'സ്പീക്കർക്കെതിരെ ഉന്നയിച്ചത് ആരോപണമല്ല വസ്തുത; സ്വര്‍ണ്ണക്കടത്തില്‍ 4 മന്ത്രിമാര്‍ക്ക് ബന്ധമുണ്ടെന്ന ആരോപണത്തില്‍ മറുപടി പറയണം': രമേശ് ചെന്നിത്തല
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
നിയമസഭാ ഹാള്‍ കല്യാണ ആവശ്യങ്ങള്‍ക്കൊക്കെ വാടകയ്ക്ക് കൊടുക്കുമെന്ന് സ്പീക്കര്‍ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല.
കണ്ണൂർ: നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരെ ഉന്നയിച്ചത് വെറും ആരോപണങ്ങളല്ല വസ്തുതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കറുടെ മറുപടി ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ്. താൻ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലല്ല ആരോപണം ഉന്നയിച്ചത്. ഉന്നതമായ സ്പീക്കർ പദവി ഉപയോഗിച്ച് പൊതുജനങ്ങളുടെ പണം ധൂർത്തടിക്കാനാവില്ല. പ്രതിപക്ഷ നേതാവെന്ന നിലയിൽ കണ്ണും പൂട്ടിയിരിക്കാനാവില്ലെന്നും ജനങ്ങളോടുള്ള ഉത്തരവാദിത്തമാണ് താൻ നിറവേറ്റുന്നതെന്നും ചെന്നിത്തല പറഞ്ഞു.
പുരോഗമനമായ നിയമങ്ങൾ പാസാക്കിയതിന് കേരള നിയമസഭയ്ക്ക് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ആ അന്തസിനെയും മഹത്വത്തെയും ദുർബപ്പെടുത്തരുത്. ജനാധിപത്യത്തിന്റെ വികസന സാധ്യത ഉപയോഗിച്ച് എങ്ങനെ കൊള്ള നടത്താമെന്നാണ് ഫെസ്റ്റിവൽ ഓഫ് ഡെമോക്രസിയിൽ കണ്ടത്. പ്രളയത്തെ തുടർന്ന് ചെലവ് വെട്ടിക്കുറിച്ചപ്പോഴാണ് ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി സംഘടിപ്പിച്ചതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
advertisement
നിയമസഭാ ഹാള്‍ കല്യാണ ആവശ്യങ്ങള്‍ക്കൊക്കെ വാടകയ്ക്ക് കൊടുക്കുമെന്ന് സ്പീക്കര്‍ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. ഫെസ്റ്റിവൽ ഓഫ് ഡെമോക്രസിയുടെ പേരിൽ ആറ് പരിപാടികളാണ് ആവിഷ്ക്കരിച്ചത്. അതിൽ രണ്ടെണ്ണം രണ്ടേകാൽ കോടി ചിലവഴിച്ച് നടത്തി. കോവിഡ് വന്നില്ലായിരുന്നെങ്കിൽ നാലു കോടി കൂടി ചെലവായേനെ. 21. 6 ലക്ഷം രൂപയാണ് ഫെസ്റ്റിവൽ ജീവനക്കാർക്ക് ശമ്പളമായി കൊടുത്തത്. ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിക്കായി നിയമിച്ച താത്കാലിക ജീവനക്കാര്‍ ഇപ്പോഴും ശമ്പളം വാങ്ങുകയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
പേപ്പർ രഹിത നിയമസഭാ പദ്ധതിക്ക് ടെൻഡർ ഇല്ല. ടെൻഡർ ഇല്ലാതെ എങ്ങനെയാണ് തുക നിശ്ചയിച്ചത്. മൊബിലൈസേഷൻ അഡ്വാൻസ് കൊടുത്തതാണ് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ കേസ്. ഇബ്രാഹിം കുഞ്ഞ് പക്ഷെ സർക്കാറിനു വേണ്ടി പലിശ വാങ്ങി. പക്ഷെ ഇവിടെ അതുമുണ്ടായില്ല. പദ്ധതി നടത്തിപ്പിനായി കേന്ദ്ര ഏജൻസിയായ എൻ.ഐ.സിയെ സമീപിച്ചിട്ടില്ല. ടെൻഡർ വിളിക്കാതെ ഊരാളുങ്കലിന് കരാർ നൽകിയത് ഏത് കമ്മിറ്റിയാണെന്ന് വ്യക്തമാക്കണം. ലാളിത്യത്തിന്റെ പര്യായമായിരുന്ന ശങ്കര നാരായണൻ തമ്പിയുടെ പേരിലുള്ള ഹാളിന് 16.65 കോടി രൂപയാണ് അനുവദിച്ചത്.
advertisement
ഇവിടെ 1.84 കോടി രൂപക്ക് കസേര വാങ്ങേണ്ടതിന്റെ ആവശ്യം എന്തെന്നതിന് യുക്തിസഹമായ മറുപടിയില്ല. ഹാൾ സ്വകാര്യ ആവശ്യത്തിന് കൊടുക്കാൻ സ്പീക്കർക്ക് തീരുമാനിക്കാൻ കഴിയുമോ. നിയമസഭ നിര്‍മ്മിക്കാന്‍ 76 കോടിയാണ് ചെലവായത്. നവീകരണത്തിന് 100 കേടിയും. ഈ സ്പീക്കർക്ക് എന്തുപറ്റി?-ചെന്നിത്തല ചോദിച്ചു.
ലോകകേരള സഭയുടെ രണ്ടാം സമ്മേളനത്തില്‍ നിന്നും പ്രതിപക്ഷം വിട്ടു നിന്നത് ശരിയാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ടാവും. എല്ലാ നിയമസഭയുടെ കാലത്തും പുസ്തകങ്ങള്‍ ഇറക്കാറുണ്ട്. അതിനാല്‍ തന്നെ സ്പീക്കര്‍ ഇപ്പോള്‍ പറയുന്നതില്‍ വലിയ കാര്യമില്ല. കാട്ടിലെ തടി തേവരുടെ ആന എന്ന തരത്തിലാണ് പോകുന്നത്.
advertisement
അഴിമതിയിലും ധൂര്‍ത്തിലും സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തയക്കും. ഇന്നലത്തെ സ്പീക്കറുടെ പത്രസമ്മേളനം വിടവാങ്ങല്‍ പ്രസംഗം പോലുണ്ടായിരുന്നു. സ്വപ്നയും സ്പീക്കറും തമ്മിലുള്ള ബന്ധം വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തമാകും. സ്പീക്കറുടെ എല്ലാ വിദേശയാത്രകളും വിദേശകാര്യവകുപ്പിന്റെ അനുമതിയോടെയല്ല. അദ്ദേഹം നടത്തിയ 9 യാത്രകളില്‍ 2 യാത്രകള്‍ക്ക് അനുമതിയില്ല എന്ന് വിവരാവകാശ രേഖ വഴി വ്യക്തമായിട്ടുണ്ടെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
സഭാ ടി വി ഒരു വെള്ളാനായാണ്. സഭാ ടിവി കൺസൾട്ടന്റിന് താമസിക്കാൻ 25,000 രൂപയ്ക്ക് ഫ്ലാറ്റ് എടുത്തെന്ന ആരോപണം സ്പീക്കർ സമ്മതിച്ചിട്ടുണ്ട്. കെ.എം മാണി ഉദ്ഘാടനം ചെയ്ത നിയമസഭയിലെ കുട്ടികളുടെ ലൈബ്രറി എന്തിനാണ് പൊളിച്ചു കളഞ്ഞതെന്നും ചെന്നിത്തല ചോദിച്ചു.
advertisement
സംസ്ഥാന മന്ത്രിസഭയിലെ നാല് മന്ത്രിമാര്‍ക്ക് സ്വര്‍ണ്ണക്കടത്തില്‍ ബന്ധമുണ്ടെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം. നിയമസഭയുടെ പ്രവര്‍ത്തനങ്ങളില്‍ സഭ സമിതിയെ നോക്കു കുത്തിയാക്കി സ്പീക്കര്‍ തീരുമാനം എടുക്കുകയാണ് ചെയ്തത്. ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ ബിജെപിക്ക് മുന്നിലെത്താന്‍ താന്‍ മത്സരിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി ജനങ്ങളെയോ മാധ്യമങ്ങളെയോ അഭിമുഖീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. മുഖ്യമന്ത്രിയോട് സഹതാപം മാത്രമാണുള്ളത്. മുഖ്യമന്ത്രിയുടെ രാജിയിൽ കുറഞ്ഞ് ഒന്നും സ്വീകാര്യമല്ലെന്നും ചെന്നിത്തല പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 11, 2020 4:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സ്പീക്കർക്കെതിരെ ഉന്നയിച്ചത് ആരോപണമല്ല വസ്തുത; സ്വര്‍ണ്ണക്കടത്തില്‍ 4 മന്ത്രിമാര്‍ക്ക് ബന്ധമുണ്ടെന്ന ആരോപണത്തില്‍ മറുപടി പറയണം': രമേശ് ചെന്നിത്തല


