പുതുപ്പള്ളി വിധിയെഴുതി; 72.91 % പോളിങ്; പരാതിയുമായി ചാണ്ടി ഉമ്മൻ
- Published by:Rajesh V
- news18-malayalam
Last Updated:
രാവിലെ ഏഴ് മണി മുതൽ ആരംഭിച്ച വോട്ടെടുപ്പ് ആറു മണി ആയിട്ടും അവസാനിച്ചിരുന്നില്ല. ആറ് മണി കഴിഞ്ഞിട്ടും തിരക്കൊഴിയാത്തതിനാൽ പോളിങ് ബൂത്തുകളിലെ ഗേറ്റ് അടച്ച് നിലവിൽ ക്യൂ നിൽക്കുന്ന ആളുകള്‍ക്ക് ടോക്കൺ നൽകുകയായിരുന്നു
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ 72.91 ശതമാനം പോളിങ്. അവസാനം ലഭിച്ച കണക്കുകൾ പ്രകാരം 1,28,624 പേരാണ് പോളിംഗ് ബൂത്തിലെത്തി വോട്ടുചെയ്തത്. 2491 വയോധികരുടെ വോട്ടുകൾ നേരത്തെ വീട്ടിലെത്തി ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിരുന്നു. 72.91 ശതമാനം വോട്ടുരേഖപ്പെടുത്തിയെന്നും പൂർണമായ കണക്കുകൾ പിന്നീട് അറിയിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
ഇതിനിടെ ചില ബൂത്തുകളിൽ പോളിങ് വൈകുന്നുവെന്ന് പരാതി ഉയർന്നു. ഇവിടെ വോട്ടു ചെയ്യാൻ എത്തിയവർക്ക് മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വന്നു. പോളിങ് വൈകുന്നത് സംശയാസ്പദമാണെന്നും അന്വേഷിക്കണമെന്നും യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. പോളിങ്ങിൽ ഉദ്യോഗസ്ഥർ സഹകരിച്ചില്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. പോളിങ്ങ് മന്ദഗതിയിലായെന്ന് ചാണ്ടി ഉമ്മനും എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസും ആരോപിച്ചു. പരാതി ലഭിച്ചതായി ജില്ലാ കളക്ടർ വി വിഘ്നേശ്വരി സ്ഥിരീകരിച്ചു.
advertisement
Also Read- ‘വോട്ട് ചെയ്യാനാകാതെ നിരവധിപ്പേർ തിരിച്ചുപോയി; ഗുണ്ടകൾ ആക്രമിക്കാൻ ശ്രമിച്ചു; വോട്ടിങ് സമയം നീട്ടിനൽകണം’
രാവിലെ ഏഴ് മണി മുതൽ ആരംഭിച്ച വോട്ടെടുപ്പ് ആറു മണി ആയിട്ടും അവസാനിച്ചിരുന്നില്ല. ആറ് മണി കഴിഞ്ഞിട്ടും തിരക്കൊഴിയാത്തതിനാൽ പോളിങ് ബൂത്തുകളിലെ ഗേറ്റ് അടച്ച് നിലവിൽ ക്യൂ നിൽക്കുന്ന ആളുകള്‍ക്ക് ടോക്കൺ നൽകുകയായിരുന്നു. വൈകിട്ട് 6.50 നാണ് അവസാന വോട്ട് രേഖപ്പെടുത്തിയത്. മണർകാട് ബൂത്തിലാണ് അവസാനമായി വോട്ട് ചെയ്തത്. അന്തിമ കണക്കുകൾ വരുന്നതോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 74. 84 ശതമാനം എന്ന പോളിംഗ് ഇത്തവണ മറികടന്നേക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ.
advertisement
പുതുപ്പള്ളി ജോർജിയൻ സ്കൂളിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും കുടുംബാംഗങ്ങളും മണർകാട് കണിയാംകുന്ന് എൽപിഎസിലെ 72ാം നമ്പർ ബൂത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസും വോട്ട് രേഖപ്പെടുത്തി. ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാൽ കടുത്തുരുത്തി മണ്ഡലത്തിലെ കുറിച്ചിത്താനം സ്വദേശിയായതിനാൽ പുതുപ്പള്ളിയിൽ വോട്ടില്ല. പാമ്പാടി എംജിഎം എച്ച്എസ് 102ാം നമ്പർ ബൂത്തിൽ മന്ത്രി വി എൻ വാസവൻ കുടുംബസമേതം വോട്ട് ചെയ്തു.
Also Read- പുതുപ്പള്ളിയിൽ പോളിങ് ശതമാനം കഴിഞ്ഞതവണത്തെതിനെ മറികടന്നു; ഒരു മണിവരെ രണ്ടു ശതമാനത്തോളമാണ് വർധന
advertisement
90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാൻസ്ജെൻഡറുകളും ഉൾപ്പെടെ 1,76,417 വോട്ടർമാരാണ് പുതുപ്പള്ളിയിലുള്ളത്. ഇതിൽ 957 പേർ പുതിയ വോട്ടർമാരാണ്. 2021ൽ 9044 വോട്ടിനാണ് ഉമ്മൻ ചാണ്ടി വിജയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
September 05, 2023 10:23 PM IST