Zika Virus|സ്വകാര്യ ആശുപത്രിയിലെ 14 ആരോഗ്യപ്രവർത്തകർക്ക് കൂടി സിക്ക വൈറസ് ബാധ
- Published by:Naveen
- news18-malayalam
Last Updated:
മൂന്ന് മാസം മുൻപെ പലരിലും രോഗലക്ഷണങ്ങൾ കണ്ടിരുന്നെന്ന് ഡിഎം.ഒ. ഗർഭിണികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് നിർദേശം.
തിരുവനന്തപുരം: തിരുവനന്തപുരത്ത് 14 പേർക്കു കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കാണ് വൈറസ് ബാധ പുതുതായി സ്ഥിരീകരിച്ചത്.എല്ലാ ജില്ലകള്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശം നൽകി. ഗര്‍ഭിണികള്‍ കൂടുതല്‍ കരുതലെടുക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.
പാറശാലയിൽ നിന്ന് ചികിത്സയ്ക്കെത്തിയ ഗർഭിണിയായ യുവതിയ്ക്ക് സിക്ക സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കൂടുതൽ സാമ്പിൾ പരിശോധിച്ചത്. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരായ 19 പേരുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചതില്‍ 14 പേര്‍ പോസിറ്റീവെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് തന്നെ താമസിക്കുന്നവരാണ് എല്ലാവരും. പനി ബാധിച്ച് ചികില്‍സ തേടിയവര്‍ക്ക് ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ ലക്ഷണങ്ങളുണ്ടായിരുന്നു.രോഗം സ്ഥിരീകരിച്ച 15 പേരുടെയും ആരോഗ്യാവസ്ഥ തൃപ്തികരമാണ്. ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ച ഗർഭിണിയായിരുന്ന സ്ത്രീയെ പ്രസവ ശേഷം ഡിസ്ചാർജ് ചെയ്തു. രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഗർഭിണികൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
advertisement
മൂന്ന് മാസം മുൻപ് തന്നെ സമാന രോഗലക്ഷണങ്ങൾ പലരിലും കാണിച്ചിരുന്നു. കണ്ടെത്താൻ വൈകിയതാകാം എന്നാണ് നിഗമനം. രോഗലക്ഷണങ്ങൾ സംശയിക്കുന്ന എല്ലാ ഗർഭിണികളെയും പരിശോധിക്കും. വൈറസ് ബാധയുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള കിറ്റുകൾ സംസ്ഥാനത്ത് എത്തിയിട്ടുണ്ട് അതിനാൽ വേഗത്തിൽ ഫലം ലഭിക്കുമെന്നും തിരുവനന്തപുരം ഡിഎംഒ ഡോ കെ എസ് ഷിനു പറഞ്ഞു.
ഗര്‍ഭിണികളില്‍ സിക്ക ബാധിച്ചാല്‍ നേരത്തെയുള്ള പ്രസവത്തിനും കുട്ടികൾക്ക് നാഡീസംബന്ധമായ തകരാറുകൾക്കും സാധ്യതയുണ്ട്. കൊതുക് വഴി അല്ലാതെ രക്തദാനം, ലൈംഗിക ബന്ധം എന്നിവ വഴിയും പകരാം. 1947ല്‍ ഉഗാണ്ടയിലെ സിക്ക വനാന്തരങ്ങളിലെ കുരങ്ങുകളിലാണ് വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞത്. 2015ല്‍ ബ്രസീലില്‍ പടര്‍ന്ന രോഗം തൊട്ടടുത്ത വര്‍ഷം നടന്ന റിയോ ഒളിംപിക്സിനു ഭീഷണിയായതോടെയാണ് ലോക ശ്രദ്ധയില്‍ വരുന്നത്. 2017ലാണ് ഇന്ത്യയിൽ ആദ്യമായി അഹമ്മദാബാദിലാണ് വൈറസ് ബാധ ആദ്യമായി സ്ഥിരീകരിച്ചത്.
advertisement
കുരങ്ങുകളിൽ കണ്ടു വരുന്ന സിക വൈറസ് കൊതുകളിലൂടെയാണ് മനുഷ്യനിലേക്ക് പടരുന്നത്. പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സാധാരണയായി രണ്ട് മുതൽ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും. മൂന്ന് മുതല്‍ 14 ദിവസമാണ് സിക വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ്. സിക വൈറസ് അണുബാധയുള്ള മിക്ക ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണാറില്ല. മരണങ്ങള്‍ അപൂര്‍വമാണ്.
advertisement
നിലവില്‍ സിക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിത്സിക്കാനോയുള്ള മരുന്ന് ലഭ്യമല്ല. അനുബന്ധ ചികിത്സയാണ് നടത്തുന്നത്. രോഗ ലക്ഷണങ്ങളുള്ളവര്‍ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗ ലക്ഷണങ്ങള്‍ കൂടുന്നെങ്കില്‍ ചികിത്സ തേടേണ്ടതാണ്. സിക ബാധിത പ്രദേശത്തുള്ള ലക്ഷണമുള്ള ഗര്‍ഭിണികള്‍ പരിശോധനയും ചികിത്സയും തേടേണ്ടതാണ്.
കൊതുകു കടിയില്‍ നിന്നും രക്ഷനേടുകയാണ് സികയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. പകല്‍ സമയത്തും വൈകുന്നേരവും കൊതുക് കടിയില്‍ നിന്ന് സംരക്ഷണം നേടുക എന്നത് വളരെ പ്രധാനമാണ്. ഗര്‍ഭിണികള്‍, ഗര്‍ഭത്തിനായി തയ്യാറെടുക്കുന്ന സ്ത്രീകള്‍, കൊച്ചുകുട്ടികള്‍ എന്നിവര്‍ കൊതുക് കടിയേല്‍ക്കാതെ ശ്രദ്ധിക്കണം. കൊതുകു കടിയില്‍ നിന്നും വ്യക്തിഗത സംരക്ഷണം നേടണം. ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കണം. കൊച്ചുകുട്ടികളും ഗര്‍ഭിണികളും പകല്‍ സമയത്തോ വൈകുന്നേരമോ ഉറങ്ങുകയാണെങ്കില്‍ കൊതുക് വലയ്ക്ക് കീഴില്‍ ഉറങ്ങണം. കൊതുകിന്റെ ഉറവിട നശീകരണം പ്രധാനമാണ്. വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കേണ്ടതാണ്. ഇന്‍ഡോര്‍ പ്ലാന്റുകള്‍, ഫ്രിഡ്ജിന്റെ ട്രേ എന്നിവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കാണം
advertisement
എന്‍.സി.ഡി.സി. ഡല്‍ഹി, എന്‍.ഐ.വി. പൂന എന്നിവിടങ്ങളിലാണ് സിക വൈറസ് സ്ഥിരീകരിക്കാനുള്ള സംവിധാനമുള്ളത്. ആര്‍ടിപിസിആര്‍ ടെസ്റ്റാണ് സാധാരണയായി നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 09, 2021 1:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Zika Virus|സ്വകാര്യ ആശുപത്രിയിലെ 14 ആരോഗ്യപ്രവർത്തകർക്ക് കൂടി സിക്ക വൈറസ് ബാധ