തിരുവനന്തപുരം: കുട്ടനാട് സീറ്റ്
കേരള കോൺഗ്രസ് (ജോസഫ് ) വിഭാഗത്തിനു നൽകാൻ യുഡിഎഫ് തീരുമാനം. ജേക്കബ് എബ്രഹാം കുട്ടനാട്ടിൽ സ്ഥാനാർഥിയാകുമെന്നു പ്രതിപക്ഷ നേതാവ്
രമേശ് ചെന്നിത്തല പറഞ്ഞു. ചവറയിൽ ആർഎസ്പി നേതാവ് ഷിബു ബേബി ജോണും മത്സരിക്കും.
ജോസ് കെ.മാണി വിഭാഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇനി ചർച്ച ചെയ്യേണ്ടെന്നു യുഡിഎഫ് യോഗത്തിൽ അഭിപ്രായം ഉയർന്നതായി ചെന്നിത്തല പറഞ്ഞു.
പരസ്യമായി ജോസ് വിഭാഗത്തെ പുറത്താക്കിയെന്ന നിലപാടെടുക്കില്ല. അവർ സ്വയം പുറത്തുപോകട്ടെയെന്ന നിലപാടിലാണ് മുന്നണിയെന്നും ചെന്നിത്തല പറഞ്ഞു. ഉപതിരഞ്ഞെടുപ്പിനു യുഡിഎഫ് സജ്ജമാണെന്നും അനുകൂല രാഷ്ട്രീയ സാഹചര്യമാണെന്നും യുഡിഎഫ് യോഗം വിലയിരുത്തി.
യുഡിഎഫുമായി അകന്നു നിൽക്കുന്ന ജോസ് കെ.മാണിയെ യോഗത്തിലേക്കു വിളിച്ചിരുന്നില്ല. ജോസ് കെ.മാണിയെ പുറത്താക്കിയിട്ടില്ലെന്നും യുഡിഎഫ് യോഗത്തിലേക്കു വിളിക്കേണ്ടെന്നാണ് തീരുമാനമെന്നും ചെന്നിത്തല പറഞ്ഞു. മുന്നണിയിൽ ഐക്യം പ്രധാനമാണ്. നേതൃത്വത്തിന്റെ തീരുമാനത്തിനു വഴങ്ങാതെ വന്നതോടെയാണ് മുന്നണിയോഗത്തിൽനിന്ന് മാറ്റിയത്- ചെന്നിത്തല വ്യക്തമാക്കി.
യുഡിഎഫ് വിട്ടു സ്വതന്ത്ര നിലപാടെടുക്കുകയാണെന്നു പ്രഖ്യാപിച്ചപ്പോഴും അച്ചടക്ക നടപടിയെടുക്കാതെ തിരികെയെത്തിക്കാൻ ചർച്ച തുടങ്ങി. എന്നാൽ, യുഡിഎഫിനെ വഞ്ചിക്കുന്ന നിലപാടുമായി അവർ മുന്നോട്ടുപോയി-ചെന്നിത്തല പറഞ്ഞു.
യുഡിഎഫിനെതിരെ നിലപാടെടുക്കുന്ന പാർട്ടിയെ എങ്ങനെ മുന്നണിയിൽ നിലനിർത്തുമെന്നു ചെന്നിത്തല ചോദിച്ചു. ജനങ്ങളോട് മറുപടി പറയേണ്ട ബാധ്യത ജോസ് വിഭാഗത്തിനാണെന്നും ചെന്നിത്തല പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.