മുഖ്യമന്ത്രി-മോഹൻലാൽ അഭിമുഖം: ചെലവാക്കിയത് 11 ലക്ഷത്തിലധികം രൂപ
- Published by:Sneha Reghu
- news18-malayalam
Last Updated:
രണ്ടു ദിവസം കൊണ്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസ്തിയായ ക്ലിഫ് ഹൗസിൽ വച്ചാണ് അഭിമുഖം ചിത്രീകരിച്ചത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും ഒന്നിച്ചെത്തിയ 'കണ്ടും മിണ്ടിയും ഇരുവർ' എന്ന അഭിമുഖ പരിപാടി പുതിയ വിവാദങ്ങളിലേക്ക്. ഈ പരിപാടിയുടെ ചിത്രീകരണത്തിനായി സർക്കാർ ഖജനാവിൽ നിന്ന് 11,21,000 രൂപ ചെലവഴിച്ചതായാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. തിരുവല്ല സ്വദേശിയായ റിജോ വള്ളംകുളം നൽകിയ അപേക്ഷയ്ക്ക് മറുപടിയായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പാണ് (I&PRD) ഈ വിവരങ്ങൾ പുറത്തുവിട്ടത്.
അഭിമുഖത്തിനായി സർക്കാർ ഫണ്ട് ഉപയോഗിച്ചതായി രേഖകൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, ഇതിനായി ഔദ്യോഗിക സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന വൈരുദ്ധ്യവും മറുപടിയിലുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ച് രണ്ട് ദിവസമെടുത്താണ് ഈ അഭിമുഖം ചിത്രീകരിച്ചത്. പ്രശസ്ത സംവിധായകൻ ടി.കെ. രാജീവ് കുമാറും സംഘവുമാണ് ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചത്.
സർക്കാർ അമിതമായ പി ആർ വർക്ക് നടത്തുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെയാണ് മുഖ്യമന്ത്രി–മോഹൻലാൽ അഭിമുഖം എത്തിയത്. ഭീമമായ തുക സർക്കാർ ഖജനാവിൽ നിന്ന് ചെലവാക്കിയത് ധൂർത്താണെന്ന ആക്ഷേപവും ശക്തമാണ്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തിപരമായ വിശേഷങ്ങളും പങ്കുവെക്കുന്ന ഈ അഭിമുഖം, ഇരുവരും തമ്മിലുള്ള മുൻകൂട്ടിയുള്ള ധാരണപ്രകാരമാണ് നടന്നതെന്നാണ് റിപ്പോർട്ടുകൾ.
advertisement
പിണറായി വിജയനുമായി നല്ല ബന്ധം പുലർത്തുന്നയാളാണ് മോഹൻലാൽ. രണ്ടു ദിവസം കൊണ്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസ്തിയായ ക്ലിഫ് ഹൗസിൽ വച്ചാണ് അഭിമുഖം ചിത്രീകരിച്ചത്.
മുൻപ് 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻചാണ്ടിയുമായും മോഹൻലാൽ സമാനമായ രീതിയിൽ സംവദിച്ചിരുന്നു. എന്നാൽ നിലവിലെ സാമ്പത്തിക സാഹചര്യം കണക്കിലെടുക്കുമ്പോൾ ഈ വൻതുക ചെലവാക്കിയത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 24, 2026 11:57 AM IST








