തിരുവനന്തപുരം-എറണാകുളം പാതയിൽ ട്രെയിനുകളുടെ വേഗം കൂട്ടും; കൂടിയ വേഗം അടുത്തവർഷത്തോടെ 110 കിലോമീറ്ററാക്കുമെന്ന് റെയിൽവേ
- Published by:Anuraj GR
- news18-malayalam
Last Updated:
ട്രാക്കുകളിലെ ചെറു വളവുകൾ നിവർത്തുന്ന സെപ്‌റ്റംബറിൽ തുടങ്ങിയ ജോലികൾ അടുത്തവർഷം ഫെബ്രുവരിയോടെ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
കൊല്ലം: സംസ്ഥാനത്ത് ട്രെയിനുകളുടെ വേഗം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളുമായി റെയിൽവേ. അടുത്തവർഷത്തോടെ തിരുവനന്തപുരം-എറണാകുളം പാതയിൽ ഉയർന്ന വേഗം 110 കിലോമീറ്ററാക്കുമെന്ന് റെയിൽവെ വ്യക്തമാക്കി. ഇതിന് മുന്നോടിയായി ട്രാക്കുകളുടെ നവീകരണവും വളവുകൾ നിവർത്തുകയും ചെയ്യുന്ന പ്രവർത്തികൾ നടന്നുവരികയാണെന്ന് റെയിൽവേ അറിയിച്ചു. സെപ്‌റ്റംബറിൽ തുടങ്ങിയ ജോലികൾ അടുത്തവർഷം ഫെബ്രുവരിയോടെ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം-കായംകുളം, കായംകുളം-ആലപ്പുഴ-എറണാകുളം സൗത്ത്, എറണാകുളം സൗത്ത്-കോട്ടയം-കായംകുളം എന്നീ മൂന്നു സെക്ഷനിലെയും ട്രാക്കിലെ ചെറുവളവുകൾ നിവർത്തുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. 40 സെന്‍റിമീറ്റർ മുതൽ ഒരു മീറ്റർ വരെയുള്ള വളവുകളാണ് ഇപ്പോൾ നിവർത്തുന്നത്. നിലവിൽ മണിക്കൂറിൽ 90 കിലോമീറ്ററാണ് ഈ മൂന്ന് സെക്ഷനുകളിലെയും പരമാവധി വേഗം.
ഈ വളവുകൾ നിവർത്തുന്നതോടെ ട്രെയിനുകളുടെ ഉയർന്ന വേഗത 110 കിലോമീറ്ററാക്കാമെന്നാണ് റെയിൽവേ കണക്ക് കൂട്ടുന്നത്. ട്രാക്കിലെ വളവ് നിവർത്തുന്നതിന് പുറമെ സിഗ്‌നലുകളുടെ നവീകരണം, പാലങ്ങൾ ബലപ്പെടുത്തൽ, ട്രാക്ക് മെറ്റലിട്ട് ഉയർത്തൽ തുടങ്ങിയ പ്രവർത്തനങ്ങളും നടന്നുവരികയാണ്.
advertisement
സംസ്ഥാനത്ത് മാത്രമല്ല, ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള 1412 കിലോമീറ്റർ ദൈർഘ്യമുള്ള ട്രാക്കുകളിലും വേഗപരിധി 110 കിലോമീറ്ററാക്കി ഉയർത്തുന്നതിനുള്ള പ്രവർത്തികളാണ് നടന്നുവരുന്നത്. ഇതിൽ 187 കിലോമീറ്റർ ദൂരത്തിൽ നിർമാണപ്രവർത്തികൾ പൂർത്തിയാക്കി വേഗത 110 കിലോമീറ്ററാക്കിയിട്ടുണ്ട്. ശേഷിക്കുന്ന 1225 കിലോമീറ്റർ ദൂരം അടുത്തവർഷത്തോടെ മണിക്കൂറിൽ 110 കിലോമീറ്റർ എന്ന വേഗപരിധിയിലേക്ക് ഉയർത്തുമെന്നും റെയിൽവേ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
December 01, 2023 9:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം-എറണാകുളം പാതയിൽ ട്രെയിനുകളുടെ വേഗം കൂട്ടും; കൂടിയ വേഗം അടുത്തവർഷത്തോടെ 110 കിലോമീറ്ററാക്കുമെന്ന് റെയിൽവേ


