News18 MalayalamNews18 Malayalam
|
news18-malayalam
Updated: February 22, 2021, 2:13 PM IST
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി:
ലാവ്‌ലിന്‍ അഴിമതി കേസില്‍ നാളെ വാദം ആരംഭിക്കാമെന്ന് സി.ബി.ഐ. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ ഉദ്യോഗസ്ഥര്‍ കേന്ദ്രസര്‍ക്കാർ അഭിഭാഷകരുമായി ചര്‍ച്ച നടത്തി. അതേസമയം, കൈമാറുമെന്ന് പറഞ്ഞ കേസുമായി ബന്ധപ്പെട്ട വിശദമായ കുറിപ്പ് ഇതുവരെ സി.ബി.ഐക്ക് കോടതിക്ക് നല്‍കിയിട്ടില്ല. നാളെ വാദത്തിന് തയ്യാറാണെന്ന് മറ്റു കക്ഷികളും അറിയിച്ചു. തുഷാര്‍ മേത്തയാവും നാളെ കോടതിയില്‍ സിബിഐക്കു വേണ്ടി ഹാജരാവുക.
സി.ബി.ഐ സമയം നീട്ടി ചോദിച്ചതിനെ തുടർന്ന് ഇരുപതിലധികം തവണയാണ് ലാവലിൻ കേസിലെ വാദം സുപ്രീംകോടതി മാറ്റിവച്ചത്. ഇതിനിടെ കേസ് പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിനും മാറ്റമുണ്ടായി. നിലവിൽ ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Also Read
ആഴക്കടൽ മത്സ്യബന്ധന കരാർ; കെ.എസ്.ഐ.ഡി.സി എം.ഡി ഒപ്പുവച്ചത് സർക്കാരിന്റെ പൂർണ അനുമതിയോടെ
ഈ കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് വേണ്ട രേഖകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും ഇതിനായി കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്ന് സിബിഐ ആവശ്യപ്പെടുകയായിരുന്നു. ശക്തമായ വാദവുമായി സിബിഐ വന്നാല്‍ മാത്രമേ ഹര്‍ജി നിലനില്‍ക്കൂവെന്ന് ജസ്റ്റിസ് യു.യു.ലളിത് നേരത്തെ സിബിഐയോട് വ്യക്തമാക്കിയിരുന്നു.
കേരളത്തില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ലാവലിൻ കേസ് വീണ്ടും സജീവമാകുന്നത് രാഷ്ട്രീയ രംഗത്തും ചൂടുപിച്ച ചർച്ചകൾക്കു വഴിവയ്ക്കും.
പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജിയും പ്രതിപ്പട്ടികയിലുള്ള കസ്തൂരിരംഗ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയും ഉൾപ്പെടെ എല്ലാ ഹര്‍ജികളും ഒരുമിച്ചാവും സുപ്രീംകോടതി പരിഗണിക്കുക.
കേസ് അന്തമായി നീട്ടി വയ്ക്കുന്നതിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുമായി മുഖ്യമന്ത്രി പിണറായി വിജയനുണ്ടാക്കിയ ധാരണയെ തുടർന്നാണ് സി.ബി.ഐ ഒളിച്ചുകളിക്കുന്നതെന്നായിരുന്നു ആരോപണം.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് പുറമെ എ.എസ്.ജി കെ.എം നടരാജും എസ്.വി രാജുവും കേസില്‍ സി.ബി.ഐക്കു വേണ്ടി ഹാജരാകും. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് അറാമത്തെ കേസായാണ് നാളെ ലാവലിൻ ഹർജികൾ പരിഗണിക്കുന്നത്. ബെഞ്ചില്‍ ജസ്റ്റിസുമാരായ കെ.എം ജോസഫ്, ഇന്ദിര ബാനര്‍ജി എന്നിവരെ പുതുതായി കഴിഞ്ഞ ദിവസം ഉള്‍പ്പെടുത്തിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, കെ.മോഹന ചന്ദ്രൻ, എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും ഹൈക്കോടതി വിധി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി പ്രതിപട്ടികയിൽ തുടരുന്ന കസ്തൂരിരങ്കഅയ്യര്‍ ഉൾപ്പടെ മൂന്ന് ഉദ്യോഗസ്ഥരും സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
തെളിവുകൾ വിശദമായി പരിശോധിക്കാതെയാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയെന്നാണ് സി.ബി.ഐ വാദിക്കുന്നത്.
2017 മുതല്‍ ജസ്റ്റിസ് രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിച്ച ഹര്‍ജികളാണിതെന്ന് നേരത്തെ ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഹര്‍ജികള്‍ ജസ്റ്റിസ് രമണ തന്നെ കേൾക്കെട്ടയെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ ജസ്റ്റിസ് ലളിതിന്റെ ബഞ്ച് തന്നെ കേള്‍ക്കണമെന്ന് പിന്നീട് ജസ്റ്റിസ് രമണ അഭിപ്രായപ്പെട്ടു. ഇതേത്തുടർന്നാണ് ഹര്‍ജികൾ വീണ്ടും ലളിതിന്റെ ബഞ്ചിലേക്കെത്തിയത്.
Published by:
Aneesh Anirudhan
First published:
February 22, 2021, 2:13 PM IST