തോമസ് ചാഴിക്കാടൻ: ഒരു ഇടിമിന്നലിൽ പിറന്ന നേതാവ്

Last Updated:

സഹോദരൻ ബാബു ചാഴിക്കാടന്റെ അകാല നിര്യാണത്തെ തുടർന്ന് മാറ്റിവച്ച തെരഞ്ഞെടുപ്പ് തോമസ് ചാഴിക്കാടന്റെ ജീവിതരേഖ മാറ്റിവരച്ചു

രാഷ്ട്രീയത്തിൽ വരുന്നതിന് മുൻപ് തിരക്കുള്ള ചാർട്ടേഡ് അക്കൗണ്ടന്റായിരുന്നു തോമസ് ചാഴിക്കാടൻ. രാഷ്ട്രീയത്തിൽ തീരെ താൽപര്യമുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, രാഷ്ട്രീയക്കാരായ സഹോദരൻമാരുടെ ഭാവിയെ ഓർത്ത് തോമസ് ചാഴിക്കാടൻ പലപ്പോഴും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ സഹോദരൻ ബാബു ചാഴിക്കാടന്റെ പെട്ടെന്നുള്ള മരണം അദ്ദേഹത്തിന്റെ ഭാവി തന്നെ മാറ്റി മറിച്ചു.  പകരക്കാരനായി  ഏറ്റുമാനൂരിൽ മത്സരിച്ച തോമസ് ചാഴിക്കാടൻ തുടർച്ചയായി നാലുതവണ നിയമസഭയിലെത്തി.
1991 മേയ് 15നായിരുന്നു തോമസ് ചാഴിക്കാടന്റെ ജീവിതരേഖ മാറ്റിവരച്ച ആ ദിനം. ഏറ്റുമാനൂര്‍  ലോക്സഭാ മണ്ഡലത്തിലെ കേരള കോൺഗ്രസ് എം സ്ഥാനാർഥി ബാബു ചാഴിക്കാടൻ, അന്ന് കോട്ടയം എംപിയായിരുന്ന രമേശ് ചെന്നിത്തലയുമൊത്ത് പ്രചരണ പരിപാടിയുടെ ഭാഗമായി ആര്‍പ്പൂക്കര വാരിമുട്ടത്തെ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാന്‍ തുറന്ന ജീപ്പില്‍ സഞ്ചരിക്കുകയായിരുന്നു.  പെട്ടെന്നുണ്ടായ ഇടിമിന്നലില്‍ ബാബു ചാഴിക്കാടനു ഇടിമിന്നലേറ്റു.  ഒപ്പമുണ്ടായിരുന്ന രമേശ് ചെന്നിത്തല തെറിച്ചുവീണു. നേതാക്കളെ  കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും ബാബു ചാഴിക്കാടന്‍ ലോകത്തോട് വിടപറഞ്ഞിരുന്നു.
advertisement
മാറ്റിവച്ചശേഷം നടന്ന തെരഞ്ഞെടുപ്പില്‍ പകരക്കാരനായി തോമസ് ചാഴിക്കാടൻ സ്ഥാനാര്‍ഥിയായി. അങ്ങനെ രാഷ്ട്രീയത്തിൽ താൽപര്യമില്ലാതിരുന്ന അദ്ദേഹം, മുഴുവൻ സമയ രാഷ്ട്രീയക്കാരനായി മാറി.
1991 ഉപതെരഞ്ഞെടുപ്പില്‍ വൈക്കം വിശ്വനെ 889 വോട്ടുകള്‍ക്കാണ് തോമസ് ചാഴിക്കാടൻ പരാജയപ്പെടുത്തിയത്. 1996ൽ വൈക്കം വിശ്വന്‍ (ഭൂരിപക്ഷം-13873), 2001ൽ തമ്പി പൊടിപാറ (ഭൂരിപക്ഷം-20144), 2006ൽ കെ എസ് കൃഷ്ണന്‍കുട്ടി നായര്‍ (ഭൂരിപക്ഷം-4950) എന്നിവരെ പരാജയപ്പെടുത്തി. മണ്ഡല പുനഃര്‍നിര്‍ണയത്തിനുശേഷം നടന്ന 2011 തെരഞ്ഞെടുപ്പില്‍ ഇടതുഭൂരിപക്ഷ മേഖലയായ കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകള്‍ മണ്ഡലത്തോടു കൂട്ടിച്ചേര്‍ക്കപ്പെടുകയും കുമാരനെല്ലൂര്‍ പഞ്ചായത്ത് അടര്‍ത്തിമാറ്റപ്പെടുകയും ചെയ്തു. ഇതിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ സുരേഷ് കുറുപ്പിനോടു 1801 വോട്ടുകള്‍ക്കു പരാജയപ്പെട്ടു.
advertisement
ചാഴിക്കാട്ട്  തൊമ്മന്‍ സിറിയക്ക് -ഏലിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായി ജനനം. അരീക്കര സെന്റ് റോക്കീസ്, വെളിയന്നൂര്‍ വന്ദേമാതരം, ഉഴവൂര്‍ ഒ.എല്‍.എല്‍. എന്നിവിടങ്ങളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസവും ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ്, കുറവിലങ്ങാട് ദേവമാതാ എന്നിവിടങ്ങളില്‍ നിന്നും കോളേജ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. ബി.കോം പാസ്സായ ശേഷം സി.എ.യ്ക്ക് ചേര്‍ന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ശേഷം ന്യൂ ബാങ്ക് ഓഫ് ഇന്ത്യയില്‍ (പഞ്ചാബ് നാഷണല്‍ ബാങ്ക്) ഓഫീസറായി ഡല്‍ഹിയില്‍ നിയമിതനായി. 1981ല്‍ ന്യൂ ബാങ്ക് ഓഫ് ഇന്ത്യയുടെ കോട്ടയം ബ്രാഞ്ച് മാനേജരായി. തിരുവനന്തപുരം ശാഖയില്‍ മാനേജരായി പ്രവര്‍ത്തിക്കുന്ന അവസരത്തിലാണ് 1991ല്‍ സഹോദരന്‍ ബാബു ചാഴിക്കാടന്റെ അകാല നിര്യാണത്തെത്തുടര്‍ന്ന് ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് കേരളാ കോണ്‍ഗസ് (എം) സ്ഥാനാര്‍ത്ഥിയായത്.
advertisement
എംഎല്‍എ ആയിരുന്ന കാലഘട്ടത്തില്‍, നിയമസഭയുടെ പെറ്റീഷന്‍സ് കമ്മിറ്റി, കമ്മിറ്റി ഓണ്‍ പേപ്പേഴ്‌സ് ലെയ്ഡ് ഓണ്‍ ടേബിള്‍ എന്നീ നിയമസഭാ കമ്മിറ്റികളുടെ ചെയര്‍മാനായി. പബ്ലിക്‌സ് അക്കൗണ്ട്‌സ് കമ്മിറ്റി, കൃഷിയും ജലസേചനവും വൈദ്യുതിയും സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി, ലോക്കല്‍ ഫണ്ട് ഓഡിറ്റ് കമ്മിറ്റി, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണബില്‍ സംബന്ധിച്ച സെലക്ട് കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ സഭയില്‍ ഇല്ലാത്ത അവസരത്തില്‍ നിയമസഭയില്‍ അദ്ധ്യക്ഷസ്ഥാനത്തിരിക്കേണ്ട മൂന്നുപേരുടെ പാനല്‍ ഓഫ് ചെയര്‍മാന്മാരില്‍ ഒരാളായി രണ്ടു പ്രാവശ്യം സ്പീക്കര്‍ നോമിനേറ്റ് ചെയ്തു.
advertisement
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, കേരള കാര്‍ഷിക സര്‍വ്വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഇടതുസര്‍ക്കാരിന്റെ വിദ്യാഭ്യാസനയത്തിനെതിരെ സമരം ചെയ്തതിന് ഉമ്മന്‍ ചാണ്ടിക്കും യുഡിഎഫ് നേതാക്കൾക്കുമൊപ്പം എന്നിവരോടൊപ്പം ഒരാഴ്ചക്കാലം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ജയില്‍വാസം അനുഭവിച്ചു. കോട്ടയം ജില്ലാ സഹകരണ ആശുപത്രി സംഘം പ്രസിഡന്റായിരുന്നു.
ബാബു ചാഴിക്കാടന്‍ ഫൗണ്ടേഷന്റെ വൈസ് ചെയര്‍മാനാണ്. ഏറ്റുമാനൂര്‍ വേദഗിരിയില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ഇ. ലിമിറ്റഡ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് (കെ.റ്റി.യു.സി.) പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. കേരളാ ഷോപ്പ്‌സ് ആന്റ് കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലീഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ഫണ്ട് ബോര്‍ഡ് ചെയര്‍മാനായി 2012 ജനുവരിയില്‍ കേരള സര്‍ക്കാര്‍ നിയമിച്ചു. കേരള കോണ്‍ഗ്രസ്-എം. സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ഇദ്ദേഹം ഇപ്പോള്‍ കേരളകോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി അംഗമാണ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തോമസ് ചാഴിക്കാടൻ: ഒരു ഇടിമിന്നലിൽ പിറന്ന നേതാവ്
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement