ചെറുമത്തി പിടിക്കരുത്, 10 സെ.മീ. താഴെയുള്ള കുഞ്ഞുങ്ങളെ പിടിക്കുന്നത് കർശനമായി ഒഴിവാക്കണമെന്ന് CMFRI
- Published by:Rajesh V
- news18-malayalam
Last Updated:
മത്തിയുടെ വളർച്ചയുമായി ബന്ധപ്പെട്ട് സിഎംഎഫ്ആർഐയുടെ പഠനം തെറ്റായി വിലയിരുത്തപ്പെടുന്നത് ശ്രദ്ധയിൽ പെട്ടതായും മത്തി ഇനി വളരില്ല എന്ന രീതിയിലുള്ള വ്യാഖ്യാനങ്ങൾ ഒട്ടും ശരിയല്ലെന്നും സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു
കൊച്ചി: കേരള തീരത്ത് മത്തി കുഞ്ഞുങ്ങൾ ധാരാളമായി പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തിൽ, പിടിക്കാവുന്ന നിയമപരമായ വലിപ്പമായ (എംഎൽഎസ്) 10 സെ.മീ. താഴെയുള്ള കുഞ്ഞുങ്ങളെ പിടിക്കുന്നത് കർശനമായി ഒഴിവാക്കണമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (CMFRI). അനുകൂലമായ മഴയിൽ കടലോപരിതലം കൂടുതൽ ഉൽപാദനക്ഷമമായതാണ് മത്തി വൻതോതിൽ കേരള തീരത്ത് ലഭ്യമാകാൻ കാരണമെന്ന് അടുത്തിടെ സിഎംഎംഎഫ്ആർഐ പഠനം വ്യക്തമാക്കിയിരുന്നു. എണ്ണത്തിൽ വർധനവുണ്ടായതോടെ ഭക്ഷ്യലഭ്യതയിൽ ക്രമേണ കുറവുണ്ടാവുകയും അത് വളർച്ചയെ ബാധിച്ചതായും പഠനം കണ്ടെത്തിയിരുന്നു.
എന്നാൽ, മത്തിയുടെ വളർച്ചയുമായി ബന്ധപ്പെട്ട് സിഎംഎഫ്ആർഐയുടെ പഠനം തെറ്റായി വിലയിരുത്തപ്പെടുന്നത് ശ്രദ്ധയിൽ പെട്ടതായും മത്തി ഇനി വളരില്ല എന്ന രീതിയിലുള്ള വ്യാഖ്യാനങ്ങൾ ഒട്ടും ശരിയല്ലെന്നും സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു.
ചെറുമത്സ്യബന്ധനം ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുത്. തീരക്കടലുകൾ ഇപ്പോഴും ഉയർന്ന ഉൽപ്പാദനക്ഷമമാണെന്നതിനാൽ ചെറുമത്തികൾ ധാരാളമായി കാണപ്പെടുന്നുണ്ട്. ഇതിനെ സുസ്ഥിരമായി പ്രയോജനപ്പെടുത്താൻ എം എൽ എസ് പ്രകാരമുള്ള നിയന്ത്രിത മത്സ്യബന്ധനമാണ് വേണ്ടത്. സുസ്ഥിരത ഉറപ്പാക്കാനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനം സംരക്ഷിക്കാനും ഇതാവശ്യമാണ്- സിഎംഎഫ്ആർഐ ഡയറക്ടർ പറഞ്ഞു.
advertisement
മത്തിയുടെ ലഭ്യതയും വളർച്ചയും പ്രധാനമായും പാരിസ്ഥിതിക മാറ്റങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഇവയുടെ ലഭ്യതയിൽ തകർച്ച നേരിടാതിരിക്കാൻ സുസ്ഥിരമായ മത്സ്യബന്ധന രീതികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. മത്തിയുടെ പ്രജനനത്തിനും കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കും ഇത് നിർണായകമാണെന്നും സിഎംഎഫ്ആർഐ ഗവേഷകർ ചൂണ്ടിക്കാട്ടി. തീരെ ചെറിയ മത്തി പിടിക്കുന്നത് മത്തി ലഭ്യതയെ ദോഷകരമായി ബാധിക്കാൻ കാരണമാകുമെന്ന് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. യു ഗംഗ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
October 13, 2025 1:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചെറുമത്തി പിടിക്കരുത്, 10 സെ.മീ. താഴെയുള്ള കുഞ്ഞുങ്ങളെ പിടിക്കുന്നത് കർശനമായി ഒഴിവാക്കണമെന്ന് CMFRI