കേന്ദ്രസര്‍ക്കാര്‍ സഹകരണ മന്ത്രാലയം രൂപീകരിച്ചത് അംഗീകരിക്കാനാവില്ല; ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിര്; ഉമ്മന്‍ ചാണ്ടി

Last Updated:

നല്ല ഉദ്ദേശത്തോടുകൂടി അല്ല കേന്ദ്രസർക്കാർ ഇപ്പോൾ ഈ തീരുമാനത്തിൽ എത്തിയിരിക്കുന്നത്  എന്നും ഉമ്മൻചാണ്ടി  ആരോപിച്ചു.

Oommen Chandy
Oommen Chandy
കോട്ടയം: രണ്ടാം  മോദി സർക്കാരിൽ കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ പുനസംഘടനയിൽ ആണ്  സഹകരണ വകുപ്പ് രൂപീകരിച്ചുകൊണ്ട് കേന്ദ്ര സർക്കാർ തീരുമാനം എടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ സഹകരണ വകുപ്പ് ചുമതല ഏറ്റെടുക്കുകയും ചെയ്തു. ഈ നടപടിക്കെതിരെയാണ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ ഉമ്മൻചാണ്ടി രംഗത്തുവന്നത്. കേന്ദ്ര സർക്കാർ തീരുമാനത്തെ കടുത്ത ഭാഷയിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിമർശിച്ചത്.
ഒരു കാരണവശാലും കേന്ദ്ര സർക്കാർ എടുത്ത ഈ തീരുമാനത്തെ അംഗീകരിക്കാനാവില്ല എന്ന് ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ പറഞ്ഞു.  ഇന്ത്യ ഒരു ഫെഡറൽ സംവിധാനത്തിൽ ആണ് പ്രവർത്തിച്ചു വരുന്നത്. ഭരണഘടന രൂപീകരണ സമയത്ത് തന്നെ ഭരണഘടനാ ശില്പിയായ ഡോക്ടർ അംബേദ്കർ, ജവഹർലാൽ നെഹ്റു,  സർദാർ വല്ലഭായി പട്ടേൽ എന്നിവർ ചേർന്ന് ഇക്കാര്യത്തിൽ ചർച്ചകൾ നടത്തിയിരുന്നു. ഫെഡറൽ സംവിധാനമായി നിലനിർത്താനുള്ള തീരുമാനം ഈ ചർച്ചയിലാണ് ഉരുത്തിരിഞ്ഞത്.
കേന്ദ്ര സർക്കാർ കൈവശം വെക്കേണ്ട വകുപ്പുകളും സംസ്ഥാനത്തിന്റെ പരിധിയിൽ പൂർണമായും വരുന്ന വകുപ്പുകളും അന്നുതന്നെ പട്ടികയാക്കി തീരുമാനിച്ചിരുന്നു. ഇതിൽ സഹകരണ വകുപ്പ് സംസ്ഥാന പരിധിയിലാണ് വരുന്നതെന്ന് ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ അധികാരത്തിനു മേലുള്ള കടന്നുകയറ്റമാണ് അതുകൊണ്ടുതന്നെ ഇപ്പോൾ കേന്ദ്രം നടത്തിയിരിക്കുന്നത് എന്നും ഉമ്മൻചാണ്ടി ആരോപിച്ചു. നല്ല ഉദ്ദേശത്തോടുകൂടി അല്ല കേന്ദ്രസർക്കാർ ഇപ്പോൾ ഈ തീരുമാനത്തിൽ എത്തിയിരിക്കുന്നത്  എന്നും ഉമ്മൻചാണ്ടി  ആരോപിച്ചു.
advertisement
നല്ല ഉദ്ദേശം ആയിരുന്നു എങ്കിൽ എല്ലാ സംസ്ഥാനങ്ങളുമായി ചർച്ച നടത്തി വേണമായിരുന്നു ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കേണ്ടത് എന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സർക്കാർ തീരുമാനത്തെ കോൺഗ്രസ് ശക്തമായി എതിർക്കുന്നതായി ഉമ്മൻചാണ്ടി പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധം സംസ്ഥാനം ഉയർത്തണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.  സംസ്ഥാന സഹകരണ മന്ത്രി വി എൻ വാസവനും കേന്ദ്ര സർക്കാർ തീരുമാനത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ചുകൊണ്ട് കഴിഞ്ഞദിവസം രംഗത്ത് എത്തിയിരുന്നു.
advertisement
ഇക്കാര്യത്തിൽ സർവ്വകക്ഷിയോഗം വിളിച്ച് ചർച്ച നടത്തുമെന്നും വി എൻ വാസവൻ പറഞ്ഞിരുന്നു. എല്ലാ പാർട്ടികളുടെയും അഭിപ്രായം അറിഞ്ഞശേഷം യോജിച്ചുള്ള പ്രക്ഷോഭത്തിനാണ് സംസ്ഥാന സർക്കാർ നീക്കം നടത്തുന്നത്. അമിത്ഷാ തന്നെ സഹകരണവകുപ്പ് ചുമതല ഏറ്റെടുത്തതും ഗൗരവത്തോടെയാണ് സംസ്ഥാനത്തെ ഇടതു വലതു മുന്നണികൾ കാണുന്നത്. സഹകരണ ബാങ്കുകൾക്കെതിരെ കള്ളപ്പണം ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരത്തെതന്നെ ബിജെപി നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടി വിഷയത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്.
advertisement
കേന്ദ്ര സർക്കാർ തീരുമാനത്തെ സംസ്ഥാനത്തെ ബിജെപി നേതൃത്വം വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇത്തരം ബാങ്കുകൾക്ക് മേൽ കേന്ദ്ര ത്തിന്റെ പിടി ഉണ്ടാകും എന്നാണ് ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ഏതായാലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ നേരിട്ടുള്ള ഒരു ഏറ്റുമുട്ടൽ ഈ വിഷയത്തിലും ഉണ്ടാകുമെന്ന് ഉറപ്പാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേന്ദ്രസര്‍ക്കാര്‍ സഹകരണ മന്ത്രാലയം രൂപീകരിച്ചത് അംഗീകരിക്കാനാവില്ല; ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിര്; ഉമ്മന്‍ ചാണ്ടി
Next Article
advertisement
‘സോണിയാ ഗാന്ധിയുടെയും ലാലു പ്രസാദിന്റെയും മക്കൾക്ക് പ്രധാനമന്ത്രി-മുഖ്യമന്ത്രി സ്ഥാനങ്ങളിലേക്ക് ഒഴിവില്ല’: അമിത് ഷാ
‘സോണിയാ ഗാന്ധിയുടെയും ലാലു പ്രസാദിന്റെയും മക്കൾക്ക് പ്രധാനമന്ത്രി-മുഖ്യമന്ത്രി സ്ഥാനങ്ങളിലേക്ക് ഒഴിവില്ല’: അമിത് ഷാ
  • അമിത് ഷാ, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ മത്സരിക്കും.

  • ബിഹാറിൽ 11 വർഷത്തിനുള്ളിൽ 8.52 കോടി ആളുകൾക്ക് 5 കിലോ സൗജന്യ ഭക്ഷ്യധാന്യം ലഭിച്ചു.

  • ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 6, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി നടക്കും.

View All
advertisement