തിരുവനന്തപുരം: ബെംഗളൂരുവില്‍ പിടിയിലായ മയക്കുമരുന്ന് സംഘവും സ്വര്‍ണക്കടത്ത് കേസ് പ്രതികളും തമ്മിലുളള ബന്ധം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മയക്കുമരുന്ന് കേസ് പ്രതിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകന് ബന്ധമുണ്ടെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനുമായിട്ടുളള ബന്ധവും അടുപ്പവും പണമിടപാടുകളുമെല്ലാം ഞെട്ടിപ്പിക്കുന്നതാണ്. ബന്ധമുണ്ടെന്ന്
ബിനീഷ് കോടിയേരി തന്നെ സമ്മതിച്ചു എന്നത് ഗൗരവമുളളതാണെന്നും ചെന്നിത്തല പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസ് സംഘവുമായി
മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. റമീസും അനൂപും നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടുണ്ട്. ആ പ്രതികളുമായിട്ടാണ് സംസ്ഥാന സെക്രട്ടറിയുടെ മകന് ബന്ധം. ബെംഗളുരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് കേസും മയക്കുമരുന്ന് സംഘവുമായി കോടിയേരിയുടെ മകന്റെ ബന്ധമെന്താണെന്ന് അന്വേഷിക്കണം.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ഒളിവില്‍ താമസിച്ചത് ബെംഗളുരുവിലാണ്. സ്വപ്നയ്ക്ക് മയക്കുമരുന്ന് സംഘവുമായിട്ടുളള ബന്ധം പുറത്തുവരണം. ദിവസങ്ങള്‍ കഴിയുന്തോറും ആളുകളുടെ നെഞ്ചിടിപ്പ് വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഇക്കാര്യം ഉദ്ദേശിച്ചാണോയെന്നും ആരുടെ നെഞ്ചിടിപ്പാണ് ഇപ്പോള്‍ വര്‍ധിച്ചതെന്നും ചെന്നിത്തല ചോദിച്ചു.
കോട്ടയം ജില്ലയില്‍ നടന്ന നൈറ്റ് പാര്‍ട്ടിയെ കുറിച്ചുളള അന്വേഷണങ്ങള്‍ ഉണ്ടായില്ല. ഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറിയുടെ മകന് ബന്ധമുളളതുകൊണ്ടാണോ പോലീസ് ഇത് അനുവദിച്ചുകൊടുക്കുന്നത്. ഗുരുതരമായ കളളക്കടത്ത് കേസുകളും മയക്കുമരുന്ന് വിതരണങ്ങളും പാര്‍ട്ടയുടെ ആശീര്‍വാദത്തോടെ നടക്കുന്നതുകൊണ്ടാണോ പോലീസ് അന്വേഷിക്കാത്തത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്.
സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ജോലി മയക്കുമരുന്ന് വിപണനവും സ്വര്‍ണക്കളളക്കടത്തുമായി മാറുന്നു എന്നുളളത് കേരളത്തിലെ ജനങ്ങളെ ഞെട്ടിപ്പിച്ച സംഭവമാണ്. ഇതുസംബന്ധിച്ച സത്യാവസ്ഥ പുറത്തുവരണം. സംസ്ഥാന പോലീസ് നാര്‍ക്കോട്ടിക് സെല്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.