'മെത്രാന്മാർക്ക് പ്രതികരിക്കാൻ എകെജി സെന്ററിൽ നിന്ന് തിട്ടൂരം വാങ്ങണോ?' എം വി ഗോവിന്ദനെതിരെ തലശേരി അതിരൂപത
- Published by:Rajesh V
- news18-malayalam
Last Updated:
സ്വന്തം സ്വഭാവ വൈകല്യത്തെ മറ്റുള്ളവരെ വിലയിരുത്താനുള്ള അളവുകോലായി കാണരുത്. ഏതെങ്കിലും പ്രസ്താവനയിൽ ഒരാഴ്ച്ചയെങ്കിലും ഉറച്ചുനിന്ന ചരിത്രം ഗോവിന്ദൻ മാഷിനില്ലെന്നും വിമർശനം
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ തലശേരി അതിരൂപത. ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ എം വി ഗോവിന്ദൻ നടത്തിയത് തരംതാഴ്ന്ന പ്രസ്താവനയെന്ന് അതിരൂപത പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വിമർശിക്കുന്നു. എകെജി സെന്ററിൽ നിന്ന് തിട്ടൂരം വാങ്ങിയിട്ട് മാത്രമേ മെത്രാന്മാർക്ക് പ്രതികരിക്കാൻ പാടുള്ളൂവെന്നത് ഫാസിസ്റ്റ് മുഖമാണ്. അവസരവാദം എന്നത് ആപ്തവാക്യമായി സ്വീകരിച്ചത് പാർട്ടി സെക്രട്ടറി തന്നെയാണ്. സ്വന്തം സ്വഭാവ വൈകല്യത്തെ മറ്റുള്ളവരെ വിലയിരുത്താനുള്ള അളവുകോലായി കാണരുത്. ഏതെങ്കിലും പ്രസ്താവനയിൽ ഒരാഴ്ച്ചയെങ്കിലും ഉറച്ചുനിന്ന ചരിത്രം ഗോവിന്ദൻ മാഷിനില്ലെന്നും വിമർശനം.
ഛത്തീസ്ഗഡ് വിഷയത്തിൽ കേന്ദ്രസർക്കാരിൻറെയും സംഘപരിവാർ സംഘടനകളുടെയും ഭരണഘടനാ വിരുദ്ധമായ നിലപാടുകളെ ശക്തിയുക്തം എതിർത്ത മാർ ജോസഫ് പാംപ്ലാനി നിലപാടുകളിൽ മാറ്റം വരുത്തി എന്ന രീതിയിലുള്ള വ്യാഖ്യാനം ശരിയല്ല. ഛത്തീസ്ഗഡ് വിഷയത്തിൽ കേന്ദ്രസർക്കാരിനോട് ഇടപെടണമെന്ന സഭാ നേതൃത്വത്തിൻറെ ആവശ്യം മനസ്സിലാക്കി കേന്ദ്രസർക്കാർ ഇടപെട്ടതിൽ നന്ദി അറിയിച്ചത് നിലപാട് മാറ്റമല്ല. വർഗ്ഗീയ ധ്രുവീകരണം ഒഴിവാക്കാനുള്ള സുചിന്തിതമായ നിലപാടാണ് പിതാവ് സ്വീകരിച്ചത്. ന്യൂനപക്ഷങ്ങൾക്കെതിരെ സർക്കാർ സംവിധാനങ്ങൾ എടുക്കുന്ന ഏതൊരു നിലപാടിനെയും എക്കാലവും എതിർത്തിട്ടുള്ള വ്യക്തിയാണ് മാർ ജോസഫ് പാംപ്ലാനി പിതാവ്. സിപിഎം പോലുള്ള ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ഇത്തരം തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകൾ നടത്തുന്നത് തികച്ചും അപലപനീയമാണെന്നും അതിരൂപത വ്യക്തമാക്കി.
advertisement

യുവജന സംഘടനയുടെ ചില നേതാക്കൾ വിലകുറഞ്ഞ പ്രശസ്തിക്കുവേണ്ടി നടത്തിയ പ്രസ്താവനകളെ അതിരൂപത അവഗണിച്ചതായിരുന്നു. എന്നാൽ പാർട്ടിയുടെ സമുന്നത നേതാവ് തന്നെ ഇതിന് കുടപിടിക്കുന്നത് തികച്ചും അപലപനീയമാണ്. അവസരവാദം എന്നത് ആപ്തവാക്യമായി സ്വീകരിച്ചത് പാർട്ടി സെക്രട്ടറി തന്നെയാണെന്ന് അദ്ദേഹത്തിൻറെ പ്രസ്താവനകളെ നിരീക്ഷിക്കുന്നവർക്ക് മനസ്സിലാവും. ഏതെങ്കിലും പ്രസ്താവനയിൽ ഒരാഴ്ചയെങ്കിലും ഉറച്ചുനിന്ന ചരിത്രം ഗോവിന്ദൻ മാഷിന് ഇല്ലായെന്നതിന് മലയാളികൾ സാക്ഷികളാണ്. സ്വന്തം പാർട്ടി നേതാക്കളെയും മുഖ്യമന്ത്രിയെ തന്നെയും വെട്ടിലാക്കുന്ന എത്രയോ പ്രസ്താവനകൾ ഇദ്ദേഹത്തിന്റെ അവസരവാദത്തിന് സാക്ഷ്യങ്ങളായി മലയാളികൾക്ക് മുമ്പിലുണ്ട്.
advertisement
ഛത്തീസ്ഗഡ് വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ സത്വര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി കത്തെഴുതിയതിന് പാംപ്ലാനി പിതാവ് പ്രശംസിച്ചിരുന്നു. ഇതിനെയാണോ ഗോവിന്ദൻ മാഷ് അവസരവാദമായി ചിത്രീകരിച്ചിരിക്കുന്നതെന്നും അതിരൂപത പ്രസ്താവനയിലൂടെ ചോദിച്ചു. ഈ വിഷയത്തിൽ കോൺഗ്രസിന്റെ സംസ്ഥാന ദേശീയ നേതൃതങ്ങൾ നടത്തിയ ഇടപെടലിനെയും പിതാവ് പ്രശംസിച്ചിരുന്നു. ജോൺ ബ്രിട്ടാസ് എംപി ഉൾപ്പെടെയുള്ള ഇടതു നേതാക്കൾ പാർലമെന്റിൽ നടത്തിയ ഇടപെടലിനെയും പിതാവ് പ്രശംസിച്ചിരുന്നു. ഇതൊക്കെ അവസരവാദപരം ആണെന്നാണോ ഗോവിന്ദൻ മാഷ് ഉദ്ദേശിക്കുന്നത്. സ്വന്തം സ്വഭാവ വൈകല്യത്തെ മറ്റുള്ളവരെ വിലയിരുത്തുവാനുള്ള അളവുകോലായി ഉപയോഗിക്കരുതെന്നെന്നും അതിരൂപത കൂട്ടിച്ചേർത്തു.
advertisement
പാംപ്ലാനി അവസരവാദിയാണെന്നും ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാള്‍ ഇല്ലെന്നുമായിരുന്നു എം വി ഗോവിന്ദന്റെ വിമര്‍ശനം. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോഴും ജാമ്യം ലഭിച്ചപ്പോഴും പാംപ്ലാനി നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു എം വി ഗോവിന്ദന്റെ കടന്നാക്രമണം. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോള്‍ പാംപ്ലാനി ബിജെപിക്കെതിരെ പറഞ്ഞു. ജാമ്യം കിട്ടിയപ്പോള്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്തുതി. അച്ചന്മാര്‍ കേക്കും കൊണ്ട് സോപ്പിടാന്‍ പോയി. ഇടക്കിടക്ക് വരുന്ന മനംമാറ്റം കൊണ്ട് ക്രിസ്ത്യാനിയോ മുസ്ലിമോ കമ്മ്യൂണിസ്റ്റോ രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
August 12, 2025 8:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മെത്രാന്മാർക്ക് പ്രതികരിക്കാൻ എകെജി സെന്ററിൽ നിന്ന് തിട്ടൂരം വാങ്ങണോ?' എം വി ഗോവിന്ദനെതിരെ തലശേരി അതിരൂപത