'ലോകകേരള സഭ; സഭാ ടിവി; ഫെസ്റ്റിവൽ ഓൺ ഡെമോക്രസി; നിയമസഭയിൽ ധൂർത്തും പക്ഷപാതവും:' സ്പീക്കർക്കെതിരേ ചെന്നിത്തല
- Published by:Rajesh V
- news18-malayalam
Last Updated:
''നിയമസഭാ മന്ദിരത്തിന്റെ മൊത്തം നിര്‍മാണ ചിലവ് 76 കോടി രൂപയോളമാണ്. എന്നാല്‍ കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ ഈ സ്പീക്കര്‍ 100 കോടിയുടെയെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആഘോഷങ്ങളും നടത്തിയിട്ടുണ്ട്.''
കോഴിക്കോട്: നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള നിയമസഭയുമായി ബന്ധപ്പെട്ട് കോടികളുടെ ധൂർത്തും അഴിമതിയുമാണ് നടന്നതെന്ന് അദ്ദേഹം കോഴിക്കോട് ആരോപിച്ചു. പ്രവാസികളുടെ ക്ഷേമത്തിനായി ആരംഭിച്ച ലോക കേരള സഭയെ ധൂര്‍ത്തിന്റെയും അഴിമതിയുടെയും പര്യായമാക്കി മാറ്റിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സ്പീക്കർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഗവർണർക്ക് കത്ത് നൽകുമെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ ഇവ
ലോക കേരള സഭ
2018 ല്‍ ആദ്യ ലോക കേരളസഭ നടന്നപ്പോള്‍ ശങ്കരനാരായണന്‍ തമ്പി ഹാളിലെ ഇരിപ്പിടങ്ങള്‍ നവീകരിക്കുന്നതിന് മാത്രമായി ചെലവാക്കിയത് 1.84 കോടി രൂപയാണ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്ക് ടെണ്ടറൊന്നും ഇല്ലാതെ കരാര്‍ നല്‍കുകയായിരുന്നു. ആകെ രണ്ടേ രണ്ട് ദിവസം മാത്രമാണ് ഈ ഹാളില്‍ സമ്മേളനം ചേര്‍ന്നത്.
2020 രണ്ടാം ലോക കേരള സഭ നടന്നപ്പോള്‍ 1.84 കോടി രൂപ മുടക്കി നവീകരിച്ച ഈ ഇരിപ്പിടങ്ങള്‍ പൊളിച്ചു മാറ്റി. മാത്രമല്ല ഹാള്‍ മൊത്തമായി 16.65 കോടി രൂപ എസ്റ്റിമേറ്റിട്ട് നവീകരിച്ചു. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ വിദേശത്ത് നിന്ന് കൊണ്ടുവന്ന് തൂക്കിയിരുന്ന കമനീയമായ ശരറാന്തല്‍ വിളക്കുകളും മറ്റ് അലങ്കാരങ്ങളും ചുമന്നു മാറ്റിയായിരുന്നു നവീകരണം. ഊരാളുങ്കല്‍ സൊസൈറ്റിക്ക് തന്നെയാണ് വീണ്ടും കരാര്‍ നല്‍കിയത്. ടെണ്ടര്‍ ഇല്ല. ആകെ ഒന്നര ദിവസം മാത്രമാണ് ഈ നവീകരിച്ച ഹാളില്‍ സമ്മേളനം നടന്നത്. അത് കഴിഞ്ഞ് ഹാള്‍ ഇപ്പോള്‍ അച്ചിട്ടിരിക്കുന്നു. എന്തിന് വേണ്ടിയായിരുന്നു ഈ ധൂര്‍ത്ത്? എസ്റ്റിമേറ്റിന്റെ അത്രയും തുക വേണ്ടി വന്നിട്ടില്ലെന്നും പകുതിയേ ചിലവായിട്ടിള്ളൂ എന്നുമാണ് അന്ന് സ്പീക്കര്‍ വിശദീകരിച്ചത്. എന്നാല്‍ ഇതിന്റെ ബില്ലില്‍ ഇതിനകം 12 കോടി രൂപ ഊരാളുങ്കലിന് നല്‍കി കഴിഞ്ഞു. കോവിഡിന്റെ പശ്ചാലത്തില്‍ പ്രഖ്യാപിച്ച സാമ്പത്തിക നിയന്ത്രണത്തിന് പ്രത്യേക ഇളവ് നല്‍കിയാണ് ഈ തുക ഊരാളുങ്കലിന് നല്‍കിയത്.
advertisement
ഇ-നിയമസഭ
നിയമസഭ കടലാസ് രഹിതമാക്കുന്നതിനുള്ള ഇ-നിയമസഭ എന്ന പദ്ധതിയിയുടെ പേരിലും വന്‍ ധൂര്‍ത്താണ് നടന്നത്. 52.31 കോടി രൂപയുടെ പടുകൂറ്റന്‍ പദ്ധതിയാണിത് ഇത്. ഇതിനും ടെണ്ടര്‍ ഇല്ല. ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് ഈ പണിയും നല്‍കിയത്.
ഊരാളുങ്കലിന് 13.59 കോടിരൂപ മൊബിലൈസേഷന്‍ അഡ്വാന്‍സ് ആയി നല്‍കി. 13-6-19 ന് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങി. ഊരാളുങ്കല്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് അഡ്വാന്‍സ് തുകയായി 13.53 കോടി രൂപ നല്‍കാന്‍ സ്പീക്കര്‍ പ്രത്യേക ഉത്തരവ് നല്‍കിയത്. മുപ്പത് ശതമാനത്തോളം വരും ഈ അഡ്വാന്‍സ്.
advertisement
ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി
ജനാധിപത്യത്തിന്റെ ഉത്സവമായാണ് ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി എന്ന പേരില്‍ നിയമസഭ ആഘോഷം നടത്തിയത്. ഏന്നാല്‍ ശരിക്കും ധൂര്‍ത്തിന്റെയും അഴിമതിയുടെയും ഉത്സവമായാണ് അത് മാറിയത്. ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയില്‍ പരമ്പരയായി ആറ് പ്രോഗ്രാമുകളാണ് നടത്താന്‍ നിശ്ചയിച്ചത്. കോവിഡ് കാരണം രണ്ടെണ്ണമേ നടത്താന്‍ കഴിഞ്ഞുള്ളു. ധൂര്‍ത്തിന്റെ കേളീരംഗമായി അവ മാറി. രണ്ടെണ്ണത്തിന് മാത്രം ചെവ് രണ്ടേകാല്‍ കോടി രൂപ. ആറെണ്ണം നടത്തിയിരുന്നെങ്കില്‍ എത്ര രൂപയാകുമായിരുന്നു?
advertisement
[NEWS]Local Body Elections 2020| വോട്ടര്‍ പട്ടികയില്‍ പേരില്ല; മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല[NEWS]Local Body Elections 2020 | പോളിംഗ് ബൂത്തിൽ കോവിഡ് പ്രോട്ടോക്കോൾ ഉറപ്പുവരുത്താൻ റോബോട്ട്; സംവിധാനം എറണാകുളത്ത്[NEWS]
ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിക്ക് ഭക്ഷണചെലവ് മാത്രം 68 ലക്ഷം രൂപ എന്നാണ് വിവരാവകാശം വഴി ലഭിച്ച കണക്ക്. യാത്രാചിലവ് 42 ലക്ഷം രൂപ. മറ്റു ചിലവുകള്‍ 1.21 കോടി രൂപ. പരസ്യം 31 ലക്ഷം രൂപ. ഒരു നിയന്ത്രണവുമില്ലാതെ പൊതുപണം വെള്ളം പോലെ ഒഴുക്കിക്കളയുകയായിരുന്നു. എന്താണ് അത് കൊണ്ട് ഉണ്ടായ നേട്ടം?
advertisement
നിയമസഭയില്‍ 1100 ലേറെ സ്ഥിരം ജീവനക്കാരുണ്ട്. എന്നിട്ടും ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിക്കായി അഞ്ച് പേരെ കരാറടിസ്ഥാനത്തില്‍ പുറത്തു നിന്ന് നിയമിച്ചു. പരിപാടി അവസാനിപ്പിച്ചിട്ട് രണ്ടു വര്‍ഷമായി. എന്നിട്ടും ഇവര്‍ ജോലിയില്‍ തുടരുകയാണ്. ഓരോരുത്തര്‍ക്കും പ്രതിമാസ ശമ്പളം മുപ്പതിനായിരം രൂപ. ഈ സെപ്തംബര്‍ വരെ ശമ്പളമായി നല്‍കിയത് 21.61 ലക്ഷം രൂപ.
സഭാ ടി വി
നിയമസഭാ ടി വിയുടെ പേരിലാണ് മറ്റൊരു ധൂര്‍ത്ത്. ഇതിനായി കണ്‍സള്‍ട്ടന്റുകളെ അറുപതിനായിരവും നാല്‍പ്പത്തയ്യായിരവും രൂപ പ്രതിമാസം കണ്‍സള്‍ട്ടന്‍സി ഫീസ് നല്‍കി നിയമിച്ചിട്ടുണ്ട്. എംഎല്‍എ ഹോസ്റ്റലില്‍ മുന്‍അംഗങ്ങള്‍ക്ക് താമസിക്കാനുള്ള പതിനഞ്ചോളം ഫര്‍ണിഷ്ഡ് റൂമുകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ സഭാ ടിവിയുടെ ചീഫ് കണ്‍സള്‍ട്ടന്റിന് താമസിക്കാന്‍ വഴുതക്കാട് സ്വകാര്യ ഫ്ളാറ്റ് വാടകക്ക് എടുത്ത് നല്‍കി. പ്രതിമാസ വാടക 25,000 രൂപ. ഒരു ലക്ഷം രൂപ അഡ്വാന്‍സ്. ഫളാറ്റില്‍ പാത്രങ്ങളും കപ്പുകളും മറ്റും വാങ്ങിയതിന്റെ ബില്ലും നിയമസഭ തന്നെ നല്‍കി. ബില്‍ തുകയില്‍ 18,860 രൂപ ഇതിനകം റീഇംബേഴ്‌സ് ചെയ്തു കഴിഞ്ഞു.
advertisement
സഭാ ടിവിക്കായി പ്രതിമാസം 40,000 രൂപ ശമ്പളത്തില്‍ വീണ്ടും കരാര്‍ നിയമനം നടത്തുന്നതിനായി ഇപ്പോള്‍ പരസ്യം നല്‍കിയിരിക്കുകയാണ്. 86 പ്രോഗ്രാമുകളാണ് ഇതിനകം നിര്‍മ്മിച്ചതെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. ചെലവ് 60.38 ലക്ഷം രൂപ.
ഇഎംഎസ് സ്മൃതി
നിയമസഭാ മ്യൂസിയത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏഴര ലക്ഷം രൂപ മുടക്കി സജ്ജീകരിച്ച ചില്‍ഡ്രന്‍സ് ലൈബ്രറി പൊളിച്ച് കളഞ്ഞ് പകരം ഇ എം എസ് സ്മൃതി സ്മാരകം നിര്‍മിക്കുന്നതിന് പദ്ധതിയുണ്ടാക്കി. ചിലവ് 87 ലക്ഷം രൂപ.
advertisement
ഗസ്റ്റ് ഹൗസ്
നിയമസഭാ സമുച്ചയത്തില്‍ ആവശ്യത്തിലേറെ മുറികളും അതിഥി മന്ദിരങ്ങളുമുണ്ടെങ്കിലും പുതിയ ഒരു അതിഥി മന്ദിരം നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി താത്പര്യ പത്രം ക്ഷണിച്ചിരുന്നു. പ്രീഫാബ്രിക്കേറ്റഡ് ഗസ്റ്റ് ഹൗസാണ് നിര്‍മിക്കുന്നത്. തുക എത്രയെന്ന് വ്യക്തമല്ല. നിയമസഭയിലെ ചിലവുകള്‍ സഭയില്‍ ചര്‍ച്ച ചെയ്യാറില്ല. ഈ പഴുത് ഉപയോഗിച്ചാണ് ഇത്രയേറെ ധൂര്‍ത്തും അഴിമതിയും നടത്തുന്നത്.
നിയമസഭാ മന്ദിരത്തിന്റെ മൊത്തം നിര്‍മാണ ചിലവ് 76 കോടി രൂപയോളമാണ്. എന്നാല്‍ കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ ഈ സ്പീക്കര്‍ 100 കോടിയുടെയെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആഘോഷങ്ങളും നടത്തിയിട്ടുണ്ട്.
സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് നട്ടം തിരിയുമ്പോഴാണ് നിയമസഭയില്‍ ധൂര്‍ത്തും അഴിമതിയുമൊക്കെ നടന്നത്. പ്രളയത്തിലും പ്രകൃതി ക്ഷോഭത്തിലും സര്‍വ്വവും നഷ്ടപ്പെട്ടവര്‍ സഹായമൊന്നും കിട്ടാതെ ആത്മഹത്യയില്‍ അഭയം പ്രാപിച്ചപ്പോഴാണ് കോടികളുടെ ഈ ധൂർത്തും അഴിമതിയും നടത്തിയത്. ജനാധിപത്യ പ്രക്രിയ സുഗമമാക്കുന്നതിനാണ് പണം ചിലവഴിക്കുന്ന കാര്യത്തില്‍ നിയമസഭയ്ക്ക് പ്രത്യേക സൗകര്യങ്ങള്‍ നല്‍കിയിട്ടുള്ളത്. ആ സൗകര്യം ഉയര്‍ന്ന നീതിബോധത്തോടയും വിവേചന ബുദ്ധിയോടെയുമാണ് ഉപയോഗപ്പെടുത്തേണ്ടത്. പക്ഷേ ഇവിടെ അത് ദുരുപയോഗപ്പെടുത്തുകയാണ് സ്പീക്കര്‍ ചെയ്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 10, 2020 10:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ലോകകേരള സഭ; സഭാ ടിവി; ഫെസ്റ്റിവൽ ഓൺ ഡെമോക്രസി; നിയമസഭയിൽ ധൂർത്തും പക്ഷപാതവും:' സ്പീക്കർക്കെതിരേ ചെന്നിത്തല


