• HOME
 • »
 • NEWS
 • »
 • kerala
 • »
 • ചരിത്രവിധി: നടന്നുകയറാൻ 96 ദിവസം

ചരിത്രവിധി: നടന്നുകയറാൻ 96 ദിവസം

 • Last Updated :
 • Share this:
  എല്ലാപ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിവന്നത് സെപ്തംബർ 28നാണ്. ഇതിനുശേഷം ഒക്ടോബർ 17ന് തുലാമാസ പൂജകൾക്കായി അഞ്ചുദിവസത്തേക്ക് നട തുറന്നപ്പോഴും ചിത്തിര ആട്ടവിശേഷത്തിനായി നവംബർ അഞ്ചിന് നട തുറന്നപ്പോഴും ഏറ്റവും ഒടുവിൽ മണ്ഡലകാലത്തും പത്തിനും 50നും ഇടയ്ക്ക് പ്രായമുള്ള നിരവധി സ്ത്രീകൾ ഒറ്റക്കും കൂട്ടായും മലകയറാനെത്തി. 10നും 50നും ഇടയിൽ പ്രായമുള്ള ഏകദേശം 24 പേരാണ് ഈ സമയങ്ങളിൽ മലകയറാനെത്തിയത്. എല്ലാവർക്കും പ്രതിഷേധങ്ങളെ തുടർന്ന് മടങ്ങേണ്ടിവന്നു. പൊലീസിന്റെ പൂർണമായ സംരക്ഷണത്തോടെയും ആസൂത്രണത്തോടെയുമാണ് കോഴിക്കോട് എടക്കുളം സ്വദേശി ബിന്ദു അമ്മിണിക്കും മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കനകദുർഗക്കും മലചവിട്ടാനായത്.

  ഡിസംബർ 24: ദർശനത്തിനെത്തിയ കനകദുർഗയെയും ബിന്ദുവിനെയും പ്രതിഷേധത്തെ തുടർന്ന് പൊലീസ് നിർബന്ധിച്ച് മടക്കി കൊണ്ടുപോയി. പിന്നീട് ഏഴു ദിവസം രഹസ്യകേന്ദ്രത്തിൽ പൊലീസ് താമസിപ്പിക്കുകയായിരുന്നു. ഇതിനിടെ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഡിസംബർ 30ന് മലചവിട്ടാൻ ശ്രമിച്ചെങ്കിലും ഭക്തരുടെ തിരക്ക് വർധിച്ചതിനാൽ ആ നീക്കം ഉപേക്ഷിച്ചു. 31ന് കയറാനുള്ള നീക്കവും പൊലീസ് അനുവദിച്ചില്ല. വനിതാ മതിൽ നടക്കുന്ന സാഹചര്യത്തിൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

  ജനുവരി ഒന്ന് 2019: രാത്രിതന്നെ ഇരുവരെയും പമ്പയിലെത്തിക്കാനായിരുന്നു ശ്രമം.

  രാത്രി 10.30: കനകദുർഗയും ബിന്ദുവും വടശേരിക്കര കഴിഞ്ഞു പമ്പയിലേക്ക് വരികയാണെന്ന് വയർലെസ് സന്ദേശം പമ്പ പൊലീസ് സ്റ്റേഷനിൽ എത്തി. ആറു പേർ കൂടെയുണ്ടെന്നുമായിരുന്നു സന്ദേശം.

  ജനുവരി രണ്ട്:
  പുലർച്ചെ 2.45: ബിന്ദുവും കനകദുർഗയും പമ്പയിൽ എത്തി.

  1.30: ഒന്നരയോടെ മഫ്തിയിലുള്ള പൊലീസിന്റെ അകമ്പടിയിൽ കറുത്ത വസ്ത്രം ധരിച്ച്, ഇരുമുടിക്കെട്ടില്ലാതെ, മുഖംമറച്ച് മലകയറി.

  3.30: ബിന്ദുവും കനകദുർഗയുംസന്നിധാനത്തെത്തി. പൊലീസ് സന്നിധാനത്തിനു സമീപം ബെയ്‌ലി പാലം വരെ ഇവരെ എത്തിച്ചു. സംശയം തോന്നാതിരിക്കാൻ കൈയിൽ ഡ്രിപ്പ് ഇട്ടാണു ഇരുത്തിയത്. ആറു പൊലീസുകാർ മഫ്തിയിൽ യുവതികളുടെ പിന്നാലെ നിശ്ചിത അകലം പാലിച്ചു നടന്നു. വഴിയിൽ സംശയം ഉന്നയിക്കുന്ന പൊലീസുകാരോടും ദേവസ്വം ഗാർഡിനോടും ‘ഐജിയുടെ ഗസ്റ്റ്’എന്നായിരുന്നു മറുപടി.

  3.48: ദേവസ്വം ജീവനക്കാർക്കുള്ള ഗേറ്റ് വഴി ഇരുവരെയും പൊലീസ് സോപാനത്ത് എത്തിച്ചു. തുടർന്ന് അരവണ വിതരണ കൗണ്ടറിനു സമീപത്തെ അടിപ്പാതയിലൂടെ ജീവനക്കാർക്കുള്ള ഗേറ്റ് വഴി സന്നിധാനത്തെത്തിച്ചു. സന്നിധാനത്തെ ബോംബ് സ്ക്വാഡിലെ ഉദ്യോഗസ്ഥരെ വരെ മാറ്റിയിരുന്നു. കൊടിമരച്ചുവട്ടിൽനിന്ന് ബലിക്കൽപ്പുര വാതിലൂടെ ഇവരെ കടത്തിവിട്ടു. ഇവർ ഓടിയെത്തിയപ്പോൾ അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ മാറിക്കൊടുത്തു.

  3.53: ബിന്ദുവും കനകദുർഗയും ശ്രീകോവിലിന് മുന്നിലെത്തി. ഗണിപതിഹോമം നടക്കുന്നതിനാൽ തന്ത്രി, മേൽശാന്തി, പരികർമികൾ, ദേവസ്വം ഉദ്യോഗസ്ഥർ എന്നിവരുടെ ശ്രദ്ധയിൽപെട്ടില്ല. അയ്യപ്പന്മാർ തിരിച്ചറിയും മുൻപേ പടിഞ്ഞാറേ നട വഴി ഇവരെ ഇറക്കി. ഗണപതി കോവിലിനു സമീപത്തെ പാലത്തിലൂടെ താഴെ ഇറക്കി. അവിടെ വച്ച് വീഡിയോ എടുത്തു. അതിനുശേഷം വിജയ ചിഹ്നവും കാട്ടി.

  രാവിലെ 7.30: യുവതികൾ ദർശനം നടത്തിയതായുള്ള വാർത്തകൾ പുറത്തുവന്നു. പിന്നാലെ ഇതിന്റെ ദൃശ്യങ്ങളും. സന്നിധാനത്ത് സുരക്ഷാച്ചുമതലയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആദ്യം ഇക്കാര്യം സ്ഥിരീകരിക്കാൻ തയാറായില്ല

  9.30: ആദ്യം പൊലീസ് യുവതീപ്രവേശനം സ്ഥിരീകരിക്കുന്നു.

  10.00: യുവതികൾ പൊലീസ് സംരക്ഷണയിൽ ദർശനം നടത്തിയതായി മുഖ്യമന്ത്രി സ്ഥിരീകരിച്ചു.

  10.15: സന്നിധാനത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസും ദേവസ്വം ബോർഡ് അധികൃതരും തയാറായി. പരിശോധനയിൽ ദൃശ്യങ്ങൾ കണ്ടതോടെ തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി വി.എൻ വാസുദേവൻ നമ്പൂതിരിയും തുടർകാര്യങ്ങൾ ചർച്ചചെയ്തു.

  10.30: യുവതീപ്രവേശനം ആചാരലംഘനമായി കണക്കാക്കി നട അടച്ചു. പതിനെട്ടാംപടി കയറാൻനിന്ന ഭക്തരെയും സോപാനത്ത് ദർശനത്തിന് കാത്തുനിന്നവരെയും പൊലീസ് മാറ്റി.

  11.00: നടയടയ്ക്കാൻ നിർദേശിച്ച തന്ത്രിയുടെ നടപടിക്കെതിരേ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇടതുമുന്നണി നേതാക്കളും രംഗത്തെത്തി. നടയടയ്ക്കാനുള്ള അധികാരം തന്ത്രിക്കില്ലെന്ന് കടകംപള്ളിയും സുപ്രീംകോടതിവിധിയുടെ ലംഘനമാണിതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കുറ്റപ്പെടുത്തി.

  11.25: ഒരുമണിക്കൂർ നീണ്ട ശുദ്ധിക്രിയകൾക്കുശേഷം നട തുറന്ന് വീണ്ടും ദർശനം അനുവദിച്ചു

  ശബരിമലയിലെ യുവതീപ്രവേശനം സ്ഥിരീകരിച്ചതോടെ സംസ്ഥാനവ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്നു

  12.00: തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ ബി.ജെ.പി.-യുവമോർച്ച പ്രവർത്തകർ സി.പി.എം. അനുഭാവികളുമായി ഏറ്റുമുട്ടി. നാലുമണിക്കൂറോളം സെക്രട്ടേറിയറ്റിന് മുൻവശം സംഘർഷഭൂമിയായി. കണ്ണീർവാതകവും ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചാണ് പൊലീസ് ഇരുകൂട്ടരെയും പിന്തിരിപ്പിച്ചത്.

  • വൈകിട്ടോടെ ശബരിമല കര്‍മസമിതി പന്തളത്ത് നടത്തിയ പ്രതിഷേധത്തിനിടെ കല്ലേറില്‍ പരിക്കേറ്റ കുരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ (55) രാത്രിയോടെ മരിച്ചു. സിപിഎമ്മുകാരാണ് കല്ലെറിഞ്ഞതെന്നാണ് ആരോപണം.

  • വ്യാപക അക്രമങ്ങളിൽ പൊലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. കടകളും ബസുകളും ആക്രമിച്ചു. ശബരിമല കർമസമിതി, ബി.ജെ.പി., വിശ്വഹിന്ദു പരിഷത്ത് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

  • കൊല്ലം കരുനാഗപ്പള്ളിയിൽ പൊലീസ് ജീപ്പ് പ്രതിഷേധക്കാർ തകർത്തു. അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. ഒരാളുടെ കൈ ഒടിയുകയും തലയ്ക്ക് മുറിവേൽക്കുകയും ചെയ്തു. കടകൾ ബലമായി അടപ്പിച്ചു. ചില്ലുകൾ എറിഞ്ഞുടച്ചു.

  • ശബരിമല ദർശനം നടത്തിയ യുവതികൾ വാഹനത്തിൽ വരുന്നുണ്ടെന്ന പ്രചാരണത്തെത്തുടർന്ന് തൃശ്ശൂർ പാലിയേക്കര ടോൾബൂത്തിൽ ഒന്നരമണിക്കൂർ കർമസമിതി പ്രവർത്തകർ വാഹനങ്ങൾ പരിശോധിച്ചു.

  • കൊടുങ്ങല്ലൂരിൽ രാവിലെ 11നുശേഷം ഹർത്താൽ. വടക്കാഞ്ചേരിയിൽ സി.പി.എം. ഏരിയാകമ്മിറ്റി ഓഫീസിനുനേരെ കല്ലേറുണ്ടായി.

  • ഉച്ചയോടെ മന്ത്രിമാർക്കുനേരെ പ്രതിഷേധം. ഗുരുവായൂരിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ യുവമോർച്ച സംഘം കരിങ്കൊടികാട്ടി തടഞ്ഞു. പാലക്കാട്ട് മന്ത്രി എ.കെ. ബാലൻ താമസിച്ചിരുന്ന കെ.എസ്.ഇ.ബി. യുടെ ഇൻസ്പെക്ഷൻ ബംഗ്ലാവിനുനേരെ ആക്രമണം. കണ്ണൂർ ഇരിട്ടിയിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടാൻ ശ്രമിച്ചു.


  വൈകിട്ട് 3.00: ശബരിമല കർമസമിതി വ്യാഴാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തു.

  4.00: വൈകിട്ടോടെ ഹർത്താലിന് ബി.ജെ.പി. പിന്തുണ പ്രഖ്യാപിച്ചു. പ്രതിഷേധവും ഹർത്താൽ ആചരണവും സമാധാനപരമായിരിക്കണമെന്നും ബി.ജെ.പി. സംസ്ഥാനകമ്മിറ്റി അഭ്യർഥിച്ചു. വ്യാഴാഴ്ച കരിദിനമാചരിക്കാൻ യു.ഡി.എഫും തീരുമാനിച്ചു.

  First published: