രണ്ടാം ഘട്ട 100 ദിന പരിപാടി: 50,000 പേര്‍ക്ക് തൊഴില്‍; പൂർണവിവരങ്ങൾ അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
കോവിഡ് മഹാമാരി നമ്മുടെ സമ്പദ്ഘടനയെ തളര്‍ത്തിയിട്ടുണ്ട്. ഇത് സൃഷ്ടിച്ച മാന്ദ്യത്തില്‍ നിന്ന് പുറത്തു കടക്കുന്നതിനുള്ള സമയബന്ധിതമായ കര്‍മ്മ പരിപാടിയെന്ന നിലയിലാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്.
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി. പ്രകടനപത്രികയില്‍ എല്‍ഡിഎഫ് പ്രഖ്യാപിച്ച 600 ഇന പരിപാടികളില്‍ 570 എണ്ണവും പൂര്‍ത്തിയാക്കി. ബാക്കിയുള്ളവ വേഗത്തില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുകയാണ്. നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന ഏത് അളവുകോല്‍ പ്രകാരവും അഭിമാനകരമായ നേട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാംഘട്ട 100 ദിന പരിപാടി പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകടനപത്രികയില്‍ ഉള്‍പ്പെടാത്ത നൂറുകണക്കിന് പദ്ധതികളും പരിപാടികളും സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. സര്‍ക്കാരിന്‍റെ ഈ ഇടപെടല്‍ ജനങ്ങള്‍ക്ക് കൃത്യമായി പരിശോധിക്കാനും വിലയിരുത്താനും കഴിയണം എന്ന നിര്‍ബന്ധം കൊണ്ടാണ് ഓരോ വര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പ്രഖ്യാപിച്ചതില്‍ വളരെ ചുരുക്കം പദ്ധതികള്‍ മാത്രമാണ് പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നിട്ടുള്ളു. അതിന്‍റെ കാരണവും ജനങ്ങളോട് വിശദീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്‍റെ വരുമാന വളര്‍ച്ചയില്‍ ഉണ്ടാകുന്ന ഇടിവ് ദേശീയ ശരാശരിയേക്കാള്‍ താഴ്ന്നതായിരിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍. ഇത് സര്‍ക്കാരിന്‍റെ ക്രിയാത്മകമായ ഇടപെടല്‍ കാരണമാണ് സാധ്യമാകുന്നത്. ഈ പ്രവണതയെ ശക്തിപ്പെടുത്തുന്നതിനോടൊപ്പം ഒരു കുതിച്ചുകയറ്റം കൂടി ലക്ഷ്യമിട്ടാണ് രണ്ടാം 100 ദിന പരിപാടിയിലേക്ക് കടക്കുന്നത്.
advertisement
ഡിസംബര്‍ 9ന് തുടങ്ങാനിരുന്നതാണ് രണ്ടാംഘട്ട 100 ദിവസങ്ങള്‍ക്കുള്ള കര്‍മ്മ പരിപാടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞ ശേഷമാണ് ഇത് പ്രഖ്യാപിക്കുന്നത്. ഇതിന്‍റെ ഭാഗമായി 10,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യും. 5700 കോടി രൂപയുടെ 5526 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. 4300 കോടി രൂപയുടെ 646 പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.
കോവിഡ് മഹാമാരി നമ്മുടെ സമ്പദ്ഘടനയെ തളര്‍ത്തിയിട്ടുണ്ട്. ഇത് സൃഷ്ടിച്ച മാന്ദ്യത്തില്‍ നിന്ന് പുറത്തു കടക്കുന്നതിനുള്ള സമയബന്ധിതമായ കര്‍മ്മ പരിപാടിയെന്ന നിലയിലാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്. ലോക്ഡൗണും കോവിഡ് നിയന്ത്രണങ്ങളും സാധാരണഗതിയിലുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിച്ചിട്ടുണ്ട്. കോവിഡിന്‍റെ വിപത്തില്‍ നിന്ന് നാം വിമുക്തരായിട്ടില്ല. ഈ ഘട്ടത്തില്‍ സമ്പദ്ഘടനയിലെ മരവിപ്പ് ഇല്ലാതാക്കുന്നതിന് ഇടപെടുക എന്നതാണ് പ്രധാനം. ഒന്നും ചെയ്യാതെ മാറിനിന്നാല്‍ ജനജീവിതം ദുഷ്കരമായിത്തീരും. നിരവധി പരിമിതികള്‍ നിലവിലുണ്ടെങ്കിലും സാഹചര്യത്തിന്‍റെ ഗൗരവം കണക്കിലെടുത്തുകൊണ്ടുള്ള ചിട്ടയായ പ്രവര്‍ത്തനമാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.
advertisement
ഒന്നാം ഘട്ട 100 ദിന പരിപാടിയുടെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് രണ്ടാംഘട്ട 100 ദിന പരിപാടി ഒന്നാമത്തേതിന്‍റെ തുടര്‍ച്ചയാണ്. അതുകൊണ്ട് ഒന്നാംഘട്ട 100 ദിന പരിപാടിയുടെ വിലയിരുത്തലും ഇതോടൊപ്പംപരിഗണിക്കേണ്ടതുണ്ട്. അതിന്‍റെ അനുഭവങ്ങള്‍ കൂടി ഉള്‍ക്കൊണ്ട് രണ്ടാം ഘട്ട പരിപാടിയെ കൂടുതല്‍ ക്രിയാത്മകമാക്കാനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തും.
advertisement
ഒന്നാം 100 ദിന പരിപാടിയില്‍ 122 പ്രോജക്ടുകള്‍ പൂര്‍ത്തീകരിച്ചു
100 ദിന പരിപാടിയില്‍ ആദ്യം പ്രഖ്യാപിക്കാത്ത പദ്ധതികളും പിന്നീട് വകുപ്പുകള്‍ ഉള്‍പ്പെടുത്തി. സെപ്തംബര്‍ 2020 മുതല്‍ ഡിസംബര്‍ 9 വരെയാണ് ഒന്നാംഘട്ട നൂറുദിന പരിപാടി നടപ്പാക്കിയത്.കാര്‍ഷികമേഖല ശക്തിപ്പെടുത്തുന്നതിനുള്ള സവിശേഷ തീരുമാനങ്ങളും ഈ പരിപാടിയുടെ ഭാഗമായി ഉണ്ടായി. പച്ചക്കറിയുടെ തറവില പ്രഖ്യാപനം, നെല്‍വയലുകള്‍ക്ക് റോയല്‍റ്റി നടപ്പാക്കല്‍ എന്നിവയാണ് അവ. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നെല്ലിന് പ്രാദേശികതലത്തില്‍ സംഭരണ സംവിധാനം നമ്മുടെ സംസ്ഥാനത്ത് നിലവിലുണ്ട്. കാര്‍ഷികോല്‍പന്നങ്ങളുടെ ന്യായവിലക്കുവേണ്ടിയും വിപണിക്കുവേണ്ടിയും ദേശ വ്യാപകമായി കര്‍ഷകര്‍ സമരം ചെയ്യുന്ന ഘട്ടമാണിത്. ഈ സമയത്ത് പ്രത്യേകമായി കാര്‍ഷികമേഖലയില്‍ നാം നടപ്പാക്കിയ കാര്യങ്ങള്‍ ശ്രദ്ധേയമായി ഉയര്‍ന്നുനില്‍ക്കുകയാണ്.
advertisement
- കേരളത്തില്‍ ഒരാളും പട്ടിണികിടക്കാന്‍ പാടില്ലെന്ന സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായി പ്രതിമാസ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം പൊതുവിതരണ സമ്പ്രദായത്തിലൂടെ ഫലപ്രദമായി നടപ്പാക്കാനും ഈ കാലയളവില്‍ കഴിഞ്ഞു.
- 50,000 തൊഴിലവസരങ്ങള്‍ പരിപാടിയുടെ ഭാഗമായി സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ലക്ഷ്യത്തിന്‍റെ ഇരട്ടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 1,16,440 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
- യുവജനങ്ങളുടെ നേതൃത്വപരിശീലനം നല്‍കാനും വിവിധ വിഷയങ്ങളില്‍ വിജ്ഞാനപ്രദമായ പ്രഭാഷണങ്ങള്‍ പ്രശസ്ത വ്യക്തികള്‍ മുഖേന ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചു.
- അഞ്ചുകോടി രൂപ ചെലവില്‍ നവീകരിച്ച 34 സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം, ഹൈടെക് സ്കൂളുകളുടെ പദ്ധതി പൂര്‍ത്തീകരണത്തിന്‍റെ പ്രഖ്യാപനം, കിഫ്ബി, നബാര്‍ഡ് പ്ലാന്‍ഫണ്ടുപയോഗിച്ച് പൂര്‍ത്തീകരിച്ച മികവിന്‍റെ കേന്ദ്രങ്ങളായ 50 സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം എന്നിവ നിര്‍വഹിച്ചു.
- 18 ജില്ലാ/ജനറല്‍/താലൂക്ക് ആശുപത്രികളുടെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
- സംസ്ഥാനത്തെ ആദ്യത്തെ ഓപ്പണ്‍ സര്‍വ്വകലാശാലയായ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമായി. യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സിലര്‍, പ്രോ വൈസ് ചാന്‍സിലര്‍, രജിസ്ട്രാര്‍ എന്നീ പദവികളില്‍ നിയമനം നടന്നു.
- ശ്രീനാരായണ ഗുരുവിന്‍റെ തിരുവനന്തപുരത്തെ പ്രതിമ അനാച്ഛാദനം
- ഈസ് ഓഫ് ഡൂയിങ് ബിസിനസ് - ഏകജാലക സംവിധാനം ഉദ്ഘാടനം
- ലൈഫ് പദ്ധതിയുടെ ഭാഗമായി നേരത്തെ പൂര്‍ത്തീകരിച്ചതിനു പുറമേ 50,000 ഭവനങ്ങളുടെ പൂര്‍ത്തീകരണം
- 589 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സമ്പൂര്‍ണ്ണ ഖരമാലിന്യ സംസ്കരണ പദവി പ്രഖ്യാപനം
- 150 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇന്‍റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്മെന്‍റ് സിസ്റ്റം നടപ്പാക്കല്‍
- പ്രവാസികളുടെ സമഗ്ര പുനരധിവാസം - സ്കില്‍ ഡെപ്പോസിറ്ററി ഉദ്ഘാടനം
- രണ്ടാം കുട്ടനാട് പാക്കേജിന്‍റെ പ്രഖ്യാപനം
- തോട്ടപ്പള്ളിയിലെ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്ത് വെള്ളത്തിന്‍റെ ഒഴുക്ക് സുഗമമാക്കല്‍
- കുട്ടനാട്ടില്‍ 3 ഇലക്ട്രിസിറ്റി സബ്സ്റ്റേഷനുകള്‍ക്ക് തുടക്കം കുറിക്കല്‍
- കുട്ടനാട് ബ്രാന്‍ഡ് അരി ആലപ്പുഴയില്‍ ആരംഭിക്കാന്‍ ഭരണാനുമതി നല്‍കല്‍
- ആലപ്പുഴ-ചങ്ങനാശ്ശേരി സെമി എലമേവറ്റഡ് റോഡിന്‍റെ നിര്‍മ്മാണ ഉദ്ഘാടനം
- കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ എസ്പിവി ആയിട്ടുള്ള വയനാട് തുരങ്ക പാത - കിഫ്ബി - പ്രോജക്ട് ലോഞ്ചിങ്.
- 200 കോടിയുടെ തീരസംരക്ഷണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം
- ജലജീവന്‍ മിഷന്‍ സംസ്ഥാനതല പദ്ധതി ഉദ്ഘാടനം
- കൊച്ചി മെട്രോ റെയിലിന്‍റെ തൈക്കുടം മുതല്‍ പേട്ടവരെ പൂര്‍ത്തിയായ പാതയുടെ ഉദ്ഘാടനം
- ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരണം എന്നിവ നടപ്പാക്കിയ പദ്ധതികളില്‍ പ്രധാനപ്പെട്ടവയാണ്.
advertisement
കോവിഡ് പ്രതിസന്ധിയും തദ്ദേശസ്വയംഭരണ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും കാരണം ഒരുപക്ഷെ പദ്ധതികളാകെ നിലച്ചുപോകുമായിരുന്നു. അത്തരം തടസ്സങ്ങളൊന്നും നൂറുദിന പരിപാടിയുടെ വിജയത്തെ ബാധിച്ചില്ല. സര്‍ക്കാര്‍ സംവിധാനങ്ങളാകെ അതിനായി പ്രവര്‍ത്തിച്ചു. ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സഹകരിച്ച എല്ലാവരെയും അഭിനന്ദിക്കുകയാണ്.
രണ്ടാം ഘട്ട 100 ദിന പരിപാടി
ഒന്നാം ഘട്ട പരിപാടിയുടെ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ടും വിവിധ മേഖലകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളെ സ്വീകരിച്ചും രണ്ടാം ഘട്ട 100 ദിന പരിപാടി ഇവിടെ മുന്നോട്ടുവയ്ക്കുകയാണ്.
- രണ്ടാം ഘട്ടത്തില്‍ 50,000 പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് ലക്ഷ്യംവയ്ക്കുന്നത്. കുടുംബശ്രീ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്‍റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമില്‍ 15000 സംരംഭങ്ങള്‍ക്കു തുടക്കമാകും.
- കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള കേരള ചിക്കന്‍ ഔട്ട്ലറ്റുകള്‍, പുതിയ ജനകീയ ഹോട്ടലുകള്‍, കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറുകള്‍, ഹോം ഷോപ്പികള്‍ എന്നിവിടങ്ങളില്‍ 2500 പേര്‍ക്കാണ് തൊഴില്‍ നല്‍കുക.
- കേരള ബാങ്ക്, പ്രാഥമിക സഹകരണ ബാങ്കുകള്‍ എന്നിവയിലെ വായ്പകളിലൂടെ 10,000 പേര്‍ക്ക് തൊഴില്‍ നല്‍കും. ആകെ അരലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിന്‍റെ വിശദാംശങ്ങള്‍ പ്രത്യേകം അറിയിക്കും.
- 2021 ജനുവരി ഒന്നുമുതല്‍ നാടിന് നവവത്സര സമ്മാനമായി ക്ഷേമപെന്‍ഷനുകള്‍ 100 രൂപ വീതം വര്‍ദ്ധിപ്പിച്ച് 1500 രൂപയായി ഉയര്‍ത്തും.
- 847 കുടുംബശ്രീ ഭക്ഷണശാലകള്‍ ആരംഭിച്ചു കഴിഞ്ഞു. 153 എണ്ണവും കൂടി ആരംഭിക്കും.
- കൊറോണക്കാലമായിട്ടും ഉത്സവകാലഘട്ടങ്ങളില്‍ വില ഉയര്‍ന്നുവെന്ന പരാതി ഉണ്ടായിട്ടില്ല. കേരളീയന്‍റെ പ്രധാന ആഹാര സാധനമായ അരിയുടെ വില കുറയുകയാണുണ്ടായത്. എല്ലാ സാമ്പത്തിക പരാധീനതകള്‍ക്കിടയിലും റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള കിറ്റ് വിതരണം തുടരാന്‍ തീരുമാനിക്കുകയാണ്. സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ അടുത്ത നാല് മാസവും കൂടി എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍ കടകള്‍ വഴി നല്‍കും. 80 ലക്ഷത്തില്‍പ്പരം കുടുംബങ്ങള്‍ക്കാണ് ഇതിന്‍റെ ഭാഗമായുള്ള സമാശ്വാസം ലഭിക്കുക.
- 20 മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളായും 5 എണ്ണം സൂപ്പര്‍ സ്റ്റോറുകളായും ഉയര്‍ത്തും.
- ജിപിഎസ് സംവിധാനവും കേന്ദ്രീകൃത മോണിറ്ററിങ്ങും നടപ്പാക്കും.
- പ്രതിരോധ പാര്‍ക്ക്, പാലക്കാട് (131 കോടി രൂപ) അടക്കം ഒമ്പത് വ്യവസായ പദ്ധതികളുടെ ഉദ്ഘാടനം മാര്‍ച്ച് 31ന് മുമ്പ് നടത്തും.
- മലബാര്‍ കോഫിയുടെ നിര്‍മാണത്തിനുള്ള എസ്പിവിക്ക് രൂപം നല്‍കും. അതിന്‍റെ അടിസ്ഥാനത്തില്‍ മലബാര്‍ കോഫി പൗഡര്‍ വിപണിയിലിറക്കും.
- അവയവദാന ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് സ്ഥിരമായി കഴിക്കേണ്ട 250 രൂപ മാര്‍ക്കറ്റു വില വരുന്ന 5 ഇനം മരുന്നുകള്‍ ഗുണമേന്മ ഉറപ്പാക്കി അഞ്ചിലൊന്നു വിലയ്ക്ക് കെഎസ്ഡിപിയില്‍ ഉല്‍പ്പാദനം ആരംഭിക്കും.
- വെര്‍ച്വല്‍ കയര്‍ മേള ഫെബ്രുവരിയില്‍ നടത്തും. കൊവിഡിനുശേഷം രാജ്യത്ത് നടക്കുന്ന അപൂര്‍വം വാണിജ്യമേളകളിലൊന്നായിരിക്കും ഇത്.
- കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറി ക്രെഡിറ്റേഴ്സുമായുള്ള ബാധ്യത തീര്‍ത്ത് 146 കോടി രൂപ മുടക്കി കേരള സര്‍ക്കാര്‍ ഏറ്റെടുക്കും.
- ടൂറിസം വകുപ്പ് കോവിഡനന്തര കാലത്തെ ഉദ്ദേശിച്ചുകൊണ്ടുള്ള മാര്‍ക്കറ്റിങ്ങിലാണ് ഊന്നുന്നത്. 310 കോടി രൂപ ചെലവു വരുന്ന 27 ടൂറിസം വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.
- വന്‍കിട പദ്ധതികള്‍ ശ്രദ്ധേയമായ പുരോഗതി ഉണ്ടാക്കാന്‍ കഴിഞ്ഞു. ഗെയില്‍ പൈപ്പ് ലൈന്‍ കൊച്ചി-മംഗലാപുരം റീച്ച് ജനുവരി മാസത്തിലും കൊച്ചി-പാലക്കാട് റീച്ച് ഫെബ്രുവരി മാസത്തിലും നടക്കും. ഇതുപോലെ തന്നെയാണ് റായ്പ്പൂര്‍-പുഗലൂര്‍-മാടക്കത്തറ ലൈന്‍. ജനുവരിയില്‍ ഈ പദ്ധതിയുടെയും ഉദ്ഘാടനം നടക്കും.
- കെ-ഫോണ്‍ പദ്ധതിയുടെ പൂര്‍ത്തീകരണം ഡിജിറ്റല്‍ കേരള എന്ന സ്വപ്നം സാക്ഷാല്‍കരിക്കുന്നതിന് ഒരു നിര്‍ണ്ണായക കാല്‍വയ്പ്പായിരിക്കും. ഇതിന്‍റെ ഭാഗമായുള്ള സംസ്ഥാനതല കണ്‍ട്രോള്‍ റൂം, 14 ജില്ലാതല കേന്ദ്രങ്ങള്‍, തെരഞ്ഞെടുക്കപ്പെട്ട ഓഫീസുകളുടെ നെറ്റുവര്‍ക്കിങ് എന്നിവയടങ്ങുന്ന ഒന്നാംഘട്ടത്തിന്‍റെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കും. ബിപിഎല്‍ കുടുംബങ്ങളിലേയ്ക്കും 30,000 സര്‍ക്കാര്‍ ഓഫീസുകളിലേയ്ക്കും കെ-ഫോണ്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എത്തിക്കാന്‍ ഇതിലൂടെ കഴിയും.
- ദേശീയ ജലപാതയുടെ കോവളം മുതല്‍ ചാവക്കാട് വരെയുള്ള റീച്ചിന്‍റെ സ്ഥലം ഏറ്റെടുക്കലും പുനരധിവാസവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കും. കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനവും ഫെബ്രുവരിയില്‍ നടക്കും.
- എറണാകുളം ബൈപ്പാസിന് 182 കോടി രൂപ ചെലവഴിച്ചുള്ള കുണ്ടന്നൂര്‍, വെറ്റില മേല്‍പ്പാലങ്ങള്‍ തുറന്നുകൊടുക്കും. നാലുപതിറ്റാണ്ടിന്‍റെ കാത്തിരിപ്പിനുശേഷം 387.18 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച ആലപ്പുഴ ബൈപ്പാസ് തുറക്കും.
- കാഞ്ഞങ്ങാട് റെയില്‍വേ മേല്‍പ്പാലത്തിന്‍റെയും വട്ടോളി പാലത്തിന്‍റെയും ഉദ്ഘാടനം നിര്‍വഹിക്കും.
- അകത്തേത്തറ, ചിറയിന്‍കീഴ്, മാളിയേക്കല്‍, ഗുരുവായൂര്‍, ചിറങ്ങര, ഇരവിപുരം, വാടാനക്കുറിശ്ശി, താനൂര്‍-തെയ്യാല, ചേലാരി ചെട്ടിപ്പടി, കൊടുവള്ളി എന്നിങ്ങനെ 252 കോടി രൂപ ചെലവു വരുന്ന 10 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണം ആരംഭിക്കും.
- 569 കോടി രൂപ ചെലവുവരുന്ന ചുവടെപ്പറയുന്ന 17 പ്രധാന റോഡുകള്‍ ഉദ്ഘാടനം ചെയ്യും.
- റീ-ബില്‍ഡ് കേരളയുടെ ഭാഗമായി 1613 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പതിനാല് റോഡുകളുടെ പണി തുടങ്ങും.
- ഉയര്‍ന്ന നിലവാരത്തില്‍ നവീകരണം നടത്തിയ 18 റോഡുകള്‍ ഉദ്ഘാടനം ചെയ്യും.
- ആലപ്പുഴ കെഎസ്ആര്‍ടിസി ഗ്യാരേജിന്‍റെ പണികള്‍ ആരംഭിക്കുന്നതോടൊപ്പം 145 കോടി രൂപ അടങ്കലുള്ള ആലപ്പുഴ മൊബിലിറ്റി ഹബ്ബിന്‍റെ ശിലാസ്ഥാപനവും ഇക്കാലയളവില്‍ നടത്തും.
- 75 പുതിയ കറ്റാമരന്‍ പാസഞ്ചര്‍ ബോട്ടുകള്‍ ജനുവരിയില്‍ നീറ്റിലിറക്കും. 3 വാട്ടര്‍ ടാക്സികളും സോളാര്‍, വൈദ്യുതി ബോട്ടുകളും സര്‍വ്വീസ് ആരംഭിക്കും.
- കെഎസ്ആര്‍ടിസിയുടെ അനുബന്ധ കോര്‍പ്പറേഷനായി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് നിലവില്‍ വരും. ഈ സംവിധാനത്തിന്‍റെ കീഴിലാണ് കിഫ്ബി മുഖാന്തിരം വാങ്ങുന്ന ആധുനിക ബസുകള്‍ സര്‍വ്വീസ് നടത്തുക.
- വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഗേറ്റ് കോംപ്ലക്സ് ഉദ്ഘാടനം നടക്കും.
- ടെക്നോസിറ്റിയില്‍ ഒരുലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള കെട്ടിടം പൂര്‍ത്തിയാകും. ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ട്അപ്പ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യും.
- വൈദ്യുതി വാഹനങ്ങള്‍ക്കുള്ള ചാര്‍ജിങ് സ്റ്റേഷനുകള്‍ 6 കോര്‍പ്പറേഷന്‍ പരിധിയില്‍ ആരംഭിക്കും.
- 496 കോടി രൂപയുടെ 46 വിവിധ കൃഷി പദ്ധതികള്‍ മാര്‍ച്ച് 31നകം തുടങ്ങും.
- ഒന്നര ലക്ഷത്തിലേറെ പട്ടയങ്ങള്‍ വിതരണം ചെയ്തു കഴിഞ്ഞു. 10000 പട്ടയങ്ങള്‍ കൂടി 100 ദിവസത്തിനുള്ളില്‍ വിതരണം ചെയ്യും. 16 വില്ലേജ് ഓഫീസുകള്‍കൂടി സ്മാര്‍ട്ടാക്കും.
- കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18ല്‍ നിന്ന് 10ല്‍ താഴെയായിട്ടുണ്ട്. തെരഞ്ഞെടുപ്പിന്‍റെയും മറ്റും പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സാ സൗകര്യവും കൂടുതല്‍ ജാഗ്രതയോടെ ഏകോപിപ്പിക്കും. കോവിഡ് ചികിത്സ സൗജന്യമായി നല്‍കുന്ന സംസ്ഥാനമാണ് കേരളം. ഇതിന്‍റെ തുടര്‍ച്ച എന്ന നിലയില്‍ കോവിഡ് വാക്സിന്‍ കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കും.
- പുതിയതായി 49 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തും. 32 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ/കമ്യൂണിറ്റി/ പബ്ലിക് ഹെല്‍ത്ത് സെന്‍ററുകളുടെ അടിസ്ഥാനസൗകര്യം വര്‍ദ്ധിപ്പിക്കും. 53 ജനറല്‍/ ജില്ല/ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രികളില്‍ ഡയാലിസിസ്, പുതിയ ഒപി ബ്ലോക്ക് തുടങ്ങിയ കൂടുതല്‍ ചികിത്സ/പരിശോധനാ സൗകര്യങ്ങളും രോഗിസൗഹൃദ സംവിധാനങ്ങളും നിലവില്‍ വരും.
- 25 കോടി രൂപ ചെലവില്‍ നിര്‍മിച്ച 50 സ്കൂളുകളുടെയും 3 കോടി രൂപ ചെലവില്‍ നിര്‍മിച്ച 30 സ്കൂളുകളുടെയുമടക്കം 80 പുതിയ ആധുനിക സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നടത്തും.
- 3 കോടി രൂപയും 1 കോടി രൂപയും മുതല്‍മുടക്കി നിര്‍മ്മിക്കുന്ന 300 പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് തറക്കല്ലിടും.
- ഉന്നതവിദ്യഭ്യാസത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുണ്ടാവും. മഹാരാജാസ്, യൂണിവേഴ്സിറ്റി കോളേജ്, കേരള വര്‍മ്മ കോളേജ് തുടങ്ങി 13 കോളേജുകളിലും എംജി യൂണിവേഴ്സിറ്റി കാമ്പസിലുമായി കിഫ്ബി വഴിയുള്ള 205 കോടി രൂപയുടെ നിര്‍മാണ പ്രവൃത്തികള്‍ക്കു തുടക്കം കുറിക്കും.
- എ പി ജെ അബ്ദുള്‍കലാം സര്‍വ്വകലാശാല കാമ്പസിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി ശിലാസ്ഥാപനം നടത്തും.
- കൊല്ലം ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയം, വി ടി ഭട്ടതിരിപ്പാട് സ്മാരക സമുച്ചയത്തിന്‍റെ ആദ്യഘട്ടം, എന്നിവയുടെ നിര്‍മ്മാണം ആരംഭിക്കും.
- കാസര്‍ഗോഡ് സുബ്രഹ്മണ്യം തിരുമുമ്പ് സാംസ്കാരിക സമുച്ചയത്തിന്‍റെ ഒന്നാം ഘട്ട നിര്‍മ്മാണം 2021 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും.
- ഗോവിന്ദ പൈ സ്മാരകം, കൊല്ലം ബസവേശ്വര സ്മാരകം എന്നിവയടക്കം 9 സാംസ്കാരിക കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്യും.
- പുരാവസ്തു വകുപ്പിന്‍റെ നേതൃത്വത്തില്‍ പെരളശ്ശേരി എ കെ ജി മ്യൂസിയം, ചന്തപ്പുരയിലെ തെയ്യം മ്യൂസിയം, രാജാരവി വര്‍മ്മ ആര്‍ട്ട് ഗ്യാലറി കെട്ടിടം എന്നിവയുടെ ശിലാസ്ഥാപനം നടക്കും.
- 185 കോടി രൂപ മുതല്‍ മുടക്കില്‍ 9 പുതിയ സ്റ്റേഡിയങ്ങള്‍ക്ക് ശിലാസ്ഥാപനം നടത്തും.
- 182 കോടി രൂപയുടെ അമൃത് സ്കീമില്‍പ്പെട്ട 24 പദ്ധതികള്‍ ഉദ്ഘാടനം ചെയ്യപ്പെടും. 189 കോടി രൂപയുടെ ചെലവു വരുന്ന മറ്റു 37 നഗരവികസന പദ്ധതികള്‍ക്കും തുടക്കമാകും.
- 100 കേന്ദ്രങ്ങളില്‍ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മ്മാണം ആരംഭിക്കുകയോ നിലവില്‍ വരികയോ ചെയ്യും. 250 പഞ്ചായത്തുകള്‍കൂടി ശുചിത്വ പദവിയിലേയ്ക്ക് ഉയരുന്നതോടെ 80 ശതമാനം ഗ്രാമപ്രദേശവും ശുചിത്വ മാനദണ്ഡങ്ങളിലേയ്ക്ക് എത്തിച്ചേരും.
- സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍പ്പെടുത്തി തിരുവനന്തപുരം, കൊച്ചി നഗരസഭകളിലായി 190 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിക്കും.
- മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് നവീകരണ പരിപാടിയില്‍പ്പെടുന്ന 1620 പ്രവൃത്തികള്‍ (3598 കിമീ) ജനുവരി 31നകം പൂര്‍ത്തിയാകും. രണ്ടാംഘട്ടത്തില്‍പ്പെട്ട 1627 പ്രവൃത്തികള്‍ (3785 കിമീ) ഫെബ്രുവരി 28നകം പൂര്‍ത്തിയാക്കും. മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ട 1625 പ്രവൃത്തികള്‍ (4421 കിമീ) മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കും.
- ലൈഫ് പദ്ധതി പ്രകാരം പുതിയ 15,000 വീടുകള്‍കൂടി മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കുകയും 35,000 ഭവനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്യും. ഭൂമിയും വീടും ഇല്ലാത്തവര്‍ക്ക് വീട് വയ്ക്കുന്നതിനായി 101 ഭവന സമുച്ചയങ്ങളാണ് ലൈഫ് മിഷന്‍റെ മൂന്നാംഘട്ടത്തില്‍ ഏറ്റെടുക്കുന്നത്. ഇതില്‍ 5 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണം മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തീകരിക്കും.
- കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 41,578 കിലോമീറ്റര്‍ നീര്‍ച്ചാലുകളും 390 കിലോമീറ്റര്‍ പുഴയും വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മാര്‍ച്ച് 31ന് മുമ്പായി ഇത് 50,000 കിലോമീറ്ററായി വര്‍ദ്ധിക്കും.
- അയ്യന്‍കാളി നഗര തൊഴിലുറപ്പ് പരിപാടിയില്‍ മാര്‍ച്ച് 31നകം 8 ലക്ഷം തൊഴില്‍ ദിനങ്ങള്‍കൂടി സൃഷ്ടിക്കും.
- കെഎസ്എഫ്ഇയുമായി സഹകരിച്ച് കുടുംബശ്രീ നടപ്പിലാക്കുന്ന ലാപ്ടോപ്പ് വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കും. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഇനിയും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസരമുണ്ടാകും.
- കുടുംബശ്രീയുടെ നേതൃത്വത്തില്‍ 500 കയര്‍ ആന്‍റ് ക്രാഫ്റ്റ് സ്റ്റാളുകള്‍ ഉദ്ഘാടനം ചെയ്യും.
- ആറ് പ്രധാന കിഫ്ബി ജലവിതരണ പദ്ധതികള്‍ രണ്ടാം 100 ദിന പരിപാടിയില്‍ ഉദ്ഘാടനം ചെയ്യും.
- തോട്ടം തൊഴിലാളികള്‍ക്കുള്ള പ്രത്യേക ഭവന പദ്ധതിയില്‍ വയനാട്ടിലെ തോട്ടം തൊഴിലാളികളുടെ വീടുകളുടെ ശിലാസ്ഥാപനവും കുളത്തുപ്പുഴ പ്ലാന്‍റേഷന്‍ തൊഴിലാളികളുടെ വീടുകളുടെ താക്കോല്‍ദാനവും നടത്തും.
- മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള നവജീവന്‍ തൊഴില്‍ പദ്ധതിക്കും തുടക്കം കുറിക്കും.
- മേനംകുളത്ത് സ്ത്രീ തൊഴിലാളികള്‍ക്കായുള്ള അപ്പാര്‍ട്ട്മെന്‍റിന്‍റെ ശിലാസ്ഥാപനം നടത്തും.
- ചെല്ലാനം, താനൂര്‍, വെള്ളിയില്‍ എന്നീ മത്സ്യബന്ധന തുറമുഖങ്ങളുടെ കമ്മീഷനിങ് നടക്കും.
- ചെത്തി മത്സ്യബന്ധന തുറമുഖ നിര്‍മ്മാണത്തിനു തറക്കല്ലിടും.
- തലായി മത്സ്യബന്ധന തുറമുഖത്തോട് അനുബന്ധിച്ചുള്ള തീരസംരക്ഷണം, നീണ്ടകര തുറമുഖത്തില്‍ ഡ്രഡ്ജിങ്, തങ്കശ്ശേരി മത്സ്യബന്ധന തുറമുഖ നവീകരണം എന്നിവയും ഈ സമയത്ത് നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കും.
- 60 കോടി രൂപ മുതല്‍മുടക്കില്‍ 9 തീരദേശ ജില്ലകളില്‍ പൂര്‍ത്തിയാകുന്ന 87 തീരദേശ റോഡുകള്‍ ഉദ്ഘാടനം ചെയ്യും.
- മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള പുനര്‍ഗേഹം പദ്ധതിയില്‍ കാരോട്, ബീമാപ്പള്ളി, വലിയതുറ, കൊല്ലം ക്യുഎസ്എസ് കോളനി, പൊന്നാനി ഫ്ലാറ്റ്, ആലപ്പുഴ പുറക്കാട്, കോഴിക്കോട് വെസ്റ്റ് എന്നിവിടങ്ങളിലായി 774 കുടുംബങ്ങള്‍ക്കുള്ള ഫ്ളാറ്റുകള്‍/വീടുകള്‍ ഉദ്ഘാടനം ചെയ്യും. അപേക്ഷ നല്‍കിയിട്ടുള്ള മറ്റുള്ളവര്‍ക്ക് വീടും സ്ഥലവും വാങ്ങുന്നതിന് 200 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
- മത്സ്യബന്ധന യാനങ്ങളുടെയും എഞ്ചിനുകളുടെയും ഇന്‍ഷുറന്‍സ് പദ്ധതിയ്ക്കു തുടക്കം കുറിക്കും. രണ്ട് മറൈന്‍ ആംബുലന്‍സുകള്‍ പ്രവര്‍ത്തനക്ഷമമാക്കും.
- പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി 3000 പഠനമുറികള്‍ പൂര്‍ത്തിയാക്കും. 1620 പേര്‍ക്ക് ഭൂമി വാങ്ങുന്നതിനായി ധനസഹായം നല്‍കും. 2000 പേര്‍ക്ക് പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ വഴി 2000 പേര്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്‍കും.
- 3500 പേര്‍ക്ക് വനാവകാശ രേഖയും 2500 പേര്‍ക്ക് നിക്ഷിപ്ത വനഭൂമിയിലുള്ള അവകാശവും 300 പേര്‍ക്ക് ലാന്‍റ് ബാങ്ക് പദ്ധതി പ്രകാരവും കൃഷി ഭൂമിയും ലഭ്യമാക്കും.
- 4800 പട്ടികവര്‍ഗ വീടുകള്‍കൂടി പൂര്‍ത്തീകരിക്കും.
- തിരിച്ചെത്തിയ പ്രവാസികള്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ക്കായുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ ക്ഷണിച്ചിരുന്നു. ഇതില്‍ നടപ്പാക്കാനാകുന്ന പ്രോജക്ടുകള്‍ ജനുവരി, 2021ല്‍ പ്രഖ്യാപിക്കും.
- തിരുവനന്തപുരം സൈബര്‍ ഡോം കെട്ടിടം, ക്രൈംബ്രാഞ്ച് കോംപ്ലക്സ്, മൂന്നാം ഡിസ്ട്രിക്റ്റ് ട്രെയിനിംഗ് സെന്‍റര്‍, വിവിധ ജില്ലകളിലെ ഡിസ്ട്രിക്റ്റ് കമാന്‍ഡന്‍റ് കണ്‍ട്രോള്‍ സെന്‍ററുകള്‍, ആലുവ പൊലീസ് സ്റ്റേഷന്‍ കെട്ടിടം, കൊച്ചിയിലെ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ എന്നിവയുടെ ഉദ്ഘാടനം നടക്കും.
- സ്ത്രീകളുടെ സുരക്ഷയ്ക്കു വേണ്ടിയുള്ള ഇന്‍റഗ്രേറ്റഡ് വിമന്‍ സെക്യൂരിറ്റി ആപ്പ് പുറത്തിറക്കും. തനിച്ചു താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള വി-കെയര്‍ പദ്ധതി ആരംഭിക്കും.
- പദ്ധതികളുടെ പൂര്‍ണമായ വിവരങ്ങള്‍ സമയപരിമിതിമൂലം ഇവിടെ പരാമര്‍ശിക്കുന്നില്ല. അത് പിന്നീട് വിശദമായി തന്നെ നിങ്ങളെ അറിയിക്കാനാണ് ഉദ്ദേശിക്കുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 24, 2020 5:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രണ്ടാം ഘട്ട 100 ദിന പരിപാടി: 50,000 പേര്‍ക്ക് തൊഴില്‍; പൂർണവിവരങ്ങൾ അറിയാം


