കോഴിക്കോട്: സമസ്ത ഇ കെ വിഭാഗത്തിന് പിന്നാലെ ഫുട്ബോള് ആവേശത്തിനെതിരെ പ്രചാരണവുമായി എ പി വിഭാഗവും രംഗത്ത്. ഫുട്ബോള് താരങ്ങളുടെ കട്ടൗട്ടുകള് ഇസ്ലാമിക വിരുദ്ധമാണെന്ന വാദവുമായി സമസ്ത എ പി വിഭാഗം രംഗത്തെത്തി. ഇതിനെ എതിര്ക്കാന് മതനേതൃത്വം രംഗത്തുവരണമെന്ന് എസ് വൈ എസ് നേതാവ് പേരോട് അബ്ദുറഹ്മാന് സഖാഫി ആവശ്യപ്പെട്ടു.
ഫുട്ബോള് ആരാധന അതിരുവിടുന്നുവെന്ന് സമസ്ത ഇകെ വിഭാഗം വെള്ളിയാഴ്ച പറഞ്ഞിരുന്നു. താരാരാധനയിലേക്കും അന്യ രാജ്യങ്ങളുടെ ദേശീയ പതാകകള് സ്വന്ത്യം രാജ്യത്തേക്കാള് സനേഹിക്കുന്ന തരത്തിലേക്കും കാര്യങ്ങള് മാറുന്നു. ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികള് നമസ്കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയില് പെട്ടിട്ടുണ്ട്. വെളളിയാഴ്ച പള്ളികളില് പ്രാര്ത്ഥനയ്ക്ക് ശേഷം മുന്നറിയിപ്പ് നല്കണമെന്ന് സമസ്ത നേതാവ് നാസര് ഫൈസി കൂടത്തായി അറിയിച്ചിരുന്നു. സമസ്ത ഖുത്തുബ കമ്മിറ്റിയിലായിരുന്നു പ്രഖ്യാപനം.
സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന ഈ കാലഘട്ടത്തില് നിത്യ ഭക്ഷണത്തിന് പോലും മനുഷ്യന് പ്രയാസമനുഭവിക്കുമ്പോള് വമ്പിച്ച സമ്പത്ത് കട്ടൗട്ടുകള് ഉയര്ത്താനും മറ്റുമായി ചെലവാക്കുന്ന അവസ്ഥ യുവാക്കള്ക്കിടയില് വ്യാപകമായി മാറുകയാണ്. പോര്ച്ചുഗല് പോലുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നത് തെറ്റാണ്. അതോടൊപ്പം കുട്ടികളുടെ പഠനങ്ങള്ക്ക് പോലും ഭംഗം വരുകയും ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സമസ്തയുടെ ഖുത്തുബ കമ്മിറ്റി ഇത്തരത്തിലൊരു നിര്ദ്ദേശം നല്കിയിരിക്കുന്നതെന്നും നാസര് ഫൈസി കൂടത്തായി പറഞ്ഞിരുന്നു.
Also Read- ഫുട്ബോൾ ഭ്രാന്തിനെതിരെ സമസ്ത; ‘ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളുടെ പതാക ഉയര്ത്തി നടക്കുന്നത് ശരിയല്ല’
ഇതില് ഒരു യാഥാസ്ഥിതികത്വവും ഇല്ല. കഴിഞ്ഞ തവണയും അതിന് മുമ്പും ഇത്തരത്തിലുള്ള ബോധവല്ക്കരണം നടത്തിയിട്ടുണ്ട്. യാഥാസ്ഥിതികന്മാര് എന്ന് മാത്രം പറഞ്ഞ് ആക്ഷേപിക്കേണ്ട ആവശ്യമില്ല. പുരോഗമന വാദികള് എന്ന് പറയുന്ന സംഘടനകള് പോലും ഇത്തരം ബോധവല്ക്കരണം നടത്താറുണ്ട്. ഇത് യാഥാസ്ഥിതികത്വവും പുരോഗമനവും തമ്മിലുള്ള സംഘര്ഷമല്ല. തങ്ങള് പുതുതലമുറയുടെ വികാരങ്ങള് ഉള്ക്കൊള്ളുന്നവരും അതിനെ നിരുത്സാഹപ്പെടുത്താത്തവരുമാണ്. എന്നാല് ഇത് ജ്വരമായി മാറുന്നതിനെയാണ് എതിര്ക്കുന്നതെന്നും നാസര് ഫൈസി കൂടത്തായി കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2022 FIFA World Cup Qatar, Islam, Samastha