്‍ എത്തിച്ചു. ഡിവൈഎഫ്ഐ രൂപീകരിക്കുന്ന സമയത്ത് കോട്ടയത്തുനിന്ന് കെ ആര്‍ അരവിന്ദാക്ഷനും ലാസര്‍ വടക്കനുമൊപ്പം സംസ്ഥാന സമിതി അംഗമായി. എല്ലാഗ്രാമങ്ങളിലും ഡിവൈഎഫ്ഐ യൂണിറ്റുകള്‍ ആരംഭിച്ച് യുവജന പ്രസ്ഥാനത്തിന് ജില്ലയില്‍ ആഴത്തില്‍ വേരോട്ടം നല്‍കിയത് ഈ സംഘാടന മികവായിരുന്നു.
അടിയന്തരവസ്ഥക്കാലത്ത് വാസവന്‍ പൂര്‍ണ്ണസമയ പ്രവര്‍ത്തകനായി. ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. ഏഴാച്ചേരിയും ടി കെ രാമകൃഷ്ണനും തായാട്ട് ശങ്കരനും പങ്കെടുത്ത പഠനക്യാമ്പ് അക്കാലത്തെ ഏറ്റവും വലിയ ക്യാമ്പുകളില്‍ ഒന്നായിരുന്നു. അടിന്തരാവസ്ഥ കഴിഞ്ഞ് പാമ്പാടിലെ ചെത്തുതൊഴിലാളി യൂണിയന്‍ പ്രസ്ഥാനം പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോള്‍ അതിന്റെ ചുമതലക്കാരനായി. ട്രേഡ് യൂണിയൻ രംഗത്തും വിജയിച്ചതോടെ വാസവൻ എന്ന സംഘാടകൻ ഉയർന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം, ജില്ല സെക്രട്ടറി, പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളിലെത്തി. വാസവന്‍ സഹപ്രവര്‍ത്തകരുടെ വി എന്‍ വി ആയി. വാസവന്‍ ചേട്ടനായി.
advertisement
കോട്ടയം ജില്ലയില്‍ ആരംഭിച്ച ആശുപത്രി ജീവനക്കാരുടെ ആദ്യ സംഘടനയായ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ എംപ്‌ളോയിസ് ഫെഡറേഷന്‍ പിന്നീട് കേരളത്തില്‍ ഒട്ടാകെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. അതിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്നു.
സഹകരണ മേഖലയില്‍ സിപിഎമ്മിന്റെ ബലം ഉറപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങി. വെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഭരണം പിടിച്ചെടുത്തു. പാമ്പാടിയില്‍ റൂറല്‍ ഹൗസിങ് സൊസൈറ്റി രൂപീകരിച്ചു. ഇതിന്റെ പ്രസിഡന്റ് സ്ഥാനം ദീര്‍ഘകാലം വഹിച്ചു. ജില്ലയില്‍ മറ്റു ബാങ്കുകളുടെ ഭരണം പാര്‍ട്ടിയുടെ കൈപിടിയില്‍ എത്തിച്ചതിനു പിന്നിലും ഈ നേതാവിന്റെ ഇടപെടലുകളായിരുന്നു. അങ്ങനെ കോട്ടയം ജില്ലാ ബാങ്കിന്റെ പ്രസിഡന്റ് പദവിയില്‍ എത്തി. വ്യവസായ മേഖലയിലും കാര്‍ഷിക മേഖലയിലും മികച്ച വായ്പാ പദ്ധതികള്‍ ജില്ലാബാങ്ക് ആസൂത്രണം ചെയ്തു. കേരളാ ബാങ്കിന്റെ അണിയറ ശില്‍പികളില്‍ ഒരാള്‍ കൂടിയാണ്.
advertisement
സഹകരണ കണ്‍സോര്‍ഷ്യം രൂപീകരിച്ചു റബ്‌കോയുടെ രൂപീകരണത്തിനും നേതൃത്വം നല്‍കി. റബ്കോ ചെയര്‍മാന്‍ സ്ഥാനം വഹിച്ചു.നിലവില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിക്കുന്നു.
പാമ്പാടിയിൽ വനിതാ സഹകരണ സംഘം സ്ഥാപിച്ച് അതിനു കീഴിൽ വനിതകളുടെ സ്വയം തൊഴിൽ ശൃഖല ആരംഭിച്ചത് സഹകരണ മേഖലയിൽ പുതിയ കാൽ വയ്പായിരുന്നു. അടച്ചു പൂട്ടലിലേക്ക് നീങ്ങിയ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പുനരുദ്ധാരണ കമ്മിറ്റി ചെയർമാനായെത്തി. കാലടി സർവകലാശാലയുടെ സിൻഡിക്കേറ്റ് അംഗമായും പ്രവർത്തിച്ചു.
സഹകരണ രംഗത്തിനു പുറത്ത് ആദ്യം തെരഞ്ഞെടുപ്പിൽ മത്‌സരിക്കുന്നത് പാമ്പാടി പഞ്ചായത്തിലേക്കായിരുന്നു. അവിടെ വിജയമായിരുന്നു. നിയമസഭയിലേക്ക് കന്നി അങ്കം 1987ൽ പുതുപ്പള്ളിയിൽ. 2006 ൽ കോട്ടയം മണ്ഡലത്തിൽ നിന്നു എം എൽ എ ആയി. അടുത്ത മത്സരത്തിൽ പരാജയപ്പെട്ടു. 2015 ൽ സി പി എം ജില്ലാ സെക്രട്ടറിയായി.
ഇത്തവണ കോട്ടയം ജില്ലയിലെ പൊതു സീറ്റിൽ ഒരു ഇടതുപാർട്ടി സ്ഥാനാർത്ഥിക്ക് ലഭിക്കുന്ന ഏറ്റവും കൂടിയ ഭൂരിപക്ഷം എന്ന റെക്കാർഡ് പേരിലാക്കി ഏറ്റുമാനൂർ നിയമസഭ മണ്ഡലത്തിൽ വിജയം.
ഭാര്യ ഗീത ഹൈസ്‌കൂൾ അദ്ധ്യാപികയായി വിരമിച്ചു. മക്കൾ- ഡോ: ഹിമാ വാസവൻ, ഗ്രീഷ്മ വാസവൻ. മരുമകൻ- ഡോ: നന്ദകുമാർ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 20, 2021 1:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടയത്തെ നവലോകത്തിന്റെ ശില്പി; ജില്ലയിൽ നിന്ന് ജയിച്ച കോട്ടയംകാരനായ ആദ്യ സിപിഎം മന്ത്രിയായി വാസവൻ