മൃതദേഹത്തിനായി തർക്കം; ടിഎൻ ജോയിയുടെ അന്ത്യയാത്രയും സംഘർഷഭരിതമായി
Last Updated:
തൃശൂർ: അടുത്തിടെ ഇസ്ലാം മതം സ്വീകരിച്ച ആദ്യകാല നക്സലൈറ്റ് നേതാവ് ടി.എൻ ജോയിയുടെ(നജ്മൽ ബാബു) മരണാനന്തര ചടങ്ങ് സംഘർഷഭരിതമായി. മതാചാര പ്രകാരം ചേരമാൻ ജുമാ മസ്ജിദ് ഖബർസ്താനിൽ സംസ്ക്കരിക്കണമെന്ന ജോയിയുടെ ആഗ്രഹപ്രകാരം ചടങ്ങ് നടത്തണമെന്ന ആവശ്യവുമായി സുഹൃത്തുക്കൾ രംഗത്തെത്തിയതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. ജീവിതത്തിൽ ഉടനീളം നടത്തിയ പോരാട്ടത്തിന്‍റെ ബാക്കിപത്രമായി അദ്ദേഹത്തിന്‍റെ അന്ത്യയാത്ര മാറി. ബന്ധുക്കളുടെ ആവശ്യപ്രകാരം വിട്ടുകൊടുത്ത മൃതദേഹം സംസ്ക്കരിക്കുന്നതിനായി തറവാട്ടുവീട്ടിലേക്ക് കൊണ്ടുപോയപ്പോൾ ജോയിയുടെ സുഹൃത്തുക്കളും മനുഷ്യാവകാശപ്രവർത്തകരും ആംബുലൻസിന് മുന്നിലേക്ക് എടുത്തുചാടി പ്രതിഷേധിച്ചു.
അഞ്ച് വർഷം മുമ്പാണ് ജോയി ഇസ്ലാം മതം സ്വീകരിച്ചത്. മരിക്കുമ്പോൾ ചേരമാൻ ജുമാമസ്ജിദ് ഖബർസ്താനിൽ സംസ്ക്കരിക്കണമെന്ന് അദ്ദേഹം എഴുതിവെക്കുകയും ചെയ്തു. എന്നാൽ സഹോദരൻ ഉൾപ്പടെയുള്ള ബന്ധുക്കൾ മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ശക്തമായ പ്രതിഷേധവുമായി ജോയിയുടെ സുഹൃത്തുക്കൾ രംഗത്തെത്തി. ഇതേത്തുടർന്ന് ആർ.ഡി.ഒ ഇടപെട്ട് 24 മണിക്കൂർ നേരത്തേക്ക് സംസ്ക്കാര ചടങ്ങുകൾ മാറ്റിവെക്കാൻ നിർദേശിച്ചു.
advertisement
മൃതദേഹം വിട്ടുനൽകണമെന്ന ആവശ്യവുമായി സഹോദരൻ ടി.എൻ പ്രേമചന്ദ്രൻ വീണ്ടും രംഗത്തെത്തി. ഇതോടെ ജില്ലാ കളക്ടറുമായി ആലോചിച്ചു പൊലീസ് മൃതദേഹം സഹോദരന് വിട്ടുനൽകുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ മേത്തലയിലെ തറവാട്ടുവീട്ടു വളപ്പിൽ മൃതദേഹം സംസ്ക്കരിക്കുകയും ചെയ്തു. മന്ത്രിമാർ ഉൾപ്പടെയുള്ള ജനപ്രതിനിധികളും നൂറുകണക്കിന് സുഹൃത്തുക്കളും ടി.എൻ ജോയിയ്ക്ക് ആദരാജ്ഞലി അർപ്പിക്കാൻ എത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 04, 2018 8:03 PM IST