HOME » NEWS » Kerala » SYRO MALABAR CHURCH CONDEMN CHURCH DEMOLISHED IN DELHI NJ TV

ഡൽഹിയിൽ ക്രൈസ്തവ ദേവാലയം തകർത്തത്‌ അപലപനീയം: സിറോമലബാർ സഭ

ബലം പ്രയോഗിച്ച്‌ ദേവാലയം പൊളിച്ചത്‌ ഭാരതത്തിലെ ക്രൈസ്തവന്യൂനപക്ഷത്തിന്‌ ആശങ്കയ്ക്ക്‌ കാരണമായിട്ടുണ്ട്‌.

News18 Malayalam | news18-malayalam
Updated: July 14, 2021, 6:53 AM IST
ഡൽഹിയിൽ ക്രൈസ്തവ ദേവാലയം തകർത്തത്‌ അപലപനീയം: സിറോമലബാർ സഭ
news18
  • Share this:
കൊച്ചി: ഡൽഹി അന്ധേരിയ മോഡിലുള്ള ലിറ്റിൽ ഫ്ളവർ കാത്തോലിക്ക ദേവാലയം അധികൃതർ ഇടിച്ചു തകർത്തത്തിനെതിരെ സിറോമലബാർ സഭ. ഡൽഹിയിലെ ഫരീദാബാദ്  സീറോമലബാർ സഭയുടെ അന്ധേരി മോഡിലുള്ള ലിറ്റിൽ ഫ്ളവർ ദേവാലയം ഇടിച്ചു നിരത്തിയ സംഭവം തികച്ചും ഖേദകരമാണ്.

13 വർഷത്തോളമായി ദിവ്യബലിയും ആരാധനയും നടക്കുന്ന പള്ളിയും അനുബന്ധകെട്ടിടങ്ങളും ജെസിബി ഉപയോഗിച്ച്‌ നിലംപരിശാക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഹൃദയഭേദകമാണ്‌. വിശുദ്ധ കുർബാനയും ആരാധനാ വസ്തുക്കളും മറ്റും ദേവാലയത്തിൽ സൂക്ഷിച്ചിരുന്ന സാഹചര്യത്തിലാണ് പ്രസ്തുത സംഭവം നടന്നത് എന്നതും ഏറെ ദുഃഖമുളവാക്കുന്നുവെന്ന് സഭയുടെ വാർത്താകുറിപ്പിൽ പറയുന്നു.

നാനൂറ്റി അമ്പത് കുടുംബങ്ങളിൽ നിന്നായി ആയിരത്തിയഞ്ഞൂറോളം വിശ്വാസികൾ പതിമൂന്ന് വർഷമായി ആശ്രയിച്ചിരുന്ന ദേവാലയമാണ് പൊളിച്ചുമാറ്റിയത്. നിർമ്മാണത്തെ ചൊല്ലിയുള്ള ത‍ർക്കം കോടതിയുടെ പരി​ഗണനയിലിരിക്കെയാണ് സർക്കാർ അധികൃതർ ദേവാലയം ഇടിച്ചു നിരത്തിയത്. ഡൽഹിയിലെ ഈ നടപടി തികച്ചും അപലപനീയമാണ്. ക്രൈസ്തവ സമൂഹത്തിന്  നേരെ ഉണ്ടായ ഈ അതിക്രമത്തിൽ സീറോമലബാർ സഭ പ്രതിഷേധം രേഖപ്പെടുത്തുന്നു.

ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ രേഖകൾ മാത്രമല്ല, ഈ ദേവാലയത്തിൽ ആരാധന തടയുകയോ പള്ളി പൊളിക്കുകയോ ചെയ്യരുത്‌ എന്ന ഡൽഹി ഹൈക്കോടതിയുടെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും ഉത്തരവുകളും തങ്ങളുടെ കൈവശമുണ്ടെന്ന്‌ പള്ളി അധികൃതർ അറിയിച്ചിട്ടുണ്ട്‌. ലാഡോ സരായി അന്ധേരി മോഡിലെ ഡോ. അംബേദ്കർ കോളനിയിൽ ഇടവകാംഗം നല്കിയ സ്ഥലത്താണ്‌ ദേവാലയം നിലനിന്നിരുന്നത്‌.
You may also like:കരിപ്പൂർ സ്വർണക്കടത്ത് :കള്ളക്കടത്തു സംഘത്തിന്റെ കണ്ണിയായി പ്രവർത്തിച്ചത് അജ്മൽ, ഷാഫിയെ വിട്ടയച്ചു

സ്ഥലത്തിന്റെ രേഖകൾ കൈവശമുണ്ടാവുകയും ഹൈക്കോടതി ഉത്തരവ്‌ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ബലം പ്രയോഗിച്ച്‌ ദേവാലയം പൊളിച്ചത്‌ ഭാരതത്തിലെ ക്രൈസ്തവന്യൂനപക്ഷത്തിന്‌ ആശങ്കയ്ക്ക്‌ കാരണമായിട്ടുണ്ട്‌. അതിനാൽ ഈ വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തിരമായ ഇടപെടുകയും തങ്ങളുടെ ആരാധനാലയം നഷ്ടപ്പെട്ട വിശ്വാസികൾക്ക് നീതി നടത്തി തരുകയും ചെയ്യണമെന്ന് സീറോമലബാർ സഭ ആവശ്യപ്പെട്ടു.

ഛത്തർപുർ ഗ്രാമസഭയുടെ കൈവശമുള്ള സ്ഥലത്ത് അനധികൃതമായി പള്ളി നിർമിച്ചുവെന്നാണ് ആരോപണം. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ നിർദേശപ്രകാരമാണ് പള്ളി പൊളിച്ചത്. തിങ്കളാഴ്ച രാവിലെ വലിയ പോലീസ് സന്നാഹവും ജെസിബുകളുമെത്തിച്ച് പള്ളി പൊളിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ മലയാളികള്‍ അടക്കമുള്ള വിശ്വാസികളെ പള്ളിയുടെ കോമ്പൗണ്ടില്‍ പോലും പ്രവേശിപ്പിക്കാതെ തടഞ്ഞു.

You may also like:'ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാൻ നോക്കുന്നോ?' മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി

തങ്ങളുടെ ആരാധനാലയം പെളിച്ചതിലും വിശുദ്ധ വസ്തുക്കള്‍ വാരി പുറത്തെറിഞ്ഞതിലും പ്രതിഷേധിച്ച് ഇടവക വികാരി ഫാ. ജോസ് കന്നുംകുഴിലിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ പള്ളിക്കു സമീപം പ്രാര്‍ത്ഥനാ യജ്ഞം നടത്തി.

ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഒാഫിസറുടെ നേതൃത്വത്തിലെത്തിയ സംഘമാണ് പള്ളി പൊളിച്ചത്. മൂന്ന് ജെസിബികളുമായെത്തിയ സംഘത്തിന് സുരക്ഷയൊരുക്കാന്‍ നൂറിലധികം പോലീസുകാരുമുണ്ടായിരുന്നു.ദേവാലയം പൂര്‍ണമായും പൊളിച്ചു മാറ്റി.

ദേവാലയം പൊളിച്ചു മാറ്റണമെന്ന് നോട്ടീസ് ലഭിച്ചത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ്. നോട്ടീസിന് മറുപടി കൊടുക്കാന്‍ പോലും സമയം നല്‍കാതെയാണ് പള്ളി പൊളിച്ചു മാറ്റിയതെന്ന് ഇടവകാംഗങ്ങള്‍  പറയുന്നു. സീറോ മലബാര്‍ സഭയുടെ ഡല്‍ഹി-ഫരീദാബാദ് രൂപതയ്ക്കു കീഴിലുള്ളതാണ് അന്ധേരിമോഡിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയം.
Published by: Naseeba TC
First published: July 14, 2021, 6:53 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories