ഭരണകൂടത്തിന്റെ ഏകാധിപത്യ നയങ്ങളെ പ്രതിരോധിക്കുമെന്നും ഫാസിസം ഇനിയും ലക്ഷദ്വീപ് ജനത സഹിക്കില്ലെന്നും ഐഷ സുല്‍ത്താന പറഞ്ഞു
ഐഷ സുൽത്താന
Last Updated :
Share this:
കൊച്ചി: ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ 'ബയോ വെപ്പണ്‍' പരാമര്ശത്തിന്മേല് രാജ്യദ്രോഹകുറ്റം ചുമത്തിയതിനെതിരെ ആക്ടിവിസ്റ്റും ചലച്ചിത്ര പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
തനിക്കെതിരായ രാജ്യദ്രോഹക്കേസ് നിലനില്‍ക്കില്ലെന്നും ചര്‍ച്ചക്കിടെയുണ്ടായ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ടിവി ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ബോധപൂര്‍വ്വം ആയിരുന്നില്ല.
വിവാദമായതിനെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞിട്ടുണ്ട്. കവരത്തിയിലെത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. കൊച്ചിയിലെ മുതിര്‍ന്ന അഭിഭാഷകന് മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി നാളെ കോടതി പരിഗണിക്കും.
അതിനിടെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ലക്ഷദ്വീപ് സന്ദര്‍ശന ദിനത്തില്‍ ഭരണകൂടത്തിനെതിരെ ഐഷ സുല്‍ത്താന രൂക്ഷ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തി. ഭരണകൂടത്തിന്റെ ഏകാധിപത്യ നയങ്ങളെ പ്രതിരോധിക്കുമെന്നും ഫാസിസം ഇനിയും ലക്ഷദ്വീപ് ജനത സഹിക്കില്ലെന്നും ഐഷ സുല്‍ത്താന ഫേസ്ബുക്കില്‍ കുറിച്ചു.
ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവര്‍ത്തകയുമായ അയിഷ സുല്‍ത്താനക്കെതിരെ കഴിഞ്ഞ ദിവസമാണ് കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുത്തത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ പരാമര്‍ശത്തിനെതിരെ ലക്ഷദ്വീപിലെ ബിജെപി അധ്യക്ഷന്‍ നല്കിയ പരാതിയിലാണ് കേസ്. 124 A ,153 B എന്നീ ദേശവിരുദ്ധ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിനെ ബയോവെപ്പണ്‍ എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് അയിഷ സുല്‍ത്താനയ്ക്ക് എതിരെ പരാതി നല്‍കിയത്. അയിഷ സുല്‍ത്താനയ്ക്ക് എതിരെ യുവമോര്‍ച്ചയാണ് രാജ്യദ്രോഹം നടത്തിയതായി പരാതി നല്‍കിയത്.
ആശുപത്രി സൗകര്യങ്ങള്‍ ഇല്ലാ എന്നറിഞ്ഞിട്ടും ആ കാര്യം മെഡിക്കല്‍ ഡയറക്ടര്‍ പ്രഫുല്‍ പട്ടേലിനെ അറിയിച്ചപ്പോഴും അതൊന്നും ചെവി കൊള്ളാതെ മെഡിക്കല്‍ ഡയറക്ടറെ പോലും ഡീ പ്രമോട്ട് ചെയ്ത ഈ പ്രഫുല്‍ പട്ടേലിനെ താന്‍ ബയോവെപ്പന്‍ ആയി താരതമ്യം ചെയ്തെന്നും അല്ലാതെ രാജ്യത്തെയോ ഗവണ്മെന്റിനെയോ അല്ലെന്നും ഐഷ സുല്‍ത്താന ഒരു ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.